X

ബിഹാറിൽ വീണ്ടും നിർമാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണു

ബിഹാറില്‍ പാലം പൊളിയുന്നത് സാധാരണ പോലെയായി. പട്ന ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് അവസാനമായി തകര്‍ന്നുവീണത്. ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സമീപകാലത്ത് ബിഹാറിലെ പല ജില്ലകളിലും ഡസനിലധികം പാലങ്ങളും ക്രോസ്വേകളും തകര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം. ബിഹാര്‍ സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലാണ് ബക്തിയാര്‍പൂര്‍-താജ്പൂര്‍ ഗംഗാ മഹാസേതു പാലം പണിയുന്നത്.

ഇതിന്റെ ഗര്‍ഡറുകളുടെ ബെയറിംഗുകള്‍ മാറ്റിസ്ഥാപിക്കുന്നതിനിടെയാണ് സംഭവം. തൂണുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ അതിലൊന്ന് തകരുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നടന്നുകൊണ്ടിരിക്കുന്ന ജോലികള്‍ പരിശോധിക്കുകയാണെന്നും ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ചീഫ് ജനറല്‍ മാനേജര്‍ പ്രബിന്‍ ചന്ദ്ര ഗുപ്ത പറഞ്ഞു.

കുറേ വര്‍ഷങ്ങളായി പാലം നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2011 ജൂണിലാണ് 5.57 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭക്തിയാര്‍പൂര്‍-താജ്പൂര്‍ ഗംഗാ മഹാസേതുവിന്റെ നിര്‍മാണത്തിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തറക്കല്ലിട്ടത്. 1,602.74 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സമസ്തിപൂരിലെ എന്‍.എച്ച് 28നെയും പട്‌നയിലെ എന്‍.എച്ച് 31നെയും ബന്ധിപ്പിക്കുന്നതാണ് പാലം.

പട്നയിലെ മഹാത്മാഗാന്ധി സേതുവിലെയും മൊകാമയിലെ രാജേന്ദ്ര സേതുവിലെയും ഗതാഗതക്കുരുക്ക് കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൂര്‍ത്തിയാകുമ്പോള്‍ വടക്കും തെക്കും ബിഹാറിനുമിടയിലുള്ള മറ്റൊരു സുപ്രധാന റോഡ് ലിങ്ക് കൂടിയാണിത്.

webdesk13: