ശിവമോഗ: മുസ്‌ലിംകള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തിട്ടും ബി.ജെ.പി എം.പിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങ് താക്കൂറിനെതിരെ കേസെടുക്കാതെ കര്‍ണാടക പൊലീസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെയും രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്‌സീന്‍ പൂനവാലയുമാണ് പ്രഗ്യക്കെതിരെ ശിവമോഗ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.
തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചിട്ടും കേസെടുക്കാന്‍ പൊലീസ് തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ അക്രമം സൃഷ്ടിക്കാനുള്ള പ്രകോപനപരമായ പരാമര്‍ശങ്ങളാണ് പ്രഗ്യാസിങ് നടത്തിയതെന്ന് സാകേത് ഗോഖലെ നല്‍കിയ പരാതിയില്‍ പറയുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്ത് ക്രമസമാധാനം തകര്‍ക്കാന്‍ അവര്‍ പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.പി.സിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രഗ്യാ സിങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തെഹ്‌സീന്‍ പൂനവാലയും പരാതിയില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമുദായത്തിനെതിരായ അങ്ങേയറ്റം വിദ്വേഷപരവും നിന്ദ്യവുമായ പ്രസ്താവനയാണ് പ്രഗ്യ നടത്തിയതെന്ന് തെഹ്‌സീന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം, പ്രഗ്യയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രഗ്യക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുകയാണ് പ്രഗ്യ ചെയ്തതെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ അജയ് സിങ് ആരോപിച്ചു. പ്രഗ്യ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഇനി ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അവരെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ലമെന്റ് അംഗം ഇത്തരം പരാമര്‍ശം നടത്തിയത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ‘അവള്‍ ഒരു ഭീകരവാദിയാണ്. എന്തുകൊണ്ടാണ് കര്‍ണാടക ഇത്തരമൊരു അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതെന്ന് അറിയില്ല- പ്രിയങ്ക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഗ്യ വിദ്വേഷ പ്രസംഗം നടത്തിയത്.
‘
ഹിന്ദുക്കളുടെ വീടുകളില്‍ ആയുധങ്ങള്‍ സുക്ഷിക്കണം, മറ്റൊന്നുമില്ലെങ്കിലും കത്തികളെങ്കിലും മൂര്‍ച്ച കൂട്ടി സൂക്ഷിക്കണം. എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവില്ല. എല്ലാവര്‍ക്കും സ്വയം സംരക്ഷണത്തിനുള്ള അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി ആക്രമിക്കുകയാണെങ്കില്‍, ഉചിതമായ മറുപടി നല്‍കുന്നത് നമ്മുടെ അവകാശമാണ്- എന്നിങ്ങനെയായിരുന്നു പ്രഗ്യയുടെ പ്രസംഗം. മുമ്പും നിരവധി തവണ വിഷം തുപ്പുന്ന പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിട്ടുള്ള ആളാണ് പ്രഗ്യാസിങ്.
മുംബൈ ഭീകരാക്രമണത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന വിവാദ പ്രസ്താവനയുമായി പ്രഗ്യ രംഗത്തുവന്നിരുന്നു. 2008 സെപ്തംബറില്‍ മഹാരാഷ്ട്രയിലെ മാലേഗാവില്‍ മസ്ജിദിന് സമീപം ആറ് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിലെ പ്രതികളിലൊരാളാണ് പ്രഗ്യ.