ന്യൂഡല്‍ഹി: വനിത മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് സി.ടി രവി അറസ്റ്റില്‍. ബി.ജെ.പിയുടെ കര്‍ണാടക എം.എല്‍.സിയാണ് സി.ടി രവി. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെതിരെയാണ് സി.ടി രവി അധിക്ഷേപ പരാമര്‍ശം നടത്തിയത്.
കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ കര്‍ണാടക വനിത-ശിശു വികസന മന്ത്രിയായ ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ തനിക്കെതിരെ സി.ടി രവി മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു. ഹെബ്ബാല്‍ക്കറിനെതിരെ നിരവധി തവണ സി.ടി രവി മോശം പരാമര്‍ശം നടത്തിയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
വാക്കുകളിലൂടേയോ ആംഗ്യങ്ങളിലൂടെയോ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് പ്രകാരം ബി.ജെ.പിയുടെ മുന്‍ ദേശീയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ബെല്‍ഗാവിയിലെ സുവര്‍ണ വിദാന്‍ സൗധയില്‍ നിന്നാണ് ബി.ജെ.പി നേതാവിനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ സി.ടി രവിയെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കും.