കൊച്ചി: നൈറ്റ് പട്രോളിങ്ങിനിടെ കൈക്കൂലി വാങ്ങിയ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. പൊലീസുകാര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ ‘ഓപറേഷന്‍ മിഡ്നൈറ്റ്’ എന്ന പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ പെട്ടത്.
എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നലെ രാത്രി പരിശോധന നടത്തിയിരുന്നു. മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് 2000 രൂപയും പിടികൂടി. മൂവാറ്റുപുഴ ഫ്‌ലൈയിങ് സ്‌ക്വാഡിലെ പൊലീസുകാരന്‍ മദ്യപിച്ച് ലക്കുക്കെട്ട നിലയിലായിരുന്നു. വിജിലന്‍സ് സ്‌ക്വാഡ് എത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ പണം വാഹനത്തിന്റെ സീറ്റനടിയിലേക്ക് എറിയുകയായിരുന്നു. ഹൈവേയില്‍ പരിശോധന നടത്തേണ്ട പൊലീസുകാര്‍ ആളൊഴിഞ്ഞ റോഡില്‍ വിശ്രമിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
വിജിലന്‍സ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ അഞ്ച് ഡിവൈ.എസ്.പിമാര്‍, 12 സി.ഐമാര്‍ കൂടാതെ വിവിധ യൂനിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം 60അംഗ സംഘമാണ് 25 സ്ഥലങ്ങളിലായി പരിശോധന നടത്തിയത്. പരിശോധനയില്‍ എസ്.ഐ ഉള്‍പ്പടെ ഒമ്പതു പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരും. പിടിയിലായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.