ഒട്ടകത്തിന്റെ ചവിട്ടും കടിയുമേറ്റ് പരിപാലകൻ മരിച്ചു. പുതുച്ചേരിയിലാണ് സംഭവമുണ്ടായത്. മധ്യപ്രദേശിലെ ബഡ്വാനി സ്വദേശി രമേഷ് കുൽമി (67) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന രമേഷ് ഒട്ടകപ്പുറത്ത് നിന്ന് വീണതിനു പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.
ഓഗസ്റ്റ് 15നാണ് സംഭവമുണ്ടായത്. സമീപവാസിയുടെ ഉടമസ്ഥലയിലുള്ള രണ്ട് ഒട്ടകങ്ങളെ രമേഷ് കുൽമിയും 19 കാരനായ അജിത്തും ചേർന്നാണ് പരിപാലിക്കുന്നത്. പുതുക്കുപ്പ് ബീച്ചിനു സമീപത്തെ റിസോർട്ടിന്റെ പാർക്കിങ് സ്ഥലത്താണ് ഒട്ടകത്തിനൊപ്പം ഇവർ താമസിക്കുന്നത്. ബീച്ചിലെത്തുന്നവർക്ക് ഇവർ ഒട്ടകസവാരി നടത്താറുണ്ട്.
സംഭവം നടന്ന ദിവസം രമേഷ് കുൽമി അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അജിത്ത് ഒരു ഒട്ടകത്തിനേയും കൊണ്ട് ബീച്ചിലേക്ക് പോയി. രാവിലെ 11 മണിയായപ്പോൾ രമേഷ് പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്നു എന്ന് പറഞ്ഞ് റിസോർട്ടിലെ വാച്ച്മാൻ അജിത്തിനെ വിളിച്ചു. തുടർന്ന് ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൊലീസ് അന്വേഷണത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റാണ് രമേഷ് മരിച്ചത് എന്ന് തെളിഞ്ഞു. മദ്യലഹരിയിൽ ഒട്ടകത്തിന്റെ മുകളിൽ കയറി രമേഷ് സവാരി ചെയ്യുകയായിരുന്നു. നിലത്തു വീണ രമേഷിനെ ഒട്ടകം ചവിട്ടുകയും കടിക്കുകയുമായിരുന്നു. ചവിട്ടേറ്റതാണ് രമേഷിന്റെ മരണത്തിന് കാരണമായത്.