കൊല്‍ക്കത്ത: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി. കഴിഞ്ഞ വെള്ളിയാഴ്ച കൊല്‍ക്കത്തിയില്‍ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് ഒളിവില്‍ പോയ യുവാവിനെ കണ്ടെത്താന്‍ പൊലീസ് സിസിടിവി പരിശോദിച്ചിരുന്നു. എന്നാല്‍ രാത്രിയിലെ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചില്ല. തുടര്‍ന്ന് അക്രമി നടക്കുന്നതിന്റെ ശൈലിയിലൂടെ പൊലീസ് 34കാരനെ തിരിച്ചറിഞ്ഞു. രാജീബ് ഘോഷ് എന്ന 34കാരനെ ജാര്‍ഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശുചീകരണ തൊഴിലാളിയാണ് ഇയാള്‍. വെള്ളിയാഴ്ച ഫുട്പാത്തില്‍ പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ സ്ഥലത്ത് നിന്ന് ഓടിമറയുന്ന യുവാവിനെ കണ്ടിരുന്നു.
നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു.തുടര്‍ന്നാണ് സമീപ പ്രദേശത്ത് നിന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയ വിവരം അറിയുന്നത്. കുഞ്ഞിനെ രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവേറ്റതായും വ്യക്തമായത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും അക്രമിയെ തിരിച്ചറിയുന്നത് ഏറെക്കുറെ അസാധ്യമായി വരികയായിരുന്നു. ഇതോടെയാണ് ഒരാള്‍ നടക്കുന്ന രീതിയിലെ പാറ്റേണ്‍ പൊലീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിക്കുന്നത്.
കുഞ്ഞിന്റെ വീടിന് മുന്നിലൂടെ പ്രതി 9 തവണ നടന്ന് പോയതായി വ്യക്തമായിരുന്നു. ഇതോടെ പൊലീസ് സിസിടിവി ഫൂട്ടേജുമായി മേഖലയിലെ എല്ലാ വീടുകളിലും എത്തി ആളുകളെ കണ്ടു. 110 ലേറെ ആളുകളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ഇയാള്‍ നടക്കുന്നതിനിടയിലെ മുടന്ത് മൂലം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ പാറ്റേണിലായിരുന്നു യുവാവ് നടന്നിരുന്നത്. സമീപ മേഖലയിലെ സ്റ്റേഷനുകളിലെല്ലാം തന്നെ ഇത് സംബന്ധിയായ വിവരവും പൊലീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ജാര്‍ഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോര്‍ട്ടില്‍ നിന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.