കണ്ണൂര്‍ മണികല്ലില്‍ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഇരട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറക്കടവിലിനെതിരെയാണ് കേസെടുത്തത്.
പള്ളിയിലെ ഒരു വിശേഷ ചടങ്ങില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനു മേലാണ് കേസ്. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രസംഗിച്ചു എന്നാണ് കേസ്.
ഹലാല്‍ അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെയും, മുഹമ്മദ് നബിക്ക് എതിരെയും മോശമായ രീതിയില്‍ ഇയാള്‍ സംസാരിക്കുന്ന പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ചര്‍ച്ചില്‍ കുട്ടികള്‍ക്ക് മതപഠനം നടത്തുന്ന ആള്‍ കൂടിയാണ് ഫാദര്‍. സംഭവത്തില്‍ ഉളിക്കല്‍ പോലീസ് സ്വമേധയാ കേസെടുത്തു.
അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഫാദര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഇസ്ലാം മത വിശ്വാസത്തിനെതിരായ പരാമര്‍ശം കത്തോലിക്കാ സഭയുടെയോ രൂപതയുടെ യോ നിലപാടല്ലെന്ന് തലശ്ശേരി രൂപതാ ചാന്‍സിലര്‍ ഫാദര്‍ തോമസ് തെങ്ങുംപള്ളില്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മത സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.