ലക്‌നോ: യു.പിയില്‍ 12 ജില്ലകളിലെ 53 മണ്ഡലങ്ങളില്‍ നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. നാളെയാണ് ഇവിടെ വോട്ടെടുപ്പ്.
ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ജലൗന്‍, ഝാന്‍സി, ലളിത്പൂര്‍, മഹോബ, ബാന്ദ, ഹാമിര്‍പൂര്‍, ചിത്രകൂട്, ഫതേപൂര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലി, പ്രതാപ്ഗഡ്, അലഹബാദ് എന്നിവിടങ്ങളിലെ ചില മണ്ഡലങ്ങളും നാളെ ബൂത്തിലെത്തും. നാലാം ഘട്ടത്തില്‍ 680 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അലഹബാദ് നോര്‍ത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍; 26 എണ്ണം.
2012ലെ തെരഞ്ഞെടുപ്പില്‍ മേഖലയിലെ 53 സീറ്റുകളില്‍ 24 ഇടത്തും ജയിച്ചത് ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയാണ്. ബി.എസ്.പി 15 ഇടത്തും കോണ്‍ഗ്രസ് ആറിടത്തും ജയിച്ചു. ബി.ജെ.പിക്ക് അഞ്ചും പീസ് പാര്‍ട്ടിയ്ക്ക് മൂന്നും സീറ്റു ലഭിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ മകന്‍ ഉത്കര്‍ഷ മിശ്രയാണ് ഈ ഘട്ടത്തിലെ പ്രധാന സ്ഥാനാര്‍ത്ഥി. രാജ്യസഭാ അംഗം പ്രമോദ് തിവാരിയുടെ മകള്‍ ആരാധനാ മിശ്ര, എസ്.പി നേതാവ് റിയോതി രമണ്‍ സിങിന്റെ മകന്‍ ഉജ്ജ്വല്‍ രമണ്‍ സിങ് തുടങ്ങിയരും ജനവിധി തേടുന്നുണ്ട്. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി അഖിലേഷ് യാദവും അലഹബാദില്‍ സംയുക്ത റോഡ് ഷോ നടത്തി. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അലഹബാദിലെത്തിയ രാഹുല്‍ ചരിത്രപ്രസിദ്ധമായ സ്വരാജ് ഭവനിലാണ് താമസിച്ചത്. മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ജനിച്ച വീടാണ് സ്വരാജ് ഭവന്‍.