കോടതി ഹാളില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബെഞ്ച് ക്ലാര്‍ക്കിന് 23 വര്‍ഷം കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കായിരുന്ന മറ്റൂര്‍ അച്ചാണ്ടിവീട്ടില്‍ മാര്‍ട്ടിനെയാണ് (53) പറവൂര്‍ അഡീഷണല്‍ ജില്ലാകോടതി ശിക്ഷിച്ചത്.
ഇതേ കോടതിയിലെ താല്‍ക്കാലിക ജീവനക്കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. 2016 ഫെബ്രുവരി 10 മുതല്‍ മേയ് 24 വരെയുള്ള കാലയളവില്‍ കോടതിഹാള്‍, ശൗചാലയം എന്നിവിടങ്ങളില്‍ വച്ചായിരുന്നു ലൈംഗികപീഡനം. കൃത്യം നടന്നത് കോടതിയിലായതിനാലും പ്രതി കോടതിയുടെ ബെഞ്ച് ക്ലാര്‍ക്കായതും കേസിനെ ശ്രദ്ധേയമാക്കി.
പ്രതിയുടെ പീഡനം കാരണം മാനസികനില തകരാറിലായ യുവതി ഭര്‍ത്താവിനോട് കാര്യംപറഞ്ഞു. ഭര്‍ത്താവ് യുവതിയെ കൗണ്‍സലിംഗിന് വിധേയയാക്കിയശേഷം ആലുവ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ടി ജി വിജയന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തെ വകുപ്പുതല അന്വേഷണം നടത്തി മാര്‍ട്ടിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.