പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി.പി.എം മലപ്പുറം ജില്ലക്കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തത് പോക്‌സോയിലെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി.
പാര്‍ട്ടിയും മലപ്പുറം ജില്ലക്കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെ സംരക്ഷിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.
പോക്‌സോയിലെ 7, 8 വകുപ്പുകള്‍ ചുമത്തിയാണ് പ്രതി വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോയിലെ താരതമ്യേന ദുര്‍ബലമായ വകുപ്പുകളാണിവ. പോക്‌സോ കേസില്‍ ജില്ലക്കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തിട്ടും സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സിപിഎമ്മും.
കേസിന് ആധാരമായ സംഭവം നടന്നത് കോഴിക്കോട് നല്ലളം പൊലീസ് പരിധിയിലാണ്. കഴിഞ്ഞ ജൂലൈയില്‍ ബസ് യാത്രക്കിടെ വേലായുധന്‍ വള്ളിക്കുന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. അടുത്തിടെയാണ് കുട്ടി ഇക്കാര്യം പുറത്ത് പറയുന്നത്. ചൈല്‍ഡ് ലൈന്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസ് വേലായുധന്‍ വള്ളിക്കുന്നിതെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
ആണ്‍കുട്ടിയുടെ മൊഴി പരപ്പനങ്ങാടി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ സംഭവം നടന്നത്. ഇന്നലെ രാത്രി തന്നെ കേസ് നല്ലളത്തേക്ക് കൈമാറിതായി പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.
കേസ് ഫയല്‍ വൈകിട്ടോടെ നല്ലളം പൊലീസിന് കിട്ടി. തുടര്‍നടപടികള്‍ നാളെ ഉണ്ടാകുമെന്ന് നല്ലളം പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് പരപ്പനങ്ങാടി പൊലീസ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.