X

എസ്.ഐയുടെ വീട്ടില്‍ 55കാരന്‍ മര്‍ദനമേറ്റ് മരിച്ചനിലയില്‍, ശരീരത്തില്‍ നിരവധി പരിക്കുകള്‍

ഗ്രേഡ് എസ്.ഐ.യുടെ വീട്ടില്‍ 55കാരന്‍ പരിക്കുകളോടെ മരിച്ചനിലയില്‍. കൊളച്ചേരിപ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപത്തെ കൊമ്പന്‍ സജീവനെ (55) ആണ് ശരീരത്തിലാകെ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാലിന് മര്‍ദനമേറ്റ് ചോരയൊലിച്ചനിലയിലാണ്.

മയ്യില്‍ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. കൊയിലേരിയന്‍ ദിനേശന്റെ വീടിന്റെ വര്‍ക്ക് ഏരിയയിലാണ് മൃതദേഹം കമിഴ്ന്നുകിടക്കുന്ന രീതിയില്‍ കണ്ടത്. ദിനേശനെ മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി ഏഴിന് മയ്യില്‍ പൊലീസ് സ്‌റ്റേഷനിലേക്ക് നാട്ടുകാരാണ് വിവരം അറിയിച്ചത്. ചുമട്ടു തൊഴിലാളിയായ സജീവന്‍ എസ്.ഐ.യുടെ വീട്ടില്‍ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മദ്യപിച്ചുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് വിറകിന്‍കൊള്ളികൊണ്ടുള്ള അടിയേറ്റ് സജീവന്‍ മരിച്ചുവെന്നാനാണ് കരുതുന്നത്. സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ടി.പി. സുമേഷും സംഘവും മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. കൊലപാതകമാണെന്ന് സംശയിക്കുന്നതായി മയ്യില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് പറഞ്ഞു.

അങ്കണവാടി വര്‍ക്കര്‍ ഗീതയാണ് സജീവന്റെ ഭാര്യ. മക്കള്‍: ശ്രേയ, ശ്വേത (നഴ്‌സിങ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: പുഷ്പന്‍, മാലതി, ശോഭ, അജിത, അനിത.

webdesk13: