X

സര്‍ക്കാരിന് പ്രഹരം; നവകേരളാ സദസ് നടത്തിപ്പ് ചെലവ് കളക്ടര്‍മാര്‍ കണ്ടെത്തണമെന്ന ഉത്തരവിന് സ്റ്റേ

നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. എന്നാല്‍ പണം കണ്ടെത്താനുള്ള ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്തിട്ടില്ല.

അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഐഎഎസ് ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ ജീവനക്കാരും നവകേരളാ സദസിന്റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം. ഹര്‍ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.

സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ജില്ലാ കളക്ടര്‍മാര്‍ നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരം ജില്ലാ കളക്ടര്‍മാര്‍ പാരിതോഷികങ്ങള്‍ കൈപ്പറ്റാന്‍ പാടുള്ളതല്ല, കൂടാതെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടികള്‍ക്കാണെങ്കില്‍ കൂടി പണം കണ്ടെത്താനും പാടില്ല. അതിനാല്‍ സര്‍ക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

 

webdesk13: