Connect with us

Video Stories

‘അമ്മ’യിലെ കലയും രാഷ്ട്രീയവും

Published

on

ലുഖ്മാന്‍ മമ്പാട്

അമ്മയും അച്ഛനും മകളും മകനുമെല്ലാം മഹത്തായ കുടുംബ സങ്കല്‍പത്തിലെ കഥാപാത്രങ്ങളാണ്. ഇതില്‍ വിശുദ്ധതലത്തിലാണ് അമ്മയെ എപ്പോഴും പ്രതിഷ്ഠിക്കാറുള്ളത്. എന്നാല്‍, അമ്മിഞ്ഞപ്പാലിന്റെ നറുമധുരമുള്ള തൂവെള്ള സ്‌നേഹമായ അമ്മ ഒരു അശ്ലീലപദമായി മലയാളത്തിലേക്ക് വഴിമാറ്റിയതിന്റെ ഉത്തരവാദി ആരാണ്. മലയാള സിനിമ മേഖലയിലെ സമീപകാലത്തെ മാഫിയാ വല്‍ക്കരണത്തിന്റെ ഓളംതള്ളല്‍ വെള്ളിവെളിച്ചത്തിനുമപ്പുറം ഒഴുകിപ്പരക്കുമ്പോള്‍ കലയെന്ന തലത്തില്‍ നിന്ന് പൊതുസമൂഹത്തിന്റെ പ്രശ്‌നമായി അതുമാറുന്നു. ചലച്ചിത്ര മേഖലയിലെ നടീനടന്മാരുടെ കേരളത്തിലെ പ്രധാന സംഘടന എന്ന നിലക്ക് അമ്മ പിന്‍വാതില്‍ വഴി അധികാരകേന്ദ്രങ്ങളില്‍ ചെലുത്തിയ സ്വാധീനവും പിടിമുറുക്കലുമെല്ലാം കലാകാരന്മാരുടെ മറ്റേതൊരു സംഘടനയില്‍ നിന്നും ‘അമ്മ’യെ വ്യത്യസ്തമാക്കുന്നു.

അമ്മയിലുള്ളപ്പോള്‍ തന്നെ ഒരുകൂട്ടം നടിമാര്‍ സമാന്തര സംഘടന (ഡബ്ല്യു.സി.സി) രൂപീകരിച്ച് അവിശ്വാസം പ്രകടിപ്പിച്ചതാണ്. ഇപ്പോഴത്തെ സംഭവങ്ങളോടെ അവര്‍ പടിയിറങ്ങുകയും ചെയ്തു. നവനടിമാരുടെ വലിയൊരു വിഭാഗം ലക്ഷം രൂപ മുടക്കി അമ്മയില്‍ അംഗത്വം സ്വീകരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. അതിനവര്‍ പറയുന്ന കാരണങ്ങള്‍ പൊതുസമൂഹത്തിന്റെയും ശ്രദ്ധപതിയേണ്ടവയാണ്. അക്കമിട്ട് അവര്‍ ഉന്നയിക്കുന്നത് ഇതാണ്: തുല്യവേതനം എന്നൊരു സങ്കല്‍പം പോലും നിലവിലില്ലാത്ത മേഖലയില്‍ ഒരു ലക്ഷം രൂപയോളം മെമ്പര്‍ഷിപ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ല, പ്രസ്തുത സംഘടന, ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രശ്‌നത്തെ സമീപിച്ച രീതിയില്‍ നിന്നും തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരെടുക്കുന്ന തീരുമാനങ്ങളെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സാധ്യമല്ല എന്ന് തിരിച്ചറിയുന്നു, അമ്മ സ്ഥാപക അംഗങ്ങളോട്, അവരുന്നയിക്കുന്ന പ്രശ്‌നങ്ങളോട് പൊതുവില്‍ പുലര്‍ത്തുന്ന മൗനം അപകടകരവും നിരുത്തരവാദപരവുമാണ്, ആരോഗ്യകരവും ആശയപരവുമായ സംവാദത്തിന് കെല്‍പ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാര്‍ഗമില്ല എന്ന് മനസ്സിലാക്കുന്നു., എ. എം. എം. എ യുടെ അടുത്ത കാലത്തെ ആഘോഷപരിപാടിയില്‍ അവതരിപ്പിച്ച പിന്തിരിപ്പന്‍ സ്‌ക്രിപ്റ്റ്, കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനത്തെ കൃത്യമായി വരച്ചു കാട്ടുന്നു, ഒരു സംവാദത്തിനെങ്കിലും വഴിതെളിയിക്കുന്ന ജനാധിപത്യ സംവിധാനം പ്രസ്തുത സംഘടനയില്‍ ഉടനൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സംഘടനയുടെ ചരിത്രം, ഫാന്‍സ് അസോസിയേഷനുകള്‍ പ്രത്യേക താരകേന്ദ്രീകൃത കോക്കസുകള്‍, ഒക്കെ ചേര്‍ത്തെഴുതുന്ന ഇത് വരെയുള്ള ചരിത്രം ബോധ്യപ്പെടുത്തി തരുന്നു. ആത്മാഭിമാനമുള്ള സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ അവരുടെ തൊഴിലിടത്തെ ബഹുമാനിക്കാന്‍ തക്കവണ്ണം ഒരു പൊളിച്ചെഴുത്തിന് നിലവില്‍ സംഘടനയെ നിര്‍ണയിക്കുന്ന താരാധികാരരൂപങ്ങള്‍ക്ക് സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കുന്നു, കെട്ടിക്കാഴ്ച്ചകള്‍ക്കല്ലാതെ സംഘടനാപരമായ ചുമതലകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താന്‍ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല. ഇത്തരത്തില്‍ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നു എന്നാണ് അവര്‍ പറയുന്നത്.

