X

തദ്ദേശ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയത് അംഗീകരിക്കാനാകില്ല; പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി

 തദ്ദേശ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.  സബ്ജക്ട് കമ്മിറ്റിയിലും സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ബില്‍ വീണ്ടും സഭയുടെ പരിഗണനയിക്ക് എത്തുമ്പോഴും പ്രതിപക്ഷത്തിന് ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. അത് ബോധപൂര്‍വം ഇല്ലാതാക്കുന്ന നടപടിയാണ് ഇന്നുണ്ടായത്.

അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് സഭാതലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അജണ്ടയില്‍ പറഞ്ഞിരുന്നതിന് വിരുദ്ധമായി ബില്ലുകള്‍ പരിഗണനയ്‌ക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ മന്ത്രിക്ക് അനുമതി നല്‍കുകയും ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ സഭ പാസാക്കുകയുമായിരുന്നു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കുന്ന ഇത്തരം സമീപനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

 കത്ത് പൂര്‍ണരൂപത്തില്‍:

ബഹു. സ്പീക്കര്‍,

2024-ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കാതെ ചട്ടം ഇളവ് ചെയ്തുകൊണ്ട് ഇന്ന് (10.6.24) നിയമസഭ പാസാക്കിയ നടപടിയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു;

മേല്‍പ്പറഞ്ഞ രണ്ട് ബില്ലുകളും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന പ്രമേയമാണ് അജണ്ട പ്രകാരം ഇന്ന് സഭയില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. മദ്യനയത്തില്‍ മാറ്റം വരുത്തുന്നതില്‍ അഴിമതി നടന്നുവെന്ന വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയ മന്ത്രിയും മുഖ്യമന്ത്രിയും ഈ കാര്യത്തില്‍ ഫലപ്രദമായ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സാമാജികര്‍ സഭയില്‍ പ്രതിഷേധിച്ചു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ജനഹിതം പ്രതിഫലിപ്പിക്കുന്നതിനായി ഇത്തരം പ്രതിഷേധങ്ങള്‍ നിരവധി തവണ സഭാതലത്തില്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സഭാ നടപടികള്‍ അല്‍പനേരം നിര്‍ത്തിവെച്ച് പ്രശ്നപരിഹാരത്തിന് സ്പീക്കര്‍ ശ്രമം നടത്തുന്നതാണ് കീഴ് വഴക്കം. തുടര്‍ന്ന് സഭ സമ്മേളിക്കുമ്പോഴും നടപടികള്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെങ്കില്‍ അജണ്ടയിലെ അനിവാര്യമായി പൂര്‍ത്തീകരിക്കേണ്ട ബിസിനസുകള്‍ പരിഗണിച്ച ശേഷം സഭ പിരിയുന്ന രീതിയാണ് സാധാരണഗതിയില്‍ സ്പീക്കര്‍മാര്‍ പിന്തുടരുന്നത്. എന്നാല്‍, സഭാതലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്നെ അജണ്ടയില്‍ വ്യക്തമാക്കിയതിന് വ്യത്യസ്തമായി പ്രസ്തുത ബില്ലുകള്‍ പരിഗണനയ്ക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കുവാന്‍ സ്പീക്കര്‍ മന്ത്രിക്ക് അനുമതി നല്‍കുകയും ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ സഭ പാസാക്കുകയുമാണ് ഉണ്ടായത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിയമനിര്‍മ്മാണത്തില്‍ പ്രതിപക്ഷസാമാജികര്‍ക്ക് അവരുടെ നിര്‍ദ്ദേശങ്ങളും വാദഗതികളും അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് ഇല്ലാതായത്. സബ്ജക്ട് കമ്മിറ്റിയിലും, സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ബില്‍ പരിഗണിക്കുമ്പോള്‍ അതിന്‍മേല്‍ ഭേദഗതി അവതരിപ്പിക്കാനും പ്രതിപക്ഷത്തിന് അവസരമുണ്ടായിരുന്നു. അത് ബോധപൂര്‍വം ഇല്ലാതാക്കുന്ന നടപടിയാണ് ഇന്നുണ്ടായത്.

കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തുടങ്ങിയ ദിവസമാണിന്ന്. ജൂലൈ 25 വരെ സമ്മേളനം ഉണ്ടെന്നിരിക്കെ ഇത്ര ധൃതിവച്ച് ബില്‍ പാസാക്കിയതിന് പിന്നിലെ ഉദ്ദേശ്യം ദുരൂഹമാണ്. തികഞ്ഞ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സഭയിലുണ്ടായത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന ഇത്തരം സമീപനം അംഗീകരിക്കാനാകില്ല. സ്പീക്കറുടെ ഭാഗത്ത് നിന്നും ഉചിതമായ റൂളിങ് പ്രതീക്ഷിക്കുന്നു.

webdesk13: