ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 16 വയസ്സുള്ള ആണ്‍കുട്ടിയെ കൂട്ടുകാര്‍ കുത്തിക്കൊന്നു. തെക്കന്‍ ഡല്‍ഹിയിലെ ടിഗ്രി പ്രദേശത്ത് ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പ്രതികളായ മനീഷ് (18), പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ എന്നിവരെ പൊലീസ് അറസ്റ്റ്് ചെയ്തു. മരിച്ച കുട്ടിയും പ്രതികളും ഓരേ സ്ഥലത്ത് താമസിക്കുന്നവരാണ്. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഇവര്‍ പരസ്പരം വഴക്കിട്ടിരുന്നുവെന്നും തുടര്‍ന്ന് ഇവര്‍ കുട്ടിയെ കുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത്: ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവത്തെക്കുറിച്ച് പിസിആര്‍ കോള്‍ ലഭിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടി രക്തത്തില്‍ കുളിച്ച് തെരുവില്‍ കിടക്കുന്നത് കണ്ടു. വീട്ടുകാരും മറ്റുള്ളവരും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുത്തിയവരുടെ പേര് കുട്ടി വീട്ടുകാരോട് പറഞ്ഞതായി സഹോദരി പറഞ്ഞു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഐ.പി.സി 302 (കൊലപാതകം), 34 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.