രത്തന്‍ ടാറ്റ എന്നാല്‍ ലോകത്തിന് മുന്നില്‍ ഒരു കോര്‍പറേറ്റ് വ്യവസായിയാണ്. ഉപ്പു മുതല്‍ വിമാനം വരെ കൈയ്യാളിയിരുന്ന മനുഷ്യന്‍. എന്നാല്‍ അതിവൈകാരികതകളല്ലാത്ത, ലാഭേച്ഛയില്‍ അഭിരമിക്കാത്ത കോര്‍പറേറ്റ് ഭീമനായിരുന്നു രത്തന്‍ ടാറ്റ എന്നുവേണം പറയാന്‍. ലാഭമുണ്ടാക്കുക. വീണ്ടും വീണ്ടും ലാഭമുണ്ടാക്കുക. ബിസിനസ് പച്ചപിടിപ്പിക്കുക എന്നതു മാത്രമാണ് നാം കാണുന്ന വ്യവസായികളുടെ ചിത്രം. എന്നാല്‍ രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയെ നോക്കിയാല്‍ തലയേക്കാളും ഹൃദയം കൊണ്ട് മുന്നോട്ടു നയിക്കപ്പെട്ടവനെന്ന വിശേഷണമാണ് അദ്ദേഹത്തിന് നല്‍കാനാവുക.
മാനവികതയ്ക്കും, സഹാനുഭൂതിക്കും പ്രാധാന്യം കൊടുത്തുള്ള ബിസിനസ് രീതി ആയിരുന്നു ടാറ്റ കമ്പനികളുടേത്. ടാറ്റ സ്റ്റീലിലെ സാധാരണ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ സ്വന്തം സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് ശമ്പളം കൊടുത്തരിതി, അത് ടാറ്റക്കു മാത്രം സ്വന്തം. സൗമ്യനായി മാത്രമേ എന്നും രത്തന്‍ ടാറ്റയെ കണ്ടിട്ടുള്ളൂ. വിവാദങ്ങളില്‍ സാന്നിധ്യം അപൂര്‍വം. സമ്പത്തിന്റെ ഏറിയപങ്കും ചാരിറ്റിക്കായി വിനിയോഗിക്കുന്നതിനാല്‍ ഓരോ വര്‍ഷവും ശതകോടിശ്വരന്‍മാരുടെ പട്ടികയില്‍ രത്തന്‍ ടാറ്റ പിന്നാക്കം പോവുകയാണ് ചെയ്യാറ്. ടാറ്റാ സണ്‍സിന്റെ ലാഭത്തിന്റെ 66 ശതമാനവും ചെല്ലുന്നത് മുഖ്യ ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റിലേക്കാണ്. ടാറ്റാ ട്രസ്റ്റാകട്ടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യ ഊന്നല്‍ നല്‍കുന്നതും. ഇത് തന്നെയാണ് എട്ടുലക്ഷത്തോളം ജീവനക്കാരുള്ള ടാറ്റ ഗ്രൂപ്പിന്റെ അധിപനെ ആഗോളതലത്തില്‍ തന്നെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാക്കി മാറ്റിയത്.
ഇക്കാരണങ്ങളാലാണ് രത്തന്‍ ടാറ്റ സവിശേഷ വികാരമായി ജനകോടികളുടെ മനസ്സില്‍ കുടിയേറി ദശാബ്ദങ്ങളോളം നിലനിന്നത്. ഒരു വ്യവസായിയുടെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം ഒരേ വികാര ത്തോടെ നൊന്ത് കണ്ണീര്‍വാര്‍ത്ത ചരിത്രമുണ്ടെങ്കില്‍ അത് രത്തന്‍ ടാറ്റക്ക് സ്വന്തമാണ്. ഇനിയൊരു വ്യവസായിയെ രാജ്യം ഇതുപോലെ ഇനി സ്വീകരിക്കുമോ എന്നതും സംശയമാണ്. മനുഷ്യത്വവും ബിസിനസും ഒരേയളവില്‍ വിളക്കിച്ചേര്‍ത്ത് ലോകത്തിന് മുന്നില്‍ മാതൃക വച്ചുനീട്ടുകയായിരുന്നു രത്തന്‍ ടാറ്റ. ഇക്കാര്യത്തില്‍ രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാട് വാക്കുകള്‍ക്കതീതമാണ്.
ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി സര്‍വ മേഖലകളിലും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് രത്തന്‍ ടാറ്റ താങ്ങും തണലുമായത്. കോവിഡ് കാലത്ത് 500 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി, ഐഐ എം, ഐ.ഐ.എസ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം സഹായം നല്‍കി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് സ്‌കോളര്‍ഷിപ്പോടെ പഠിക്കാനും അവസരമൊരുക്കി. സാമൂഹിക മാധ്യമമായ എക്‌സില്‍ 1.2 കോടിയോളം പേര്‍ രത്തന്‍ ടാറ്റയെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ബിസിനസുകാരനും രത്തന്‍ ടാറ്റയാണ്. സ്വധവേ വ്യവസായികളെ പുച്ഛത്തോടെയും അസുയയോടെയും നോക്കുന്നവര്‍ ടാറ്റയെ കാണുന്നത് മറ്റൊരു തലത്തിലാണ്.
വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനെങ്കിലും എന്നും ലളിത ജീവിതം നയിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചിട്ടുള്ളതും. തന്റെ ഈ ശൈലി, ടാറ്റാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലും നടപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ജീവിത ഉന്നമനം ഉറപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ ടാറ്റയില്‍ നിന്നുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു നാനോ കാര്‍. ഒരു കുഞ്ഞന്‍ കാറിനെ വിപണിയിലിറക്കാനുള്ള ടാറ്റയുടെ തിരുമാനത്തിന് പിന്നില്‍ സ്വന്തമായൊരു കാര്‍ എന്ന സാധാ രണക്കാരന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു.
എന്നാല്‍ നാനോ കാര്‍ മൂന്നുലക്ഷം യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാനായുള്ളൂ. ഇതു പോലെ ഏവരേയും ഞെട്ടിച്ച ടാറ്റയുടെ മറ്റൊരു ശ്രമമായിരുന്നു എയര്‍ ഇന്ത്യ ഏറ്റെടുക്കല്‍. ലാഭം മാത്രം നോക്കിക്കാണുന്ന ഒരു വ്യവസായി ഈ സാഹസത്തിന് ഒരിക്കലും മുതിരില്ലായിരുന്നു. കടത്തില്‍ മുങ്ങിക്കുളിച്ചൊരു കമ്പനിയെ ഏറ്റെടുത്തു മുന്നോട്ടു നയിക്കുകയെന്നത് എളുപ്പമല്ലെന്നറിഞ്ഞിട്ടും അമ്മാവന്‍ ജെ.ആര്‍.ഡി ടാറ്റ 1932ല്‍ സ്ഥാപിച്ച ടാറ്റാ എയര്‍ലൈന്‍സിനെ വീണ്ടും ടാറ്റാ തറവാട്ടിലേക്ക് തന്നെ എത്തിക്കുയാണ് അദ്ദേഹം ചെയ്തത്. 111,000 കോടി രൂപക്കായിരുന്നു ഏറ്റെടുക്കല്‍. ജെആര്‍ഡി ടാറ്റക്കുള്ള രത്തന്‍ ടാറ്റയുടെ ആദരം കൂടിയായിരുന്നു ഇത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നീ വിമാനക്കമ്പനികള്‍ ടാറ്റയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
ലാഭത്തിന് അമിത പ്രാധാന്യം കൊടുക്കാതെ ഒരു കുടുംബ ബിസിനസിനെ ലോകത്തിലെ ഏറ്റവും മികച്ചതും പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതുമായ ഗ്രൂപ്പുക ളിലൊന്നായി പരിണമിപ്പിച്ചത് രത്തന്‍ ടാറ്റയുടെ മാജിക് ആയി കാണുന്നവരുമുണ്ട്. രാജ്യത്തെ മറ്റ് കുത്തക മുതലാളിമാരും വ്യവസായ മേധാവികളും ലാഭവും സമ്പത്തും സൃഷ്ടിക്കാന്‍ കമ്പനികള്‍ വിനിയോഗിക്കുന്ന കാലത്ത് രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനും പദ്ധതികള്‍ ആരംഭിക്കാനും നല്ലൊരു തുക നീക്കിവെക്കാന്‍ കാരണക്കാരനായ മനുഷ്യന് പ്രണാമം.