കോട്ടയം മാടപ്പള്ളിയില്‍ കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത് പോലീസ്.150 പേര്‍ക്കെതിരയാണ് കേസെടുത്തിരിക്കുന്നത്.പോലീസിനെതിരെ മണ്ണെണ്ണ ഒഴിച്ചതിനും വനിത പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതുമടക്കമാണ് കേസെടുത്തിരിക്കുന്നത്.പോലീസ് വലിച്ചഴച്ചു കൊണ്ടു പോയ ജിമ്മി ഫിലിപ്പിന് എതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരക്കാര്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ മനുഷ്യവകാശ കമീഷന്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു.സ്ത്രീകളടക്കമുള്ളവരെ റോഡിലൂടെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. സമരക്കാരെ പൂര്‍ണമായും നീക്കം ചെയ്തതിന് ശേഷമാണ് കല്ലിടല്‍ നടത്തിയത്. പോലീസ് അധിക്രമത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. മാടപ്പള്ളി മുണ്ടുകുഴിയില്‍ സര്‍വേ കല്ലിടാന്‍ എത്തിയ സംഘത്തിനെതിരെ നാട്ടുകാരുടെയും സമര സമിതിയുടെയും നേതൃത്വത്തില്‍ മനുഷ്യശൃംഖല തീര്‍ത്താണ് രാവിലെ പ്രതിഷേധം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു.
കല്ലിടാനെത്തിയ സംഘം തിരിച്ചുപോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു കൂട്ടം സ്ത്രീകള്‍ മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തി ഭീഷണി മുഴക്കി. പോലീസിന് നേരെ ഗോബാക്ക് വിളികളുമായി ജനക്കൂട്ടം നിലയുറപ്പിച്ചതോടെ കല്ലുമായെത്തിയ വാഹനം തിരിച്ചുപോയി. കുറച്ച് സമയത്തിന് ശേഷം കനത്ത പൊലീസ് സന്നാഹവുമായി തിരിച്ചെത്തി. കെ റെയില്‍ ഉദ്യോഗസ്ഥരും പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പിരിഞ്ഞുപോകാതെ പ്രതിഷേധക്കാരും നാട്ടുകാരും ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗോ ബാക്ക് വിളികളുയര്‍ത്തി.
തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ പോലീസ് ലാത്തി വീശി. ഡി വൈ എസ് പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിന്നീട് പോലീസ് അഴിഞ്ഞാടുകയായിരുന്നു. പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന സമര സമിതി നേതാക്കളായ മിനി കെ ഫിലിപ്പ്, വി.ജെ ലാലി എന്നിവരടക്കമുള്ളവരെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. മാതാപിതാക്കളെ പോലീസ് കയ്യേറ്റം ചെയ്യുന്നത് കണ്ട കുട്ടികള്‍ പൊട്ടിക്കരഞ്ഞു. മുന്‍ എം എല്‍ എ ജോസഫ് എം പുതുശേരി അടക്കം 23 പേരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ നാല് സ്ത്രീകളുമുണ്ട്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ നാട്ടുകാര്‍ക്കൊപ്പം നിന്നു.
സംഘര്‍ഷത്തില്‍ വി.ജെ ലാലി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളായ കെ സി ജോസഫ്,സജി മഞ്ഞക്കടമ്പന്‍,നാട്ടകം സുരേഷ്,ബി ജെ പി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നാലുമണിക്കൂറോളം നീണ്ടു നിന്ന ഉപരോധ സമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. കെ. റെയിലിന്റെ പേരില്‍ മാടപ്പള്ളിയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുജനങ്ങളെ അടിച്ചൊതുക്കി പൊലീസ് ഗുണ്ടാവിളയാട്ടം നടത്തുകയായിരുന്നുവെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. സമാധാനപരമായി സമരംനടത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ ആവശ്യപ്പെട്ടിരുന്നു.മടപ്പള്ളിയില്‍ നടന്ന പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് അന്നേ ദിവസം രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സമരസമിതിയുടെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഹര്‍ത്താലിന് ബി ജെ പിയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.