X

കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ന് കാത്തിരിക്കുന്നത് ബെംഗളൂരു പരീക്ഷണം

ബെംഗളൂരു: ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അതിര്‍ത്തിയങ്കം. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്.സി. പ്ലേ ഓഫ് ഉറപ്പിക്കാത്ത, അതിന് സാധ്യതയുള്ള രണ്ട് കരുത്തര്‍ മുഖാമുഖം വരുന്നത് രാത്രി 7-30ന്. ടേബിളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന, മൂന്ന് മല്‍സരങ്ങള്‍ മാത്രം ബാക്കിയുള്ള മഞ്ഞപ്പടക്ക് ഇന്ന് ജയിച്ചാല്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ഒന്നുറപ്പ്. ആറാം സ്ഥാനത്താണ് ബെംഗളൂരു. 17 കളികളില്‍ 25 ല്‍ നില്‍ക്കുന്ന അവരുടെ സാധ്യതകളും അവസാനിച്ചിട്ടില്ല. അവസാന അഞ്ച് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ഉദ്യാന നഗരിക്കാരുടെ വരവ്. അസാമാന്യ ഫോമില്‍ അവര്‍ നില്‍ക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രശ്‌നം ആടിയുലയുന്ന പ്രതിരോധം തന്നെ. ഈസ്റ്റ് ബംഗാളിന് മുന്നില്‍ തല താഴ്ത്തി നാണക്കേട് ചോദിച്ചു വാങ്ങിയ ടീം ദിവസങ്ങള്‍ക്ക്് മുമ്പ് സ്വന്തം വേദിയില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം രണ്ട് ഗോളടിച്ച് ചെന്നൈ എഫ്.സിക്കെതിരെ കരുത്ത് തെളിയിച്ചിരുന്നു. കോച്ച് ഇവാന്‍ വുകുമനോവിച്ചിന്റെ ആശ്വാസവും പ്രതീക്ഷയും ഈ തിരികെ വരവ് തന്നെ.

ഇന്ന് ജയിച്ചാല്‍ ബ്ലാസ്്‌റ്റേഴ്‌സിന് കാര്യമായ സമ്മര്‍ദ്ദമില്ലാതെ അവസാന രണ്ട് മല്‍സരങ്ങള്‍ കളിക്കാം. 18 ന് ഏ.ടി.കെ മോഹന്‍ ബഗാനുമായാണ് അടുത്ത മല്‍സരം. അവസാന ഗ്രൂപ്പ് മല്‍സരം കൊച്ചിയിലാണ്. ശക്തരായ ഹൈദരാബാദ് എഫ്.സിയുമായാണ് മുഖാമുഖം. ഇന്ന് ജയിച്ചാല്‍ മഞ്ഞപ്പടയുടെ സമ്പാദ്യം 34 ലേക്ക് വരും. പിന്നെ പേടിക്കാനില്ലെന്ന് പറയുന്ന വുകുമനോവിച്ച് തന്നെ താരങ്ങളുടെ പരുക്കിലും ആശങ്ക പ്രകടിപ്പിക്കുന്നു. താരങ്ങളുടെ പരുക്ക് സ്വാഭാവികമാണ്. വലിയ ചാമ്പ്യന്‍ഷിപ്പാണ്. അതിനിടെ പലര്‍ക്കും പരുക്കേല്‍ക്കും. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് പ്രശ്‌നം പ്രധാന താരങ്ങളില്‍ പലരും ആരോഗ്യ പ്രയാസങ്ങള്‍ നേരിടുകയാണെന്ന് കോച്ച് പറഞ്ഞു.

ഇന്ന് മറ്റൊരു മല്‍സരവുമുണ്ട്. വൈകീട്ട് 5-30 ന് ഗോവക്കാര്‍ മുംബൈ സിറ്റി എഫ്.സിയുമായി കളിക്കുന്നു. ടേബിളില്‍ 17 കളികളില്‍ നിന്ന് 28 പോയിന്റുമായി അഞ്ചാമതാണ് ഗോവക്കാര്‍. അവസാന മൂന്ന് മല്‍സരങ്ങളില്‍ ജയിച്ചാല്‍ അവര്‍ക്കും സാധ്യത നിലനില്‍ക്കുമ്പോള്‍ മുംബൈക്ക് പേടിക്കാനൊന്നുമില്ല. 43 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

 

webdesk11: