തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടുവയസ്സുകാരന്‍ മരിച്ച സംഭവത്തിന്റെ നൊമ്പരം വിട്ടുമാറും മുമ്പേ വീണ്ടും മറ്റൊരു കുഴല്‍ക്കിണര്‍ അപകടം. ഹരിയാനയില്‍ കര്‍ണാലിലെ ഹരിസിംഗ്പുര ഗ്രാമത്തില്‍ ഞായറാഴ്ച വൈകിയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ അഞ്ചു വയസുകാരി ശിവാനി കുഴല്‍ക്കിണറില്‍ 50 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. കിണറില്‍ 16 മണിക്കൂറോളം കുടുങ്ങിയ ശിവാനിയെ 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം എന്‍ഡിആര്‍എഫ് സംഘം ഇന്ന് രാവിലെ പുറത്തെടുത്തെങ്കിലും മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 9:30 തോടെ കുട്ടിയെ പുറത്തെടുത്ത് സിവില്‍ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ‘മരിച്ചതായി’ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ഒക്ടോബര്‍ 25നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. 25ന് വൈകിട്ട് കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുക്കാന്‍ നാലുദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നൂറടിയോളം താഴ്ചയില്‍ വീണ കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 29ന് പുലര്‍ച്ചെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.