X

മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ കേസ്; 5 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

മണിപ്പൂരില്‍ കുകി വിഭാഗത്തില്‍ പെട്ട യുവതികളെ നഗ്‌നരാക്കി നടത്തിയ കേസില്‍ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. തൗബല്‍ ജില്ലയിലെ നൊങ്‌പൊരക് സെക്മായ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെടക്കം അഞ്ചുപേരെയാണ് സസ്‌പെന്റ് ചെയ്തത്. മെയ് നാലിനായിരുന്നു രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തി വീഡിയോ എടുത്തത്. ജൂലൈ 19 നാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.

തലസ്ഥാനനഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ ഇരയാക്കപ്പെട്ട ഒരാള്‍ സൈനികന്റെ ഭാര്യയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പൊരുതിയ സൈനികന്റെ ഭാര്യയാണ് അപമാനിക്കപ്പെട്ടതെന്നും പരാതി നല്‍കിയപ്പോള്‍ പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന് സൈനികന്‍ ആരോപിച്ചിരുന്നു.

അതേസമയം, മണിപ്പൂരില്‍ ഇനിയും സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. സംഘര്‍ഷ ബാധിത പ്രദേശമായ ഇംഫാല്‍ വെസ്റ്റില്‍ 15 വീടുകള്‍ക്ക് കഴിഞ്ഞ ദിവസം ജനങ്ങള്‍ തീയിട്ടു. ലാംഗോള്‍ ഗെയിംസ് ഗ്രാമത്തിലാണ് അക്രമം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കലാപകാരികളായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി തവണ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

webdesk13: