റാശിദ് ഗസ്സാലി
വാക്കും നോക്കും പ്രവൃത്തിയും മെച്ചപ്പെടുത്താതെ പട്ടിണി കിടക്കുന്നത് കൊണ്ടെന്ത് പ്രയോജനം! അത്തരം വിശ്വാസികളുടെ വ്രതം ദൈവത്തിന് ഒരു ആവശ്യവുമില്ല! നോമ്പ് നിര്‍വഹിക്കേണ്ട അടിസ്ഥാന മാറ്റത്തെ അടിവരയിടുന്ന പ്രവാചക അധ്യാപനമാണിത്.
അത്താഴവും ഇഫ്താറും തമ്മിലുള്ള കേവല വിശപ്പിന്റെ ദൂരം മാത്രമായി റമസാന്‍ ചുരുങ്ങിപോകുന്നത് അപകടകരമാണ്. ഇതിലും മികച്ച ഒരു അവസരം സ്വയം നവീകരിക്കപ്പെടാനാഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് ലഭിക്കാനില്ല. വിശപ്പിലൂടെ വിവേകം കൈവരിക്കേണ്ട നാം, സമൃദ്ധിയുടെ ആഘോഷക്കാലമായി ഒരു മാസത്തെ ആചരിക്കുകവഴി യഥാര്‍ഥ ചൈതന്യത്തില്‍ നിന്നു വഴിതെറ്റുകയാണ്.
പതിനൊന്ന് മാസങ്ങളില്‍ നിന്ന് ഈ മാസത്തിന്റെ പ്രത്യേകത വിശപ്പും ഭക്ഷണക്രമത്തിലെ മാറ്റവും മാത്രമാകരുത്. മറിച്ച്, പൊയ്‌പോയ കാലങ്ങളില്‍ അടിഞ്ഞു കൂടിയ ദുശ്ലീലങ്ങളെയും ദുര്‍വിചാരങ്ങളെയും പിഴുതെറിഞ്ഞ് നല്ല മനുഷ്യനാവുക എന്ന ഉദാത്തമായ സ്വപ്‌നമാണ് ഈ പവിത്ര മാസം പകര്‍ന്ന്‌നല്‍കേണ്ടത്.
സ്വഭാവം മെച്ചപ്പെടുത്തി മാന്യതയും ധാര്‍മികതയുമുള്ള ഒരു അനുഗ്രഹീത ജീവിതമായിരിക്കണം നമ്മുടെ ലക്ഷ്യം. വാക്കും പ്രവൃത്തിയും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് മൂല്യങ്ങളാണ്. പ്രവൃത്തിയില്‍ ഉപകരിക്കാത്ത അറിവും പ്രയോഗത്തിലില്ലാത്ത വാക്കും നിരര്‍ത്ഥകമാണ്. വ്രതനാളുകള്‍ ശീലിപ്പിക്കുന്നത് പറയുന്നത് ചെയ്യാനും ചെയ്യുന്നത് പറയാനും കഴിയുന്ന മഹത്തായ ജീവിത സംസ്‌കാരത്തെയാണ്.
സത്യം പറയുക, നീതി നിര്‍വഹിക്കുക, കരുണ കാണിക്കുക, നന്മ പ്രോത്സാഹിപ്പിക്കുക തിന്മകളെ നിരുത്സാഹപ്പെടുത്തുക ഇതൊക്കെയാണ് യഥാര്‍ഥ വ്രതാനുഷ്ഠാനം. കേവലം പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള വിശപ്പ് സഹിച്ച് വ്രതമെടുക്കുന്നവരെ പൊതുവായ നോമ്പ്കാര്‍ (സൗമ് ആം) എന്നാണ് പറയുക. നമ്മിലനേകം പേര്‍ ഈ വിഭാഗത്തിലായിരിക്കും. അവര്‍ക്ക് നോമ്പിന്റെ ആന്തരിക ചൈതന്യം അനുഭവവേദ്യമാകാന്‍ സാധ്യത തീരെ കുറവാണ്. എന്നാല്‍ മനസ്സും ശരീരവും നിയന്ത്രണ വിധേയമാക്കി ആത്മ വിശുദ്ധിയുടെ ഉന്നതങ്ങളിലേക്ക് വളരുന്ന, സ്വഭാവ സംസ്‌കരണം കൊണ്ട് വൈശിഷ്ഠത കാണിക്കുന്ന അപൂര്‍വം നോമ്പുകാരുണ്ട്. അവരുടെ അവയവങ്ങളും ഹൃദയവും ഒരുപോലെ വ്രതത്തിലാണ്. അതത്രെ ‘സൗമ് ഖാസ്’ അഥവാ പ്രത്യേകക്കാരുടെ നോമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
ലൗകിക സൗകര്യങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ആധ്യാത്മിക നിറവിന്റെ ആഴങ്ങളില്‍ ത്യാഗപൂര്‍വം വിരാചിക്കുന്ന അത്യപൂര്‍വ വിഭാഗം ആളുകളുടെ അസാധാരണവും സൂക്ഷ്മത നിറഞ്ഞതുമായ നോമ്പാണ് അടുത്ത ഘട്ടം. സാഥ്വിക ജീവിതങ്ങളില്‍ മാത്രം സാധ്യമാകുന്ന ഔന്നിത്യമാണിത്.
വാക്കും നോക്കും പ്രവര്‍ത്തിയും മനോഹരമായി പവിത്രീകരിക്കുന്ന പ്രത്യേകക്കാരുടെ നോമ്പിലെങ്കിലും ഉള്‍പ്പെടാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും വേണം. സമൂഹ ജീവിതത്തില്‍ ആദരവര്‍ഹിക്കുന്ന മഹദ് മാതൃകകളായി വിശ്വാസികള്‍ മാറുന്നതിനു അപ്പോഴേ റമസാന്‍ വഴിയൊരുക്കുകയുള്ളൂ.