സ്വാന്തന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടുകളിലൊന്നായ വാഗണ്‍ ട്രാജഡിക്ക് ഒരു നൂറ്റാണ്ട്. 1921 നവംബര്‍ 20 ന്റെ പുലര്‍ച്ചെയിലാണ് സ്വാതന്ത്ര്യ സമരത്തിലെ മാപ്പിള പോരാളികളെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ച് കൊണ്ടുവന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു വാഗണില്‍ കുത്തിനിറച്ച് സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയത്. പുലാമന്തോള്‍ പാലം തകര്‍ത്തു എന്ന വ്യാജ ആരോപണമാണ് ഇവരുടെ മേല്‍ ചുമത്തിയിരുന്നത്.
കേണല്‍ ഹംഫ്രിസ്, സ്‌പെഷ്യല്‍ ഓഫീസര്‍ ഇവാന്‍സ്, ജില്ലാ പട്ടാള മേധാവി ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് എന്നിവരായിരുന്നു കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയത്. ബ്രിട്ടീഷ് സായുധ പട്ടാളക്കാരോട് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും സാധാരണക്കാര്‍ പോരാടിയതിന്റെ പരിണിതിയായിരുന്നു ഈ കൂട്ടക്കുരുതി. ജാലിയന്‍ വാലാബാഗിനേക്കാള്‍ ക്രൂരമായ കൂട്ടക്കൊലയാണ് വാഗണ്‍ ട്രാജഡിയിലൂടെ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയത്. കുറ്റാരോപിതരും അല്ലാത്തവരുമായ നൂറോളം തടവുകാരെ എം.എസ്.എം – എല്‍.വി റെയില്‍വേയുടെ 1711 ാം നമ്പര്‍ വാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലേക്ക് അയയ്ക്കുകയായിരുന്നു. നവംബര്‍ 19ന് വൈകീട്ട് പുറപ്പെട്ട ട്രെയിന്‍ 20ന് പുലര്‍ച്ചെ 12-30ന് പോത്തന്നൂരില്‍ എത്തി. വാഗണ്‍ തുറന്നപ്പോഴാണ് ദുരന്തത്തിന്റെ ഭീകരത പുറം ലോകമറിഞ്ഞത്. 56 പേര്‍ മരണപ്പെട്ടിരുന്നു. ഗുഡ്‌സ് വാഗണില്‍ വായുവോ വെളിച്ചമോ കടക്കുമായിരുന്നില്ല.
പരസ്പരം മാന്തിപ്പൊളിച്ചും കണ്ണുകള്‍ തുറിച്ചും കെട്ടിപ്പുണര്‍ന്നും മരണം വരിച്ച മൃതദേഹങ്ങള്‍. ബാക്കിയുള്ളവര്‍ ബോധരഹിതരായിരുന്നു. എട്ടുപേര്‍ കൂടി അടുത്ത ദിവസം ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. അക്കരവീട്ടില്‍ കുന്നുംപള്ളി അച്യുതന്‍ നായര്‍, കിഴക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണി പുറവന്‍, ചോലകപറമ്പില്‍ ചെട്ടിച്ചിപ്പു, മേലടത്ത് ശങ്കരന്‍ നായര്‍ എന്നിവരാണ് വാഗണ്‍ ട്രാജഡി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ നാല് ഹൈന്ദവ സഹോദരങ്ങള്‍. ശേഷിച്ച 28 പേരെ തടവുകാരാക്കി. വായും മൂക്കും കെട്ടി സന്നദ്ധസേവാ പ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതും ശുദ്ധീകരിച്ചതും. തിരൂരിലെ കോരങ്ങത്ത് ജുമുഅത്ത് പള്ളിയിലും, കോട്ട് ജുമുഅത്ത് പള്ളിയിലുമാണ് ഈ രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരിക്കയത്. ഹൈന്ദവ സഹോദരങ്ങളെ മുത്തൂരിലും സംസ്‌കരിച്ചു.
വാഗണില്‍ പൊലിഞ്ഞ 70ല്‍ 41 പേര്‍ കുരുവമ്പലത്തുകാര്‍. മലപ്പുറം ജില്ലയിലെ പാലക്കാടന്‍ അതിര്‍ത്തി പ്രദേശമായ കുരുവമ്പലം എന്ന ഗ്രാമത്തിന് ഈ ദുരന്തത്തിന്റെ ഓര്‍മയുടെ മുറ്റത്തിരുന്ന് ചോരയില്‍ ചാലിച്ച ചില ചരിത്ര സത്യങ്ങള്‍ പറയാനുണ്ട്. ധീരദേശാഭിമാനികള്‍ക്ക് ജന്മം നല്‍കിയ ഒരു നാടിന്റെ ഇതിഹാസതുല്യമായ ഓര്‍മ.
ബ്രിട്ടീഷ് വിരോധത്തിന്റ തീ കെടാതെ മനസില്‍ സൂക്ഷിച്ച ഈ പ്രദേശത്തെ നാല്‍പ്പത്തിയൊന്നു പേരെയാണ് 1921 നവംബര്‍ 19ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നു കോയമ്പത്തൂര്‍ ജയിലിലടയ്ക്കാന്‍ കൊണ്ടുപോയ ചരക്ക് വാഗണില്‍ ഒരിറ്റു ശ്വാസത്തിനു വേണ്ടി ആര്‍ത്തുവിളിച്ചു പിടഞ്ഞു മരിച്ചത്.
ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ രാജ്യത്തിനു നല്‍കിയ ഗ്രാമത്തെ പില്‍ക്കാല ചരിത്രം വേണ്ടത്ര പരിഗണിച്ചില്ല. ഈ മഹാദുരന്തത്തിന്റെ ഓര്‍മകള്‍ നിറംമങ്ങിയ താളുകളിലാണ് രേഖപ്പെടുത്തിയത്.ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയോളം ഭീകരമായിരുന്നു വാഗണ്‍ ദുരന്തവും. മരിച്ച 70 പേരില്‍ 41 പേരും പുലാമന്തോള്‍ പഞ്ചായത്തുകാരും അതില്‍ 35 പേര്‍ കുരുവമ്പലം നിവാസികളുമായിരുന്നു. കുരുവമ്പലത്തുകാരായ കാളിയ റോഡില്‍ കോയക്കുട്ടി തങ്ങളും വാഴയില്‍ കുഞ്ഞയമ്മുവും ഈ മഹാദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും പിന്നീട് ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.
ദുരന്തത്തില്‍പ്പട്ട് വീരമൃത്യു വരിച്ച ധീരദേശാഭിമാനികള്‍ക്ക് സ്വന്തം നാട്ടില്‍ ഉചിതമായ സ്മാരകം ഉയര്‍ന്ന് വരാന്‍ ഏറെ താമസിച്ചു. 2005ല്‍ ജില്ലാ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വാഗണ്‍ ട്രാജഡി സ്മാരകം നിര്‍മിച്ച് നാട്ടുകാര്‍ ചരിത്രത്തോട് നീതികാണിച്ചു. എങ്ങനെയാണ് ഒരു പ്രത്യേക പ്രദേശത്തെ ഇത്രയും ചെറുപ്പക്കാര്‍ ഒരുമിച്ച് ഒരു വാഗണില്‍ അകപ്പെട്ടതെന്നതിനു വ്യക്തമായ ചരിത്രം ഇപ്പോഴും അറിയില്ല.അന്വേഷിക്കാന്‍ ആരും മെനക്കെട്ടതുമില്ല.