X

അസം സർക്കാറിന് തിരിച്ചടി; ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം നൽകി

അസമില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായ 5 കുടുംബങ്ങള്‍ക്ക് 30 ലക്ഷം നല്‍കി അസം സര്‍ക്കാര്‍. കോടതി ഇടപെടലിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കിയത്. നാഗോണ്‍ ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് വര്‍ഷം മുമ്പാണ് അഞ്ച് കുടുംബങ്ങളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിന്റെ വിശദാംശങ്ങള്‍ അസം സര്‍ക്കാറിന്റെ അഭിഭാഷകന്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നാഗോണ്‍ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് 5 കുടുംബങ്ങള്‍ക്ക് തിങ്കളാഴ്ച നഷ്ടപരിഹാരം വിതരണം ചെയ്തത്.

2022 മെയ് 21ന് നാഗോണ്‍ ജില്ലയിലെ സലോനബാരി ഗ്രാമത്തില്‍ നിന്നുള്ളവരാണ് ബട്ടദ്രാവ പൊലീസ് സ്റ്റേഷന് തീയിടുന്നത്. മീന്‍ വില്‍പ്പനക്കാരനായ ഇസ്‌ലാം എന്നായാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ സംഭവത്തില്‍ പ്രതികളാണെന്ന് ആരോപിച്ച് 5 കുടുംബങ്ങളുടെ വീടുകള്‍ പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഈ വീടുകള്‍ നിയമവിരുദ്ധമായും വ്യാജ രേഖകള്‍ ഉപയോഗിച്ചും നിര്‍മിച്ചതാണെന്നായിരുന്നു പൊലീസ് വാദം.

കേസില്‍ കഴിഞ്ഞവര്‍ഷം വാദം കേള്‍ക്കുമ്പോള്‍, വീട് നഷ്ടമായ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ഛായയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. വീടുകള്‍ പൊളിച്ചത് നിയമ വിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. അന്വേഷണത്തിന്റെ പേരില്‍ അനുമതിയില്ലാതെ ആരുടെയും വീട് തകര്‍ക്കാന്‍ പൊലീസിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ പൊലീസ് സൂപ്രണ്ടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

2024 ഏപ്രില്‍ 24ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സംസ്ഥാന സര്‍ക്കാറിന് നഷ്ടപരിഹാരം സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചു. വലിയ വീടുകള്‍ക്ക് 10 ലക്ഷവും കുടിലുകള്‍ക്ക് 2.5 ലക്ഷം വീതവുമാണ് നഷ്ടപരിഹാരമായി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച നഷ്ടപരിഹാരം നല്‍കിയത്.

വീടുകള്‍ നിയമവിരുദ്ധമായി തകര്‍ത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിവരങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നാലാഴ്ചത്തെ സമയം ചോദിച്ചു.

ഇസ്‌ലാമിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഒളിപ്പിച്ച ആയുധങ്ങളും മയക്കുമരുന്ന് വസ്തുക്കളും കണ്ടെത്താനായാണ് വീടുകള്‍? പൊളിച്ചതെന്ന് ഹരജിക്ക് മറുപടിയായി നാഗോണ്‍ എസ്.പി ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാലിയാബോര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. കുടുംബങ്ങള്‍ പൊലീസുമായി സഹകരിക്കാത്തതിനാല്‍ പ്രതികളുടെ വീടുകളില്‍ നിന്ന് കള്ളക്കടത്ത് വസ്തുക്കളൊന്നും കണ്ടെത്താനായില്ല. എന്നാല്‍, ഇവിടെ ആയുധങ്ങളും മയക്കുമരുന്നുകളും ഉണ്ടെന്ന് രഹസ്യവിവരം നല്‍കിയവര്‍ അറിയിച്ചിരുന്നു.

അതിനാല്‍, പരിസരത്ത് സമഗ്ര പരിശോധന വേണ്ടിവന്നു. ഇതിന്റെീ ഭാഗമായാണ് വീടിന്റെ പരിസരം ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒരു റിവോള്‍വറും 6500 നൈട്രാസെപാം ഗുളികകളും കണ്ടെടുത്തതായും സത്യവാങ്മൂലത്തില്‍ പൊലീസ് അറിയിച്ചു.

webdesk13: