X

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു; രണ്ടാനച്ഛന് വധശിക്ഷ

പോക്സോ കേസിൽ അഞ്ചു വയസുകാരിക്ക് നീതി. കേസിലെ ഏക പ്രതിയും പെൺകുട്ടിയുടെ രണ്ടാനച്ഛനുമായ അലക്സ് പാണ്ഡ്യനു വധശിക്ഷ വിധിച്ചു പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി. 2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിലായിരുന്നു കൊലപാതകം. തമിഴ്നാട് സ്വദേശിയായ യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെയാണ് അലക്സ്പാണ്ട്യൻ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിൽ വച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ച കാര്യം അന്വേഷണത്തിലൂടെ കണ്ടെത്തി. പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം തെളിയിക്കാൻ പൊലീസിനു കഴിഞ്ഞില്ല.

ശരീരത്തിൽ കത്തികൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയിരുന്നു. 2021 ജൂലായ് അഞ്ചിനാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേല്‍പ്പിച്ചിരുന്നു.

പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് ജയകുമാർ ജോൺ ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം, പീഡനം, ക്രൂരമായ മർദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി കേൾക്കാൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും കോടതിയിൽ എത്തിയിരുന്നു. വിധിയിൽ സന്തോഷമെന്നു കുഞ്ഞിന്റെ അമ്മ ബിൻഷലാൽ പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമാകും ശിക്ഷ നടപ്പാക്കുക. പ്രതിക്ക് അപ്പീൽ പോകാനും അവസരം ഉണ്ടാകും.

 

webdesk14: