ബിപിഎൽ വിഭാഗങ്ങൾക്ക് വിവരാവകാശ രേഖകൾ സൗജന്യമായി ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം മതിയാകുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി.
ബിപിഎൽ വിഭാഗങ്ങൾക്ക് ചട്ടം 4 (4) പ്രകാരം രേഖകൾ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അതിന് ബ്ലോക്ക് ഡവലപ്‌മെൻ്റ് ഓഫീസറുടെ സർട്ടിഫിക്കറ്റ് തന്നെ വേണം എന്നില്ലെന്നും പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ സെക്രട്ടറിമാരുടെ സാക്ഷ്യപത്രവും സ്വീകാര്യമാണെന്നും കമ്മിഷണർ എ അബ്ദുൽ ഹക്കിം വ്യക്തമാക്കി.
തിരുവനന്തപുരം ഇളവട്ടം നീർപ്പാറ എൻ വേലായുധൻകാണിയുടെ അപേക്ഷ തള്ളിയ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ നടപടിക്ക് എതിരെയാണ് കമ്മീഷന്റെ ഉത്തരവ്. ഹർജിക്കാരന് നിയമാനുസൃതം ലഭിക്കാനുള്ള സൗജന്യം നിഷേധിച്ച നടപടി ശരിയല്ല. എ4 സൈസ് പേപ്പറിലുള്ള 20 പേജ് വരെ സൗജന്യമായി നൽകണമെന്നും അതിനുമേൽ പേജൊന്നിന് മൂന്ന് രൂപ വീതം ഈടാക്കാമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.