തമിഴ്നാട്ടില്‍ 45 കാരിയായ സ്ത്രീ ബസിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. സേലത്ത് കളക്ടറുടെ ഓഫീസില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പാപ്പാത്തി എന്ന സ്ത്രീയാണ് മരിച്ചത്. തന്റെ മരണത്തിലൂടെ ലഭിക്കുന്ന നഷ്ടപരിഹാര തുക കൊണ്ട് മകന്റെ കോളേജ് ഫീസ് അടക്കാന്‍ വേണ്ടിയാണ് ഇവര്‍ ഈ കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 28 നാണ് പാപ്പാത്തി ബസിന് മുന്നിലേക്ക് ചാടിയത്. റോഡപകടത്തില്‍ മരിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞ് ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഈ തുക കിട്ടുമെന്ന് കരുതിയാണ് പാപ്പാത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേ ദിവസം തന്നെ, മറ്റൊരു ബസിന് മുന്നിലേക്ക് ചാടാനും ഇവര്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ് വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
എന്നാല്‍ ബസിനുപകരം ഇരുചക്രവാഹനമാണ് യുവതിയെ ഇടിച്ചത്. കാര്യമായി ഒന്നും സംഭവിക്കാതിരുന്നതിനാല്‍ നിമിഷങ്ങള്‍ക്കകം മറ്റൊരു ബസിന് മുന്നിലേക്ക് ഇവര്‍ ചാടുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് പാപ്പാത്തി മരിച്ചത്. മകന്റെ കോളേജ് ഫീസ് അടക്കാന്‍ കഴിയാതെ വന്നതോടെ പാപ്പാത്തി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ പാപ്പാത്തി കഴിഞ്ഞ 15 വര്‍ഷമായി ഒറ്റയ്ക്കാണ് മക്കളെ വളര്‍ത്തുന്നത്.