ഗാസിയാബാദ്: കാര്‍ വാങ്ങാന്‍ പണം കിട്ടാന്‍ വേണ്ടി തന്ത്രപരമായി വീട്ടുകാരെ പറ്റിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇരുപതുകാരനായ വ്യക്തി ഹോട്ടലില്‍ മുറിയെടുത്താണ് തട്ടിക്കൊണ്ട് പോവല്‍ നാടകം കളിച്ച് വീട്ടുകാരെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് ആകാശ് എന്നു പേരുള്ള വ്യക്തി പൊലീസിന്റെ പിടിയിലാകുന്നത്.
തിങ്കളാഴ്ച സുഹൃത്തിനെ കാണാനെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോയ ആകാശ് പിന്നെ മടങ്ങി വന്നില്ല. പിറ്റേന്ന് വീട്ടിലേക്ക് ഫോണ്‍ വിളികള്‍ വന്നു. ആകാശ് തങ്ങളുടെ കസ്റ്റഡിയിലാണെന്നും മോചന ദ്രവ്യം നല്‍കിയാലേ മകനെ വിടൂ എന്നായിരുന്നു ഭീഷണിപ്പെടുത്തല്‍. രണ്ടു ലക്ഷം തന്നാല്‍ മകനെ വിട്ടയക്കാമെന്നായിരുന്നു അറിയിച്ചത്. പണം നല്‍കാതിരിക്കുകയോ തട്ടിക്കൊണ്ടു പോയ വിവരം പുറത്തു പറയുകയോ ചെയ്താല്‍ മകനെ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി.
എന്നാല്‍ ഇത് അവഗണിച്ച് ആകാശിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ഭീഷണിപ്പെടുത്തി വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഈ നമ്പര്‍ നില്‍ക്കുന്ന സ്ഥലം നോയിഡയിലെ ഒരു ഹോട്ടലാണെന്ന് പൊലീസ് മനസിലാക്കിയതോടെ അവിടെ സന്ദര്‍ശിക്കുകയായിരുന്നു. ഇതോടെ തട്ടിപ്പ് പൊളിഞ്ഞു.
സുഹൃത്തുക്കളായ അന്‍കിത് കുമാര്‍, കരണ്‍ കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് തട്ടിക്കൊണ്ടു പോകല്‍ നാടകം കളിച്ചത്. നേരത്തെ ആകാശിന് സഹോദരന്റെ ബൈക്ക് നല്‍കിയിരുന്നു. ഇതില്‍ തൃപ്തനാവാതെ കാര്‍ വേണം എന്ന ആകാശിന്റെ ആഗ്രഹത്തിന്റെ പുറത്താണ് തട്ടിപ്പ് നടത്തുന്നത്.