Categories: Article

ജനാധിപത്യത്തിലെ മോശം ദിനം


വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അംഗീകാരം നല്‍കിയ ദിവസത്തെ ജനാധിപത്യത്തിലെ മോശം ദിനം എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചിരിക്കുന്നത്. വഖഫ് എന്ന തീര്‍ത്തും മതപരമായ ഒരു കര്‍മത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കുതന്നെ ഘടക വിരുദ്ധമായിട്ടുള്ള നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലില്‍ എന്‍.ഡി.എയിലെ സഖ്യകക്ഷികള്‍ തന്നെ എതിര്‍പ്പുന്നയിച്ചതോടെയാണ് സര്‍ക്കാര്‍ ജെ.പി.സി ക്ക് വിടാനുള്ള തീരുമാനത്തിലേക്കെത്തിയത്. മൂന്നാം മോദി സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന ജെ.ഡി.യുവിനെയും ടി. ഡി.പി.യെയും അനുനയിപ്പിക്കാനുള്ള രാഷ്ട്രീയനീക്കം എന്നതിനോടൊപ്പം തങ്ങള്‍ ഉദ്ദേശിച്ചതുപോലെ തന്നെ നിയമം കൊണ്ടുവരാനുള്ള ശ്രമംകൂടിയായിരുന്നു ജെ.പി.സിയി ലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെച്ചിരുന്നതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സമിതിയില്‍ ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികളും വോട്ടിനിട്ടു തള്ളുകയും ഭരണപക്ഷത്തിന്റെ 14 ഭേദഗതികളും പാസാക്കിയെടുക്കുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അടിവരയിട്ടു കൊണ്ട് ജനാധിപത്യം പച്ചയായി കശാപ്പുചെയ്യപ്പെടുക തന്നെയാണ് ചെയ്തിരിക്കുന്നത്.

ജെ.പി.സി വെറും പ്രഹസനമായിരുന്നുവെന്ന് തെളിയിക്കുന്ന നടപടികളാണ് സമിതിയുടെ പ്രവര്‍ത്തന കാലയളവിലും ചെയര്‍മാനുള്‍പ്പെടെ ഭരണകക്ഷി അംഗങ്ങള്‍ സ്വീകരിച്ചിരുന്ന നിലപാടുകള്‍. അംഗങ്ങള്‍ക്ക് അവരുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ മതിയായ കാലതാമസം നല്‍കാത്തതിനെ പ്രതിപക്ഷം നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സിറ്റിങ്ങുകള്‍ക്കു ശേഷം അവ ക്രോഡീകരിക്കാന്‍ പോലും സമയം നല്‍കാതെയാണ് ചെയര്‍മാന്‍ യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തിലാവട്ടെ പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ ഒരാവര്‍ത്തി വായിച്ചു നോക്കാനോ അവരെ സംസാരിക്കാനോ പോലും അനുവദിക്കുകയുണ്ടായില്ല. മാത്രമല്ല, ഭരണകക്ഷിയുടെ ഭേദഗതികള്‍ എ ന്താണെന്ന് പരിശോധിക്കാനുള്ള അവസരവും പ്രതിപക്ഷത്തിന് നല്‍കുകയുണ്ടായില്ല. നിയമങ്ങളും നടപടിക്രമങ്ങളുമൊന്നും പരിഗണിക്കാതെ നടത്തിയിട്ടുള്ള ഈ നീക്കങ്ങളില്‍ നിന്നും മുന്‍കൂട്ടി തയാറാക്കിയ അജണ്ടയുടെ പുറത്തായിരുന്നു സമിതിയുടെ പ്രവര്‍ത്തനങ്ങളെന്ന് കൃത്യമായി ബോധ്യമായിരിക്കുകയാണ്. ബഹളമുണ്ടാക്കിയെന്നാരോപി ച്ച് സമിതി യോഗത്തില്‍ നിന്ന് 10 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റുചെയ്യുന്ന അസാധാരണ സാഹചര്യംവരെ ഉണ്ടാകുകയും ചെയ്തു.

ഈ മാസം 31 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വഖഫ് ബില്‍ പാസാക്കിയെടുക്കുകയും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കിമാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാറുള്ളത്. അതുവഴി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടത്തുകയും മറ്റിടങ്ങളിലെന്നപോലെ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളുമൊന്നും ചര്‍ച്ചയാക്കാതിരിക്കുകയുമാണ് ബി.ജെ.പിയുടെ അജണ്ട. പക്ഷേ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും നിയമപരമായല്ല ബില്‍ പാസാക്കുന്നതെങ്കില്‍ അതിനെതിരെ നിയമവഴി സ്വീകരിക്കുമെന്നുമുള്ള പ്ര തിപക്ഷത്തിന്റെ മുന്നറിയിപ്പ് സര്‍ക്കാറിനെ പ്രതിരോധത്തി ലാക്കാന്‍ പര്യാപ്തമാണ്. കാരണം ബില്ലില്‍ നേരത്തെത ന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുള്ള സര്‍ക്കാറിലെ സഖ്യകക്ഷികള്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് മോദിയുടെയും കൂട്ടരുടെയും ചങ്കിടിപ്പ് വര്‍ധിപ്പിക്കുകതന്നെ ചെയ്യും. എന്തായാലും മുന്‍കാലങ്ങളിലെ പോലെ ദോശചുട്ടെടുക്കുന്നതു പോലെ നിയമം ബില്‍പാസാക്കിയെടുക്കാനുള്ള സാഹചര്യമല്ല നിലവില്‍ സഭയിലുള്ളത് മറ്റാരെക്കാളും നന്നായറിയാവുന്നത് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിമാര്‍ക്കുമെല്ലാമാണ്.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കിയതും ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള മറ്റൊരു വെല്ലുവിളിയാണെന്ന് പറയാതിരിക്കാനാവില്ല. രാജ്യത്ത് യു.സി.സി നടപ്പിലാക്കുന്നതിന്റെ പരീക്ഷണമെന്ന നിലയിലാണ് ഉത്തരാഖണ്ഡ് യു.സി .സിയെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ഗോത്ര വിഭാഗങ്ങളെ യു.സി.സിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടാണ് ഉത്തരാഖണ്ഡിലെ യു.സി.സി. ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ഇത് സാരമായി ബാധിക്കുന്നത്. 2022 ലെ ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു അധികാരത്തിലെ ത്തിയാല്‍ യു.സി.സി നടപ്പിലാക്കുമെന്നത്. യുസിസി പോര്‍ട്ടല്‍ അനാച്ഛാദനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് യു.സി.സി നടപ്പിലായതായി അറിയിച്ചത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ഉത്തരാഖണ്ഡ് രാജ്യത്തിനാകെ മാതൃകയാണെന്ന് കഴിഞ്ഞ ദിവസം പുഷ്‌കര്‍ സിങ് ധാമി പറഞ്ഞിരുന്നു. വിവാഹം, ലിവ്ഇന്‍ റിലേഷന്‍, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ നിയമങ്ങളില്‍ ഇതോടെ മാറ്റമുണ്ടാകുകയാണ്. പൗരന്മാര്‍ക്കെല്ലാം ഒരേ നിയമമാകും ബാധകമാകുക. ഇതോടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനംചെയ്യുന്ന അവകാശങ്ങളുടെ കടക്കലാണ് ഭരണകൂടങ്ങള്‍ കത്തി വെക്കാന്‍ ആരംഭിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള അവകാശങ്ങളെ നോക്കുകുത്തിയാക്കി മാറ്റുമ്പോള്‍ അതെങ്കിലും മതവിഭാഗത്തോടുള്ള വെല്ലുവിളി എന്നതിനേക്കാളുപരി ജനാധിപത്യത്തോടുള്ള യുദ്ധപ്രഖ്യാപനമായാണ് മാറുന്നത്.

webdesk18:
whatsapp
line