കൊച്ചി : 14കാരിയായ പോക്‌സോ അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. 30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ലെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. ഗര്‍ഭസ്ഥ ശിശു പൂര്‍ണ്ണ ആരോഗ്യാവസ്ഥയിലാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തെ നല്‍കിയ നിര്‍ദ്ദേശം. ഇതനുസരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് 14കാരിയുടെ ആരോഗ്യം പരിശോധിച്ചു. ഗര്‍ഭം 30 ആഴ്ച പൂര്‍ത്തിയായെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ഹൃദയം നന്നായി മിടിക്കുന്നുണ്ടെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.
ഈ അവസ്ഥയില്‍ ഗര്‍ഭഛിദ്രം സാധ്യമല്ലെന്നും മെഡിക്കല്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഒരേ നിലപാട് എടുത്തു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ജനന ശേഷം കുഞ്ഞിന് നല്ല ജീവിതം പ്രതീക്ഷിക്കുന്നു. ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 14കാരിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക അതിക്രമത്തിന് ഇരയായി ധരിച്ച ഗര്‍ഭം ആയതിനാല്‍ ഗര്‍ഭഛിദ്ര നിരോധന നിയമമനുസരിച്ച് ഇളവുണ്ടെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. 14കാരിക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആവശ്യമായ സഹായം നല്‍കണം. കൗണ്‍സലിംഗ്, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.