X

‘അജയന്റെ രണ്ടാം മോഷണം’ ചിത്രത്തിന്റെ വ്യാജപതിപ്പ്; വെബ്‌സൈറ്റ് പൂട്ടിച്ചു

‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവരെ ബെംഗളൂരുവില്‍നിന്ന് പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ പ്രവീണ്‍, കുമരേശന്‍ എന്നിവരെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്. ‘വണ്‍തമിള്‍എംവി’ എന്ന വെബ്‌സൈറ്റ് വഴിയാണ് വ്യാജപതിപ്പുകള്‍ ഇറക്കിയത്. മൂന്നുപേരാണ് ഇതിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിച്ച വെബ്‌സൈറ്റ് സൈബര്‍സെല്‍ പൂട്ടിച്ചു.

പുതിയ സിനിമ റിലീസായാല്‍ മണിക്കൂറുകള്‍ക്കകം ഈ സംഘം വ്യാജപതിപ്പ് പുറത്തിറക്കുകയായിരുന്നു. കോയമ്പത്തൂരിലെ തിയറ്റില്‍നിന്നാണ് ചിത്രം മൊബൈലില്‍ പകര്‍ത്തിയതെന്നാണു പ്രാഥമിക വിവരം. വ്യാജപതിപ്പ് പ്രചരിപ്പിച്ചവരുടെ കയ്യില്‍ ഇന്നലെ പുറത്തിറങ്ങിയ രജനികാന്ത് സിനിമ വേട്ടയ്യന്റെ വ്യാജ പതിപ്പും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

‘അജയന്റെ രണ്ടാം മോഷണം’ ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാലിന്റെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഒരു ട്രെയിന്‍ യാത്രികന്‍ മൊബൈലില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങള്‍ ജിതിന്‍ ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം പങ്കുവച്ചത്.

 

webdesk17: