Video Stories
പിള്ളയുടെ പ്രസ്താവനയും കമ്മീഷന്റെ നിരീക്ഷണവും

സുഫ്‌യാന്‍ അബ്ദുസ്സലാം
ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ടായതിനു ശേഷം ആദ്യമായി നടത്തിയ പ്രസ്താവന വളരെയധികം കൗതുകം ജനിപ്പിക്കുന്നതാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുകയെന്നത് മഹിതമായ നമ്മുടെ പാരമ്പര്യത്തിന് എതിരാണെന്ന് അദ്ദേഹം കോഴിക്കോട്ട്‌വെച്ച് പ്രസ്താവിക്കുകയുണ്ടായി. ഹിന്ദുത്വ ദേശീയതയും ഹിന്ദു രാഷ്ട്രവും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് അടക്കമുള്ള സംഘ്പരിവാര്‍ ശക്തികളുടെ രാഷ്ട്രീയമുഖമായ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ട് ഇങ്ങനെ പ്രസ്താവിക്കുമ്പോള്‍ ആര്‍ക്കാണ് ആശ്ചര്യം തോന്നാതിരിക്കുക.
കഴിഞ്ഞ 38 വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന് വര്‍ഗീയതയുടെ മുഖം നല്‍കി ഇന്ത്യന്‍ ജനാധിപത്യത്തെ ചവിട്ടി മെതിച്ച് മതേതരത്വത്തെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന പാര്‍ട്ടി പിന്നെ എന്തിനാണ് പശു ഭീകരത മുതല്‍ പൗരത്വ നിഷേധം വരെയുള്ള പ്രതിലോമകരവും ജുഗുപ്‌സാവഹവുമായ ചെയ്തികളിലൂടെ രാജ്യത്തെ പൗരന്മാരെ ഉന്മൂലനം ചെയ്യാനും ഭിന്നിപ്പിക്കാനും ശ്രമിച്ചത്? ഹെഡ്‌ഗേവാറില്‍ തുടങ്ങി ഗോള്‍വാള്‍ക്കറിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ മോഹന്‍ ഭാഗവത് വരെ എത്തിനില്‍ക്കുന്ന ആര്‍. എസ്.എസിന്റെ മുഴുവന്‍ സര്‍സംഘചാലകുകളും ലക്ഷ്യമായി പ്രഖ്യാപിച്ച ഏക സംസ്‌കാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രത്തിനു അടിത്തറ പാകുന്നതിനു വേണ്ടിയായിരുന്നു 2014 മുതല്‍ നരേന്ദ്രമോദിയും അമിത്ഷായും ശ്രമിച്ചുകൊണ്ടിരുന്നത്. മത ന്യൂനപക്ഷങ്ങളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ മുഴുവന്‍ കഴുത്തറുത്തും മോദിയും പരിവാരങ്ങളും നിറഞ്ഞാടുകയായിരുന്നു അധികാരത്തിന്റെ പിന്നിട്ട നാള്‍വഴികളില്‍.
ഹിന്ദു രാഷ്ട്രം എക്കാലവും ഏറ്റവും പരമമായ ലക്ഷ്യമായിക്കണ്ടിരുന്ന ആര്‍.എസ്.എസിനും സംഘ്പരിവാര്‍ ശക്തികള്‍ക്കും ഏറ്റവും കൂടുതല്‍ കാലം നേതൃത്വം നല്‍കിയ അതിന്റെ പരംപൂജനീയ ഗുരുജിയായി അറിയപ്പെടുന്ന മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യിലൂടെ ഹിന്ദു രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകള്‍ വിശദീകരിച്ചപ്പോള്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുകയുണ്ടായി. ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഹൈന്ദവ സംസ്‌കാരവും ഭാഷയും ഉള്‍ക്കൊള്ളണമെന്നും ഹിന്ദു രാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരില്‍ ഉണ്ടാകരുതെന്നും അവര്‍ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുന്‍ഗണനക്കും അവകാശമില്ലാതെ പൗരന്റെ അവകാശം പോലും ലഭിക്കാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴില്‍ കഴിയണമെന്നും ഗോള്‍വാള്‍ക്കര്‍ പറയുകയുണ്ടായി.
ബി.ജെ.പിക്ക് ആദ്യമായി അധികാരം ലഭിക്കുന്നത് 1996 ലാണ്. കേവലം 13 ദിവസം മാത്രം ഭരിച്ചു പടിയിറങ്ങിയ വാജ്‌പേയിക്ക് പക്ഷേ 1998 ല്‍ സഖ്യകക്ഷി ഭരണത്തിലൂടെ 2004 വരെ ഭരണം മുമ്പോട്ട് കൊണ്ടുപോകാനായി. എന്നാല്‍ അന്നൊന്നും വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് ഗോള്‍വാള്‍ക്കറിന്റെ സ്വപ്‌നങ്ങളെ നടപ്പില്‍ വരുത്തുന്നതിനെകുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. പക്ഷേ, 2014 ല്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റ് ഗോള്‍വാള്‍ക്കറിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ തുടങ്ങി.
പശു ഭീകരതയും ആളെ കൊല്ലലുമെല്ലാം ഒരു വശത്തു നടക്കുമ്പോള്‍ തന്നെ ഏക സിവില്‍കോഡിന് വേണ്ടിയുള്ള ശക്തമായ നീക്കങ്ങള്‍ നടത്തിത്തുടങ്ങി. മുത്തലാഖിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുസ്‌ലിം ശരീഅത്ത് ആക്ടിന്റെ നിയമസാധുതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയെയും മത സ്വാതന്ത്ര്യത്തെയും ഹനിച്ച് പകരം അവിടെ ഏകശിലാത്മകമായ സംസ്‌കാരത്തെ കുടിയിരുത്താന്‍ ആവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന പ്രചാരങ്ങള്‍ നടന്നു. പക്ഷേ രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ പോറല്‍ ഏല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കാരണം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയും രാഷ്ട്രത്തിലെ പൗരന്മാരുടെ മതേതര മനസ്സും അത്രമാത്രം ശക്തമാണ്. അതിനെ തകര്‍ക്കാന്‍ ഗോള്‍വാള്‍ക്കറുടെ സ്വപ്‌നങ്ങള്‍ക്ക് സാധിക്കില്ലെന്ന തിരിച്ചറിവിലേക്ക് മോദിയും കൂട്ടരും നടന്നടുക്കുകയാണ്. മോദിയുടെ ഭരണത്തിന്റെ അവസാന നാളുകളിലേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ തന്നെ തിരിച്ചറിഞ്ഞ യാഥാര്‍ഥ്യമാണോ ശ്രീധരന്‍ പിള്ളയുടെ നാവിലൂടെ പുറത്തേക്ക് വന്നിരിക്കുന്നതെന്ന് നിരീക്ഷിക്കേണ്ടിയിരിക്കുന്നു.
ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന വന്ന അതേ ദിവസം തന്നെയാണ് ഏക സിവില്‍ കോഡിന്റെ വിഷയത്തില്‍ ദേശീയ നിയമ കമ്മീഷന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നിരീക്ഷണവും വരുന്നത്. രാജ്യത്ത് അടുത്ത പത്തു വര്‍ഷത്തിനുള്ളിലൊന്നും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് ദേശീയ നിയമ കമ്മീഷന്റെ നിലപാട്. അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നു ബോര്‍ഡ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടുകൊണ്ട് 2016 ഒക്ടോബറില്‍ ദേശീയ നിയമ കമ്മീഷന്‍ നല്‍കിയിരുന്ന ചോദ്യാവലി പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള മുഴുവന്‍ മുസ്‌ലിം സംഘടനകളും ബഹിഷ്‌കരിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ ഏപ്രിലില്‍ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്നും മത, രാഷ്ട്രീയ, സാമൂഹിക, പൗരാവകാശ സംഘടനകളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇതുസംബന്ധമായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെയ് 21 ഉം ജൂലൈ 31 നുമായി നിയമ കമ്മീഷനുമായി ചര്‍ച്ച നടത്തി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, പുനര്‍വിവാഹം, ശൈശവ വിവാഹം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം, വിധവകളുടെ പുനര്‍വിവാഹം, പിതാവ് മരിച്ച മക്കളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് കമ്മീഷന്‍ പേഴ്‌സണല്‍ ലോ ബോഡിന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞത്. ദത്തെടുക്കല്‍ ഇസ്‌ലാമിക നിയമത്തിന്റെ പരിധിയില്‍ വരാത്തത്‌കൊണ്ട് അതല്ലാത്ത മറ്റെല്ലാ കാര്യങ്ങളിലും ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള വിവരങ്ങള്‍ കമ്മീഷന് കൈമാറിയതായി ബോര്‍ഡ് അംഗങ്ങള്‍ വിശദീകരിച്ചു.
രാജ്യത്ത് വളരെ പെട്ടെന്ന് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ഥ്യം അംഗീകരിച്ച നിയമ കമ്മീഷന്‍ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രായം തേടി. നിയമങ്ങള്‍ ഏകീകരിക്കാന്‍ സാധിക്കാത്തത് പോലെ തന്നെ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നു പറയാനുള്ള അവകാശം സര്‍ക്കാരുകള്‍ക്കില്ലെന്ന് ബോര്‍ഡ് അസന്നിഗ്ധമായി കമ്മീഷന് മറുപടി നല്‍കി. മതപരമായ തത്ത്വങ്ങളും പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും സര്‍ക്കാരുകളുടെ പ്രവര്‍ത്തനപരിധിയുടെ ഉള്ളില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല എന്നും അതുകൊണ്ട് തന്നെ അവ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമല്ല എന്നും ബോര്‍ഡ് കമ്മീഷന്റെ മുമ്പാകെ വ്യക്തമാക്കുകയും ചെയ്തു. മുസ്‌ലിംകളുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. അതില്‍ തന്നെ സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ വിവിധ ചിന്താധാരകള്‍ (മദ്ഹബുകള്‍)ക്ക് അനുസൃതമായാണ് അവരുടെ മതകര്‍മ്മങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട മുത്തലാഖ് വിഷയത്തില്‍ മൂന്നു മൊഴിയും ഒന്നിച്ച് ചൊല്ലുന്ന രൂപം മുസ്‌ലിംകളിലെ ഒരു വിഭാഗം മാത്രമാണ് അംഗീകരിച്ചു വരുന്നത്. മറ്റുള്ളവരുടെ വിശ്വാസം മൂന്നും ഒന്നിച്ച് ചൊല്ലിയാലും ഒന്നേ ആയിത്തീരുകയുള്ളൂ എന്നുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്ത വിശ്വാസങ്ങളും കര്‍മ്മങ്ങളും സ്വീകരിക്കാന്‍ അവകാശം നല്‍കുന്ന ഭരണഘടനയുള്ള രാജ്യത്ത് വ്യക്തിനിയമങ്ങളെ ക്രോഡീകരിക്കുകയെന്നത് അസാധ്യമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമൂഹത്തില്‍ ഏക സിവില്‍ കോഡ് പ്രായോഗികമല്ലെന്ന നിയമ കമ്മീഷന്റെ നിരീക്ഷണം മോദി സര്‍ക്കാരിന്റെയും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ടകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഇന്ത്യാ മഹാരാജ്യത്തിന്റെ ബഹുസ്വരതയും ബഹുമത സംസ്‌കാരങ്ങളും മതേതരത്വത്തെയും ജനാധിപത്യത്തെയും അരക്കിട്ടുറപ്പിക്കുന്ന ഭരണഘടനയും നിലനില്‍ക്കുന്ന കാലത്തോളം രാജ്യത്ത് ഹിന്ദു രാഷ്ട്രമോ ഏക സിവില്‍ കോഡോ നടപ്പാക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവ് സംഘ്പരിവാര്‍ സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും ബോധ്യപ്പെട്ടുവരുന്നുവെന്നാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയും നിയമ കമ്മീഷന്റെ നിരീക്ഷണവും അറിയിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തെ ഹിന്ദുത്വ ദേശീയതയിലേക്കും ഏകീകൃത സിവില്‍ നിയമങ്ങളിലേക്കും കൊണ്ടെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല. പക്ഷേ രാജ്യത്തെ പരകോടി മതേതര വിശ്വാസികളുടെ സംരക്ഷണ വലയത്തെ ഭേദിച്ചുകൊണ്ട് അവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന ആത്മവിശ്വാസം ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. പിള്ളയുടെ പ്രസ്താവന ന്യൂനപക്ഷങ്ങളെ സുഖിപ്പിച്ച് അവരുടെ വോട്ട് തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കില്‍ അത് നടപ്പുള്ള കാര്യവുമല്ല.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു