X
    Categories: Culture

ചരിത്രംകുറിച്ച് ഒരു മുലയൂട്ടല്‍

 
സിഡ്‌നി: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടിയ ആദ്യ രാഷ്ട്രീയക്കാരിയായി ലാരിസ വാട്ടേഴ്‌സ് ചരിത്രംകുറിച്ചു. ഇടതുപക്ഷ ഗ്രീന്‍സ് പാര്‍ട്ടി അംഗമാണ് വാട്ടേഴ്‌സ്. പ്രസവ അവധി കഴിഞ്ഞ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ തിരിച്ചെത്തിയ അവര്‍ രണ്ടു മാസം പ്രായമുള്ള മകള്‍ അലിയ ജോയിയേയും കൂടെ കൊണ്ടുവന്നിരുന്നു. സഭയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ വിശന്നു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടാന്‍ വാട്ടേഴ്‌സ് മടിച്ചില്ല. അവരുടെ രണ്ടാമത്തെ കുഞ്ഞാണ് അലിയ. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ആദ്യമായാണ് ഒരു അംഗം കുഞ്ഞിനെ മുലയൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ ഇരുന്ന് അംഗങ്ങള്‍ക്ക് മൂലയൂട്ടാന്‍ അനുമതി നല്‍കിക്കൊണ്ട് നിയമത്തില്‍ വരുത്തിയ ഭേദഗതിയാണ് വാട്ടേഴ്‌സിന് ആശ്വാസമായത്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം പാര്‍ലമെന്റില്‍ മുലയൂട്ടുന്ന ആദ്യ അംഗമാണ് വാട്ടേഴ്‌സ്. ഇതുവരെ ആരും അതിന് ധൈര്യപ്പെട്ടിരുന്നില്ല. എട്ടുവര്‍ഷം മുമ്പ് രണ്ടു വയസുള്ള മകളുമായി വന്ന ഗ്രീന്‍സ് പാര്‍ട്ടി അംഗം സാറ ഹന്‍സണ്‍ യങിനെ പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ പാര്‍ലമെന്റില്‍ ഇരുന്ന് പാല്‍കുടിച്ച ആദ്യ കുഞ്ഞ് തന്റെ മകളായതില്‍ അഭിമാനിക്കുന്നതായി വാട്ടേഴ്‌സ് ട്വിറ്ററില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ കൂടുതല്‍ അമ്മമാരും രക്ഷിതാക്കളും എത്തട്ടെയെന്നം അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടി ഒരു ഐസ് ലാന്‍ഡ് എംപിയും വാര്‍ത്താ ശ്രദ്ധനേടിയിരുന്നു.

chandrika: