X

ബലിപെരുന്നാളിന് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് 2 പേർക്കെതിരെ എൻ.എസ്.എ പ്രകാരം കേസ് എടുത്തു

ബലിപെരുന്നാളിന് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ 2 പേര്‍ക്കെതിരെ എന്‍.എസ്. എ പ്രകാരം കേസ് എടുത്തു. മധ്യപ്രദേശിലെ മോറോനാ ജില്ലയിലാണ് ബീഫ് കണ്ടെത്തിയെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസ്എടുത്തത്.

പശുവിനെ കശാപ്പ് ചെയ്തെന്ന പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി നടത്തിയ അന്വേഷണത്തില്‍ മോറോനയിലെ നൂറാബാദ് ഗ്രാമത്തിലെ ഒരു ബംഗാളി കോളനിയിലെ വീട്ടില്‍ നിന്നും പോത്തിറച്ചി പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ചിലര്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് കണ്ടെന്ന് ഗ്രാമവാസിയായ അനിപാല്‍ ഗുജ്ജര്‍ പരാതിപ്പെട്ടുവെന്നും തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നണെന്നും പൊലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ ആദര്‍ശ് ശുക്ല കൂട്ടിച്ചേര്‍ത്തു.

പശുവിനെ കശാപ്പ് ചെയ്തവര്‍ ഇത് കണ്ട അനിപാലിനെ ആക്രമിച്ചെന്നും അവരുടെ വീട്ടില്‍ നിന്നും പശുവിന്റെ തോലും മാംസവും ലഭിച്ചുവെന്നാണ് പൊലീസിന്റെ ഭാഷ്യം. ‘പശുവിനെ കശാപ്പ് ചെയ്തവര്‍ അനിപാലിനെ ആക്രമിച്ചു. രക്ഷപ്പെട്ട് ഓടിയ അയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് പശുവിന്റെ തോലിന് പുറമെ രണ്ട് ചാക്ക് എല്ലുകളും പിടിച്ചെടുത്തു,’ പൊലീസ് പറഞ്ഞു.

രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തെന്നും ഒപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും കാസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ അസ്ഗര്‍, റിതുവ എന്നിവര്‍ക്കെതിരെയാണ് എന്‍.എസ്.എ പ്രകാരം കേസ് എടുത്തത്.

കൂടാതെ 9 പേര്‍ക്കെതിരെ ഗോവധത്തിനും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരവും കലാപം അക്രമം ഭീഷണിപ്പെടുത്തല്‍ എന്നിവക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ടെന്ന് ശുക്ല പറഞ്ഞു. പശുവിനെ കശാപ്പ് ചെയ്യുന്ന കുറ്റത്തിന് സംസ്ഥാനത്ത് ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കും. കേസില്‍ ഉള്‍പ്പെട്ടതായി പറയപ്പെടുന്ന മറ്റ് ആറ് ആളുകള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ഒരു വ്യക്തി ദേശീയ സുരക്ഷയെ മാനിക്കാതെ എന്തെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ വേണ്ടി അയാളെ തടങ്കലില്‍ വെക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ അനുമതി നല്‍കുന്ന നിയമമാണ് ദേശീയ സുരക്ഷാ നിയമം.

webdesk13: