കൊല്‍ക്കത്ത: രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുത്തു. അസം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെയുള്ള മമതയുടെ വിവാദ പരാമര്‍ശം. ഡല്‍ഹിയില്‍ കാത്തോലിക് ബിഷപ്പുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് അസമിലെ 40 ലക്ഷം പേരെ പുറത്താക്കിയിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യാക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും, ആഭ്യന്തര യുദ്ധം ഉണ്ടാാകുമെന്നുമായിരുന്നു മമതയുടെ പ്രസ്താവന. ഇത് വിവാദമാവുകയായിരുന്നു. പ്രസ്താവനക്കെതിരെ അസമിലെ ബി.ജെ.പിയുടെ മൂന്ന് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്ത നാല്‍പ്പത് ലക്ഷം പേരെ കേന്ദ്രസര്‍ക്കാര്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കി മാറ്റിയിരിക്കുകയാണ്. ഉറപ്പായും ഇന്ത്യയില്‍ മാറ്റം വരണം. ഈ മാറ്റം 2019-ലെ തെരഞ്ഞെടുപ്പില്‍ പ്രകടമാകണമെന്നും ഒരാള്‍ ഇന്ത്യാക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ബി.ജെ.പിക്കാരാണോയെന്നും മമത പറഞ്ഞിരുന്നു.
3.29 കോടി അപേക്ഷകരില്‍ നിന്ന് 40 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമായിരുന്നു. ഇത് കഴിഞ്ഞ ദിവസം രാജ്യത്ത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പൗരത്വം ലഭിക്കാത്തവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാന്‍ സെപ്തംബര്‍ 28 വരെ സമയമുണ്ട്. തെറ്റുകള്‍ തിരുത്തി പുതിയ പട്ടിക പുറത്തിറക്കും വരെ ഇപ്പോള്‍ പുറത്തായവരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടില്ലെന്നും രജിസ്ട്രാര്‍ ജനറല്‍ ഒഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.