തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.
അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.
സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.
അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.