ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെയും സഹോദരിയെയും ആള്‍ക്കൂട്ടം കൈയേറ്റം ചെയ്തതായി റിപ്പോര്‍ട്ട്. നിസാര പ്രശ്‌നത്തെ ചൊല്ലി രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവാവും സഹോദരിയും ക്രൂര മര്‍ദനത്തിനിരയായത്. വഴക്ക് നിര്‍ത്താന്‍ ഇതിലൊരാളുടെ സഹോദരി ശ്രമിച്ചപ്പോള്‍ മറ്റെയാളും സുഹൃത്തുക്കളും ചേര്‍ന്ന് അവളെയും മര്‍ദിക്കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്റെ വസ്ത്രങ്ങള്‍ കീറിയതായും ശാരീരിക വൈകല്യമുള്ള സഹോദരനെ വടികൊണ്ട് മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. യു.പിയിലെ ഭംഗല്‍ മാര്‍ക്കറ്റ് ഏരിയയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലും സംഘം യുവാവിനെയും സഹോദരിയെയും മര്‍ദിക്കുന്നത് തുടര്‍ന്നു.