മുംബൈ: 77കാരിയെ ഒരു മാസത്തോളം ഡിജിറ്റല്‍ തടവില്‍വെച്ച് സൈബര്‍ തട്ടിപ്പ് സംഘം. ഇവരില്‍ നിന്നും 3.8 കോടി രൂപ പലപ്പോഴായി സംഘം കൈക്കലാക്കിയിരുന്നു. മുംബൈയില്‍ ഭര്‍ത്താവുമൊത്ത് താമസിക്കുകയായിരുന്നു ഇവര്‍. ഇതിനിടെ മുംബൈ പൊലീസില്‍ നിന്നാണെന്ന് കബളിപ്പിച്ച് പ്രതികള്‍ സമീപിക്കുകയായിരുന്നു. വാട്സ്ആപ്പ് കോളാണ് ആദ്യം ലഭിച്ചത്. തങ്ങള്‍ മുംബൈ പൊലീസില്‍നിന്നാണെന്നും അവര്‍ അയക്കാന്‍ ശ്രമിച്ച കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്.
താന്‍ കൊറിയര്‍ അയച്ചിട്ടില്ലെന്ന് വൃദ്ധ വ്യക്തമാക്കിയിരുന്നു. നാല് കിലോ വസ്ത്രം, എംഡിഎംഎ, അഞ്ച് പാസ്പോര്‍ട്ട്, ബാങ്ക് കാര്‍ഡ് എന്നിവയാണ് കൊറിയറില്‍ ഉള്ളതെന്നാണ് തട്ടിപ്പ് സംഘം പറഞ്ഞിരുന്നത്. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റാരെങ്കിലും കൊറിയര്‍ അയച്ചതാകാമെന്നും മുംബൈ പൊലീസിനോട് സംസാരിക്കണമെന്നും സംഘം നിര്‍ദേശിച്ചു. ഇതിന് പിന്നാലെ മുംബൈ പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിലെ മറ്റൊരാള്‍ വൃദ്ധയെ വിളിച്ചു. കള്ളപ്പണക്കേസില്‍ 77കാരിയുടെ ആധാര്‍കാര്‍ഡ് ലിങ്ക് ആയിട്ടുണ്ടെന്നായിരുന്നു പ്രതികരണം. സ്‌കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും 24 മണിക്കൂറും എല്ലാ ദിവസവും തങ്ങളുമായി വീഡിയോ കോളിലായിരിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ വേണ്ടിയാണിതെന്നായിരുന്നു വിശദീകരണം.
ഐപിഎസ് ഓഫീസറെന്ന് തെറ്റിദ്ധരിപ്പിച്ച് സംഘത്തിലെ ആനന്ദ് റാണ എന്നയാള്‍ സ്ത്രീയില്‍ നിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി. പിന്നീട് ഐപിഎസ് ഉദ്യോഗസ്ഥനെന്ന് വിശേഷിപ്പിച്ച് വീഡിയോ കോളിലെത്തിയ മറ്റൊരാള്‍ കേസന്വേഷണത്തിനായി പണം കൈമാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. പല തവണകളായി സംഘം ഇവരില്‍ നിന്നും പണം വാങ്ങി. അന്വേഷണത്തില്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയാല്‍ പണം തിരിച്ച് നല്‍കുമെന്ന് സംഘം പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപ തിരിച്ച് നല്‍കുകയും ചെയ്തതോടെ വൃദ്ധയ്ക്ക് സംഘത്തില്‍ വിശ്വാസമുണ്ടായി. ഇതിന് പിന്നാലെയാണ് പലപ്പോഴായി മൂന്ന് കോടിയിലധികം തട്ടിപ്പുകാര്‍ കൈപ്പറ്റിയത്.
എന്നാല്‍ പണം തിരിച്ചു ലഭിക്കാതിരിക്കുകയും സംഘം കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തതോടെ ഇവര്‍ വിദേശത്ത് താമസിക്കുന്ന മകളെ വിവരമറിയിക്കുകയായിരുന്നു. പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെ വൃദ്ധ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.