കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യന്‍ പതാക നിര്‍മിക്കുന്ന 71 കാരന്‍ ശ്രദ്ധേയമാകുന്നു. ഡല്‍ഹിയിലെ സദര്‍ ബസാറില്‍ ഇടുങ്ങിയ മുറിയിലിരുന്ന് അബ്ദുല്‍ ഗഫാര്‍ ഒരു ദിവസം 1.5 ലക്ഷം ത്രിവര്‍ണ പതാക നിര്‍മിച്ച് റെക്കോഡ് സ്ഥാപിച്ചു. വരാനിരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി കടയ്ക്കുള്ളിലെ നാല് മുറികളും ദേശീയ പതാക കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, ആഗസ്ത് 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസത്തെ കാലയളവില്‍ 20 കോടി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ‘ഹര്‍ ഘര്‍ തിരംഗ’ എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
‘സാധാരണയായി, ആഗസ്ത് 15 ന് അടുത്തുവരുമ്പോള്‍ ഞങ്ങള്‍ ഒരു ദിവസം 4,000 മുതല്‍ 5,000 വരെ പതാകകള്‍ നിര്‍മിക്കുന്നു. എന്നാല്‍ ഈ വര്‍ഷം പ്രതിദിനം ഒരു ലക്ഷത്തിലധികം പതാകകള്‍ നിര്‍മിക്കുന്നു. കടകളും ഫാക്ടറികളും 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നു. തൊഴിലാളികള്‍ നാല് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നു’. ദിവസവും 500 കോളുകള്‍ വരെ ഗഫാറിന് ലഭിക്കുന്നതായി ഗഫാറിന്റെ സഹോദരന്‍ അബ്ദുല്‍ മാലിക് സദര്‍ പറഞ്ഞു. ആറ് സഹോദരന്മാരില്‍ ഏറ്റവും ഇളയവനാണ് സദര്‍. ‘ഒരു ദിവസം നിര്‍മിക്കുന്ന പതാകകളുടെ എണ്ണം രണ്ട് ലക്ഷം വരെ എത്തും. ഇത് ഇന്നുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും. പതാകകള്‍ നിര്‍മിക്കുന്ന ആദ്യത്തെയും ഏറ്റവും പഴയതുമായ കട ഞങ്ങളുടേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’. ഗഫാര്‍ വ്യക്തമാക്കി.
600 ഓളം കരകൗശല തൊഴിലാളികള്‍ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കടയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂലി താരതമ്യപ്പെടുത്തിക്കൊണ്ട് ഗഫാര്‍ പറഞ്ഞു: ‘നേരത്തെ കരകൗശലത്തൊഴിലാളികള്‍ പ്രതിദിനം 200-250 രൂപ പ്രതിഫലം വാങ്ങിയിരുന്നുവെങ്കില്‍ ഇപ്പോള്‍ പ്രതിദിനം 800-1000 രൂപ സമ്പാദിക്കുന്നു.’ കൂടാതെ തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും അദ്ദേഹം അറിയിച്ചു. ‘ഞാന്‍ വ്യക്തിപരമായി പ്രതിദിനം 500-700 പതാകകള്‍ നിര്‍മിക്കുന്നതില്‍ പങ്കാളിയാകുന്നു’ അബ്ദുള്‍ ഗഫാറിന്റെ കടയില്‍ ജോലി ചെയ്യുന്ന കരകൗശല വിദഗ്ധന്‍ സഹൂര്‍ അഹമ്മദ് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി അഹമ്മദ് ദേശീയ പതാകകള്‍ നിര്‍മിക്കുന്നുണ്ട്. ദേശീയ പതാക തുന്നി രാജ്യത്തെ സേവിക്കുന്ന അബ്ദുല്‍ ഗഫാര്‍ ലാഭത്തിനല്ല, രാജ്യത്തിന് വേണ്ടിയാണ് താന്‍ ബിസിനസ് നടത്തുന്നതെന്ന് വ്യക്തമാക്കി.