X

അസഹിഷ്ണുതയുടെ വിളയാട്ടം

സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉദ്‌ഘോഷിച്ച് ലോകമെങ്ങും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷ പൂര്‍വം കൊണ്ടാടുകയാണ്. ആധുനിക സങ്കേതങ്ങളുടെ ഉത്തുംഗതയില്‍ വിരാചിക്കുമ്പോഴും മാനവികമൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ആശങ്കയുടെ കാര്‍മേഘങ്ങളായി ലോകത്തിനുമുന്നില്‍ നിലകൊള്ളുകയാണ്. പിറന്നുവീണ മണ്ണില്‍ നിന്നുള്ള ആട്ടിയോടിക്കപ്പെടലും, ദുര്‍ബല വിഭാഗങ്ങളുടെ മേലുള്ള കൈയ്യൂക്കുള്ളവന്റെ കടന്നുകയറ്റവും, രാഷ്ട്രാന്തരീയ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള രാജ്യങ്ങളുടെ പരമാധികാരത്തിലേക്കുള്ള ഇരച്ചുകയറുലുകളുമെല്ലാം ഈ ആശങ്കകള്‍ക്ക് അടിവരയിട്ടുകൊണ്ടിരിക്കുകയാണ്.

സ്‌നേഹത്തിന്റെറെയും കരുണയുടെയും ഉറവകള്‍ മണ്ണില്‍നിന്നും മനസ്സില്‍ നിന്നും ഒരുപോലെ വറ്റിക്കൊണ്ടിരിക്കുന്നതാണ് എല്ലാ അതിക്രമങ്ങളുടെയും അന്തസത്ത. സങ്കീര്‍ണമായ ഈ ലോകക്രമത്തിലാണ് ക്രിസ്തുമസിന്റെ സന്ദേശങ്ങള്‍ നാള്‍ക്കുനാള്‍ പ്രസക്തമാകുന്നത്. എന്നാല്‍ മനസ്സുകളെ അടുപ്പിക്കാനും സ്‌നേഹവും കരുണയും വ്യാപിപ്പിക്കാനുമുള്ള ദൃഢ പ്രതിജ്ഞയുടെ ഈ സമ്മോഹന മുഹൂര്‍ത്തത്തെപ്പോലും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും തീമഴവര്‍ഷിപ്പിക്കാനുള്ള അവസരമായിക്കാണുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിനാണ് നമ്മുടെ നാട് നിലവില്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

പാലക്കാട് നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെയും കുട്ടികളെയും സംഘ്പരിവാര്‍ സംഘടനകളിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയും പിന്നാലെ തത്തമംഗലം ജി.ബി.യു.പി.എസില്‍ പുല്‍ക്കൂടു തകര്‍ത്തതും ഫാസിസ്റ്റുകളുടെ ഈ കുടില ചിന്താഗതികള്‍ക്ക് അടിവരയിടുകയാണ്. ഇന്ദ്രപ്രസ്ഥത്തില്‍ കത്തോലിക്ക ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി െ്രെകസ്തവ സ്‌നേഹം ചാലിട്ടൊഴുക്കിക്കൊണ്ടിരിക്കുന്ന അതേ സാഹചര്യത്തിലാണ് കേരളത്തില്‍ ഈ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറിയത് എന്നത് രാജ്യം ഭരിക്കുന്നവരുടെ ന്യൂനപക്ഷ സ്‌നേഹത്തിന്റെ പൊള്ളത്തരങ്ങളാണ് തുറന്നുകാണിക്കുന്നത്.

കേരളത്തില്‍ തന്നെ ക്രിസ്തുമത വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ കേക്കും ആശംസയുമായി ബി.ജെ.പി നേതാക്കള്‍ ബിഷപ് ഹൗസുകളിലും െ്രെകസ്തവ വീടുകളിലുമെത്തുന്ന ‘സ്‌നേഹസന്ദേശയാത്ര’ തുടങ്ങും മുമ്പാണ് ഈ ആക്രമണങ്ങള്‍ എന്നത് എത്ര വിരോധാഭാസമാണ്. പുള്ളിപ്പുലിക്ക് പുള്ളിമായ്ക്കാന്‍ കഴിയില്ല എന്നതുപോലെ സംഘ്പരിവാറിന് അവരുടെ ന്യൂനപക്ഷ വിരുദ്ധത മറച്ചുപിടിക്കാനാവില്ല എന്നതിന്റെ തെളിവാണീ സംഭവങ്ങള്‍.

മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ദലിതരെയും പൗരന്‍മാരായി പോലും അംഗീകരിക്കാത്ത ഹിന്ദുത്വ ദേശീയതയില്‍നിന്നും, വിചാരധാരയില്‍ നിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതാണ് പാലക്കാട്ടെ അതിക്രമങ്ങള്‍ നല്‍കുന്ന സന്ദേശം. ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹപരവും ത്യാഗപൂര്‍ണവുമായ ജീവി തം മാതൃകയാക്കുന്നവര്‍ക്കെതിരെ സംഘ്പരിവാരത്തി നുണ്ടാകുന്ന വിദ്വേഷം സ്വാഭാവികം മാത്രമാണ്. നിന്നെ പോലെ നിന്നെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന മാനവികതയുടെ മഹത്വം ഉദ്‌ഘോഷിക്കുന്നവരോട് സമരസപ്പെടാന്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറുന്ന വര്‍ക്ക് ഒരിക്കലും സാധിക്കില്ല. സംഘ്പരിവാരത്തിന്റെ കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലാണെന്നതിന്റെ സൂചനകളാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്. ക്രിസ്മസും പെരുന്നാളുമൊന്നും ദേശീയ സംസ്‌കാരത്തിന് യോജിച്ച ആഘോഷങ്ങളല്ലെന്നും ഇവയെല്ലാം വൈദേശികാധിപത്യത്തിന്റെ അനന്തരഫലങ്ങളാണെന്നുമാണ് ഫാസിസ്റ്റുകളുടെ പ്രഖ്യാപിത നിലപാട്.

ഒറീസയില്‍ ഗ്രഹാം സ്‌റ്റെയിനിനെയും കുട്ടികളെയും ചുട്ടുകൊന്നതും കന്ദമഹലില്‍ ക്രിസ്ത്യാനികള്‍ ക്കും പള്ളികള്‍ക്കും നേരെ നടന്ന ആക്രമണ പരമ്പരയും ഉത്തര്‍ പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ഹിന്ദുത്വ വാദികള്‍ നടത്തിയ ക്രൂരമായ ആക്രമണവും യു.പിയില്‍ ഹിന്ദുജാഗരണ്‍ മഞ്ച് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതു മെല്ലാം ക്രിസ്ത്യന്‍ സമൂഹത്തിന് മറക്കാന്‍ കഴിയാത്ത വേദനകളാണ്. മണിപ്പൂരിലെ കലാപാഗ്‌നി ആളിക്കത്തി ക്കൊണ്ടിരിക്കുകയും ക്രൈസ്തവ സഹോദരങ്ങളുള്‍പ്പെടെയുള്ള നിരപരാധികള്‍ ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അവിടേക്ക് തിരിഞ്ഞുനോക്കാത്തത് അശ്രദ്ധകൊണ്ടോ അലംഭാവം കൊണ്ടോ അല്ല, അദ്ദേഹത്തെ നയിക്കുന്നത് സംഘ് പരിവാര്‍ പ്രത്യയശാസ്ത്രമാണെന്നതാണ്. മാനവികതയുടയും മത സൗഹാര്‍ദ്ദത്തിന്റെയും എണ്ണിയാലൊടുങ്ങാ ത്ത മഹാമാതൃകകള്‍ ലോകത്തിന് സമ്മാനിച്ച കേരളക്കരക്ക് അപരിചിതമയാ ഇത്തരം പ്രവണതകളെ മുളയിലേനുള്ളിക്കളയാന്‍ അധികാര കേന്ദ്രങ്ങളും പൊതു സമൂഹവും ഒരുപോലെ ജാഗ്രത കാണിക്കേണ്ടതുണ്ട്.

webdesk13: