പത്തനംതിട്ട∙ ജെസ്ന തിരോധനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി. ജെസ്നയെ കാണാതാകുന്നതിന് രണ്ടു ദിവസം മുൻപ് ഒരു യുവാവിനൊപ്പം ജെസ്നയുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയെ ലോഡ്ജിൽ വച്ച് കണ്ടുവെന്നാണ് മുണ്ടക്കയം സ്വദേശിനി അവകാശപ്പെട്ടത്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച പെൺകുട്ടി എറണാകുളത്ത് ഒരു പരീക്ഷ എഴുതുന്നതിനായി പോകാനെത്തിയതാണെന്നാണ് പറഞ്ഞതെന്നും ഇവർ പറഞ്ഞു.
ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വാർത്ത പത്രത്തിൽ വന്നപ്പോഴാണ് ലോഡ്ജിൽ കണ്ട പെൺകുട്ടിയാണെന്ന് മനസിലായതെന്നും ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഇതുവരെ പറയാതിരുന്നതെന്നുമാണ് മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ.
പത്രത്തിൽ ജെസ്നയെ കാണുന്നില്ലെന്ന വാർത്ത കണ്ടപ്പോൾ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ലോഡ്ജ് ഉടമയെ വീണ്ടും സമീപിച്ചു. എന്നാൽ അയാൾ വിവരങ്ങൾ പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും മുണ്ടക്കയം സ്വദേശിനി പറഞ്ഞു. എന്നാൽ ആരോപണം ലോഡ്ജ് ഉടമ നിഷേധിച്ചു. തന്നോടുള്ള വൈരാഗ്യത്തിന്റെ പുറത്താണ് ഇവർ ആരോപണം ഉന്നയിക്കുന്നതെന്നാണ് ലോഡ്ജ് ഉടമ പറയുന്നത്.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജസ്‌നയെ മുക്കൂട്ടുതറയില്‍ നിന്നും കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.