X

യോഗിയുടെ യു.പിയില്‍ 22കാരിയെ പൊലീസുകാര്‍ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടി

യോഗിയുടെ ഉത്തര്‍പ്രദേശില്‍ 22കാരിയെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും തുടര്‍ന്ന് ബന്ദിയാക്കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍, പേരറിയാത്ത മറ്റൊരു പൊലീസുകാരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സെപ്തംബര്‍ 16നാണ് സംഭവം.

താനും ബുലന്ദ്ഷഹര്‍ സ്വദേശിയായ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവന്‍ നഗരവനം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മൂന്ന് പൊലീസുകാര്‍ അടുത്തെത്തുകയും യുവാവിനെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി 10,000 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ പണമില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ച് പൊലീസുകാരുടെ കാലില്‍ വീണെങ്കിലും അവരുടെ മനസലിഞ്ഞില്ല. തുടര്‍ന്ന് പേ.ടി.എം വഴി 1000 രൂപ നല്‍കാന്‍ പ്രതിശ്രുത വരനെ നിര്‍ബന്ധിച്ചു. അത് നല്‍കി.

എന്നാല്‍ 5.5 ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പൊലീസുകാര്‍ തന്നെ അടിച്ചെന്നും ലൈംഗികബന്ധത്തിന് രാകേഷ് കുമാര്‍ തന്നെ നിര്‍ബന്ധിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. വിട്ടയക്കുന്നതിന് മുമ്പ് ഇരുവരെയും ഏകദേശം മൂന്ന് മണിക്കൂറോളം ബന്ദികളാക്കി പീഡിപ്പിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടും ദുരിതം അവസാനിച്ചില്ല.

ആവര്‍ത്തിച്ചുള്ള ഫോണ്‍ കോളുകളിലൂടെ പ്രതികള്‍ യുവതിയെ ശല്യപ്പെടുത്തുകയും അവളുടെ വീട്ടിലെത്തുകയും ചെയ്തു. സെപ്തംബര്‍ 19ന് രാകേഷ് കുമാര്‍ യുവതിയെ വിളിക്കുകയും വീണ്ടും ലൈംഗികാവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ തെളിവായി ഹാജരാക്കാന്‍ യുവതി സംഭാഷണം റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് കേസ് ഫയല്‍ ചെയ്യാന്‍ ഇരുവരും തീരുമാനിച്ചതായി മനസിലാക്കിയ പ്രതികളിലൊരാളായ രാകേഷ് കുമാര്‍ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ഭീഷണി ഭയന്നും മാനസിക ആഘാതം മൂലവും ഉടന്‍ തന്നെ പരാതി നല്‍കാന്‍ യുവതിക്കായില്ല. തുടര്‍ന്ന് പത്ത് ദിവസത്തിനു ശേഷം യുവതി സഹായത്തിനായി പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡല്‍ഹി പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ വന്നതെന്നും അവര്‍ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് സെപ്തംബര്‍ 28ന് പ്രതികള്‍ക്കെതിരെ കോട്വാലി പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഐപിസി 354 എ (1), 323, 504, 342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതു കൂടാതെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 3 പ്രതികളും ഒളിവിലാണെന്ന് ഗാസിയാബാദ് സീനിയര്‍ പൊലീസ് ഓഫീസര്‍ നിമിഷ് പാട്ടീല്‍ പറഞ്ഞു, ഇവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: