നിലമ്പൂര്‍: നിലമ്പൂര്‍ നഗരത്തില്‍ ഗവ. മോഡല്‍ യുപി സ്‌കൂളിലെ സയന്‍സ് ലാബിന്റെ ഷോകെയ്‌സില്‍നിന്നു നാലടി നീളമുള്ള മൂര്‍ഖനെ പിടികൂടി. ഞായറാഴ്ച വൈകിട്ട് 4ന് അധ്യാപകരാണ് ലാബില്‍ പാമ്പിനെ കണ്ടത്. സ്‌കൂളില്‍ അറ്റകുറ്റപണി നടക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അധ്യാപകര്‍. ചേരയാകുമെന്നു കരുതി ഓടിച്ചുവിടുന്നതിനിടെ പാമ്പ് ഷോകെയ്‌സില്‍ കയറി ഒളിക്കുകയായിരുന്നു.
തുടര്‍ന്നു വനംവകുപ്പിന്റ ആര്‍ആര്‍ടി ടീമിനെ വിവരമറിയിച്ചു. ഡെപ്യൂട്ടി എ.എസ്.ബിജു, എസ്എഫ്ഒ നാസിര്‍, ബിഎഫ്ഒമാരായ റിയാസ് സതീഷ്, ഡ്രൈവര്‍ വിശ്വനാഥന്‍, സ്‌നേക് മാസ്റ്റര്‍ സി.ടി.അസീസ് എന്നിവരെത്തി പാമ്പിനെ പിടികൂടി.
ഞായറാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികളില്ലായിരുന്നു. നാലാം തവണയാണ് സ്‌കൂളില്‍നിന്നു പാമ്പുകളെ പിടികൂടുന്നത്. സ്‌കൂള്‍ അധികൃതര്‍ക്ക് വേണ്ട മുന്‍കരുതലുകളും നിര്‍ദേശങ്ങളും നല്‍കിയതിന് ശേഷമാണ് ആര്‍ആര്‍ടി ടീം പാമ്പുമായി മടങ്ങിയത്.