X

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്നില്‍ കര്‍ഷകനായ സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കട ഹര്‍ജി തയ്യാറാക്കി വെച്ച ശേഷം. കഴിഞ്ഞ ദിവസമാണ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യന്‍ (71) ആത്മഹത്യ ചെയ്തത്. പേരാവൂരില്‍ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കട ഹര്‍ജി എഴുതി തയ്യാറാക്കി വെച്ചിരുന്നെങ്കിലും മുഖ്യമന്ത്രി എത്തുന്നതു വരെ കാത്തു നില്‍ക്കാതെ സുബ്രഹ്മണ്യന്‍ ജീവനൊടുക്കുകയായിരുന്നു.

തന്റെ ജീവിത ദുരിതങ്ങള്‍ വിവരിച്ചാണ് കാന്‍സര്‍ ബാധിതനായ സുബ്രഹ്മണ്യന്‍ നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും നിവേദനത്തില്‍ സുബ്രഹ്മണ്യന്‍ എഴുതിയിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് സുബ്രമണ്യന്‍ ആത്മഹത്യ ചെയ്തത്. ക്യാന്‍സര്‍ രോഗി ആയിരുന്ന സുബ്രമണ്യന്‍ പെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രണ്ടേക്കര്‍ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പലായനം ചെയ്യണ്ടി വന്ന കര്‍ഷകനാണ് സുബ്രമണ്യന്‍. ചോര വിയര്‍പ്പാക്കി നട്ടു നനച്ചതൊക്കെയും കാട്ടാന നശിപ്പിച്ചു. ഒടുവില്‍ വീടിന് നേരെയും കാട്ടനയുടെ ആക്രമണം ഉണ്ടായതോടെ എല്ലാം ഉപേക്ഷിച്ച് വാടക വീട്ടിലേക്കെത്തി. രണ്ടര വര്‍ഷമായി നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടില്‍ ആയിരുന്നു താമസം. വാടക വാങ്ങാതെയാണ് വീട്ടുടമ ഇവരെ താമസിപ്പിച്ചിരുന്നത്. എന്നാല്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തത്കാലം മാറി താമസിക്കാന്‍ കഴിഞ്ഞ ദിവസം വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാര്‍ മറ്റൊരു വീട് തേടുന്നതിനിടെ സുബ്രഹ്മണ്യന്‍ ജീവിതം അവസാനിപ്പിച്ചു.

ക്യാന്‍സര്‍ രോഗബാധിതനായിരുന്ന സുബ്രഹ്മണ്യന് വാര്‍ദ്ധക്യ കാല പെന്‍ഷനായിരുന്നു ഏക വരുമാന മാര്‍ഗം. എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ലൈഫ് പദ്ധതിയിയില്‍ വീടിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും സ്വന്തമായി രണ്ടേക്കര്‍ ഭൂമിയുള്ളതിനാല്‍ നിരസിക്കപ്പെട്ടെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യതള്‍ തുടര്‍ക്കഥയാകുകയാണ്. നവംബര്‍ 11നാണ് ആലപ്പുഴയിലെ കുട്ടനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ്(55) ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റായിരുന്നു പ്രസാദ്.

കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനംനൊന്ത പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടയ്ക്കുമെന്നുമായിരുന്നു മന്ത്രിമാര്‍ പറഞ്ഞുകൊണ്ടിരുന്നത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നാണ് ആത്മഹത്യയാണെന്ന് വ്യക്തമായത്. പിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

അതേസമയം ആത്മഹത്യ കാരണം പിആര്‍എസ് വായ്പയിലെ കുടിശ്ശിക സിബില്‍ സ്‌കോറിനെ ബാധിച്ചല്ലെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. ബാങ്കുകള്‍ വായ്പ നിഷേധിച്ചതാണ് ആത്മഹത്യയിലേയ്ക്ക് എത്തിച്ചെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്. പിആര്‍എസ് വായ്പാ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളൂയെന്നും അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

webdesk14: