കോഴിക്കോട്: ആറാമത് മലബാര്‍ റിവര്‍ഫെസ്റ്റിവലും ആദ്യ ലോക കയാക്കിംങ് ചാമ്പ്യന്‍ഷിപ്പും ജൂലായ് 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കും. അഞ്ച് ദിവസങ്ങളിലായി 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും.
ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയ്ന്‍, ഇംഗ്ലണ്ട്, സ്‌കോര്‍ട്ട്‌ലാന്‍ഡ്, ഇന്തൊനേഷ്യ, ന്യൂസീലാന്‍ഡ്, ഓസ്‌ട്രേലിയ, നോര്‍വെ, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്, യു.എസ്.എ, കാനഡ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്ന് പ്രാതിനിധ്യമുണ്ടാകും. ഫ്രഞ്ച് ഒളിമ്പിക് സംഘാംഗവും നിലവിലെ ലോക ചാമ്പ്യനുമായ നൗരിയ
ന്യൂമാന്‍, 2015 ലെ ലോക ചാമ്പ്യനായ സ്‌പെയിനില്‍ നിന്നുള്ള ഗേഡ് സെറ സോള്‍സ്, 2012 ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കന്‍ ഫ്രീസ്റ്റൈല്‍ സംഘാംഗവും റെഡ്ബുള്‍ അത്‌ലീറ്റുമായ ഡെയിന്‍ ജാക്‌സണ്‍, കാനഡ ഫ്രീസ്റ്റൈല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പ്രമുഖ താരങ്ങളാണ്.
ഫ്രഞ്ച് ഒളിമ്പിക് സംഘാംഗവും നിലവിലെ ലോക ചാമ്പ്യനുമായ നൗരിയ
ന്യൂമാന്‍,
കേരളത്തിലെ സാഹസിക ജലവിനോദത്തിന്റെ സാധ്യതകളും പ്രകൃതി ഭംഗിയും ലോകത്തിനു സമര്‍പ്പിക്കുകയാണ് ഈ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന ഉദ്ദേശ്യം. കേരളത്തിലെ സാഹസിക കായിക പ്രേമികള്‍ക്ക് ജലസാഹസിക വിനോദങ്ങള്‍ പരിചയപ്പെടുത്താനും കേരളത്തിലെ വൈറ്റ് വാട്ടര്‍ വിനോദങ്ങളുടെ ലോകത്തെ അറിയിക്കാനും ഇതുവഴി സാധിക്കും.
സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് സംഘാടകര്‍. മത്സരത്തില്‍ 15 ലക്ഷം രൂപയാണ് സമ്മാനത്തുക. ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് ആണ് മത്സരങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കയാക്കിംങ് ചാമ്പ്യന്‍ഷിപ്പിനായി 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി 20 ലക്ഷം രൂപയും ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിന്നായി അനുവദിച്ചിട്ടുണ്ട്. ജി.എം.ഐ കോഴിക്കോട് ചാമ്പ്യന്‍ഷിപ്പിനായുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്നുണ്ട്.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 19 ന് വൈകിട്ട് 5 മണിക്ക് പുലിക്കയത്ത് സഹകരണ, വിനോദസഞ്ചാര, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം തോമസ് അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-കായിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നും കലക്‌ട്രേറ്റ് ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും ജനറല്‍ കണ്‍വീനര്‍ ജില്ലാ കലക്ടര്‍ യു.വി ജോസും അറിയിച്ചു.
2013 ല്‍ തുടങ്ങിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക വിനോദമേഖലയായി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സാഹസിക പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലേക്ക് മാറിയിട്ടുണ്ട്. മലബാറിലെ ടൂറിസത്തിന്റേയും കോഴിക്കോട്ടെ മണ്‍സൂണ്‍ ടൂറിസത്തിന്റേയും വികസനത്തിന് ഈ പരിപാടി ഉപകാരപ്രദമായി തീരുമെന്നാണ് പ്രതീക്ഷ.
നിപ ഭീതിയില്‍ നിന്ന് മുക്തമായ കോഴിക്കോട്ടേയ്ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഒളിമ്പ്യന്‍മാര്‍, ലോക ചാമ്പ്യന്‍മാര്‍, രാജ്യത്തെ പ്രമുഖ കയാക്കിംങ് അത്‌ലറ്റുകള്‍ എന്നിവരെത്തിത്തുടങ്ങി. മത്സരാര്‍ഥികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സമാപനസമ്മേളനം ജൂലായ് 22 ന് പുല്ലൂരാംപാറയില്‍ നടക്കും.
ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി 29 ന് “ഡെക്കാത്തലന്റെ സഹകരണത്തോടെ മൗണ്ടന്‍ ടെറയ്ന്‍ ബൈക്കിംങും ഓഗസ്റ്റ് ഒമ്പത് മുതല്‍ 12 വരെ കാലിക്കറ്റ് ഫ്‌ളൈ വീല്‍സിന്റെ സഹകരണത്തോടെ ഓഫ്‌റോഡിംങ് ചാമ്പ്യന്‍ഷിപ്പും നടത്തും. കോടഞ്ചേരി പഞ്ചായത്തിലെ മുത്തപ്പന്‍ പുഴ കേന്ദ്രമാക്കിയാണ് പരിപാടി നടത്തുക.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍ കുമാര്‍, ടൂറിസം വകുപ്പ് ജോ.ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍, ജി.എം.ഐ സെക്രട്ടറി റോഷന്‍ കൈനടി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.