അബുദാബിയില്‍ ട്രാഫിക് സിഗ്‌നലിലെ റെഡ് ലൈറ്റ് മറികടന്ന് വാഹനം ഓടിച്ചാല്‍ 51,000 ദിര്‍ഹം ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ്. നിയമ ലംഘനത്തിന് കനത്ത പിഴയും വാഹനങ്ങള്‍ കണ്ടു കെട്ടലും ശിക്ഷയായി നല്‍കുമെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി.
2020ലെ 5-ാം നമ്പര്‍ ട്രാഫിക് നിയമമനുസരിച്ച്, ചുവന്ന ലൈറ്റ് മറികടക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. കൂടാതെ 1,000 ദിര്‍ഹം പിഴയും 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തും. വാഹനം 30 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വെക്കും. വാഹനം വിട്ടുനല്‍കാന്‍ ഡ്രൈവര്‍ 50,000 ദിര്‍ഹം നല്‍കേണ്ടി വരുമെന്നും അയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് 6 മാസത്തേക്ക് പിന്‍വലിക്കുമെന്നും പൊലീസ് വിശദീകരിച്ചു.
മൂന്ന് മാസത്തിനുള്ളില്‍ വിട്ടുകിട്ടാനുള്ള മുഴുവന്‍ പിഴയും അടയ്ക്കണം. അല്ലാത്തപക്ഷം വാഹനം വിട്ടുകൊടുക്കില്ല. ഫീസ് അടച്ചില്ലെങ്കില്‍ വാഹനം ലേലം ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.