മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനായിരിക്കും സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കുക. ഹൈക്കോടതി തുടര്‍ നടപടികള്‍ തടഞ്ഞില്ലെങ്കില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവിന് അപേക്ഷ നല്‍കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം.
ഇന്നലെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാല് കോടതിയില്‍ കേസില്‍ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സുരേഷ് ഗോപി ഹാജരായിരുന്നു. സഹോദരന്‍ സുഭാഷ് ബാബുവും അദ്ദേഹത്തിന്റെ ഭാര്യ റാണിയുമാണ് ജാമ്യക്കാരായി എത്തിയത്. സുരേഷ് ഗോപിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി എന്‍ ശിവശങ്കര്‍ പറഞ്ഞു.
2023 ഒക്ടോബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെച്ചു. ഒഴിഞ്ഞുമാറിയ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി വീണ്ടും കൈവെച്ചു. ഈ സമയം മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തക നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തക കമ്മീഷണര്‍ക്ക് നല്‍കിയ പരാതി. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354, കേരള പൊലീസ് ആക്ട് 119 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകയ്ക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.