തിലകനെപ്പോലെ പോയ തലമുറ മുതല്‍ ഇന്നത്തെ ന്യൂജെന്‍ നടിമാര്‍ വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ അതിനോട് എത്രകാലം മുഖംതിരിച്ച് നില്‍ക്കാന്‍ ‘അമ്മ’ക്കാവും.
വീണ്ടുവിചാരത്തിന് സന്നദ്ധമാണെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ സൂചിപ്പിച്ച ശേഷവും, രൂക്ഷ വിമര്‍ശനവുമായി ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉള്‍പ്പെടെയുളളവര്‍ രംഗത്തുവന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. അമ്മ ജനാധിപത്യ വിരുദ്ധ സംഘനയാണെന്നും അതില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികള്‍, പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല, ഈ സംഘടനയിലെ നിര്‍ഗുണരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നിവയെല്ലാം സംവിധായക ജീവിതത്തിലെ 35 വര്‍ഷത്തിന്റെ അനുഭവത്തില്‍ തിരിച്ചറിഞ്ഞതാണ്. സിനിമ തുടങ്ങിയ കാലം മുതല്‍ ലൈംഗീക ചൂഷണം നടക്കുന്നുണ്ട്. ഇന്ന് പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വ്വം പുറത്തു പറയുന്നതുകൊണ്ടാണ് ജനം അറിയുന്നത്. ഈ ലൈംഗീക ചൂഷണത്തേക്കാള്‍ ഭീകരമാണ് സിനിമയിലെ പുരുഷാധിപത്യം. ജാതീയമായ വേര്‍തിരിവ് ഏറ്റവും കൂടുതല്‍ ഉള്ള മേഖല തന്നെയാണ് സിനിമയെന്നുമാണ് കമല്‍ തുറന്നടിച്ചത്.
വിവാദത്തിന്റെ തലം കലയും സിനിമയും കടന്ന് രാഷ്ട്രീയവും ഭരണതലവുമായി കൂടിക്കലര്‍ന്നു എന്നത് അനിഷേധ്യമാണ്. പാര്‍ട്ടി ചാനലിന്റെ മേധാവി മമ്മുട്ടി അമ്മയുടെ സെക്രട്ടറിയായപ്പോഴും പ്രസിഡന്റ് ഇന്നസെന്റ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചപ്പോഴും പാര്‍ട്ടിയുടെ ഏതെങ്കിലുമൊരു മേഖലയിലില്ലാത്തവരെ നടന്മാരെന്നോ അമ്മ ഭാരവാഹികളെന്നോയുള്ള വിലാസത്തില്‍ നിയമസഭയിലേക്ക് മത്സരിപ്പിച്ചപ്പോഴും അമ്മയുടെ രാഷ്ട്രീയത്തെ കുറിച്ച് വിമര്‍ശനമുന്നയിച്ചിട്ടില്ല.

എന്നാല്‍, കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ഭരണതലപ്പത്തേക്ക് വന്ന ശേഷം അമ്മയുടെ രാഷ്ട്രീയത്തിന്റെ അന്തര്‍ധാരകള്‍ മേല്‍ക്കൂരക്ക് പുറത്തേക്ക് തള്ളിവന്നു എന്നുവേണം അനുമാനിക്കാന്‍. എം.പിയായ ശേഷവും ഇന്നസെന്റ് ഏറെ കാലം അമ്മയുടെ പ്രസിഡന്റ് പദവിയിലിരുന്നപ്പോള്‍ സുരേഷ്‌ഗോപി എം.പിയായതോടെ അമ്മ വിട്ടമട്ടായി. മന്ത്രി സുധാകരന്‍, ദിലീപ് യു.ഡി.എഫുകാരനാണെന്നും കൊളളരുതാത്തവനാണെന്നും തുറന്ന് രാഷ്ട്രീയം പറഞ്ഞത് പോലും നടിമാരുടെ രാജിക്ക് ശേഷമുള്ള കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ്. എന്നാല്‍, ഈയടുത്ത് സംഘ്ചായ്‌വ് ആരോപിക്കപ്പെടുന്ന മോഹന്‍ലാല്‍ അമ്മ തലപ്പത്തേക്ക് വന്നതിന്റെ ഒന്നാം നാള്‍തൊട്ട് വിവാദത്തിന്റെ പറുദീസയില്‍ അകപ്പെടുകയായിരുന്നു അമ്മ. ദിലീപിനെ തിരിച്ചെടുത്തു എന്നതുമാത്രമല്ല അമ്മയെ തള്ളിപ്പറയാന്‍ കാരണമെന്ന് രാജിവെച്ച നടിമാര്‍ തന്നെ പറയുന്നു. കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ ഒരു നടി പീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതു അമ്മയുടെ ട്രഷറര്‍ സ്ഥാനത്തിരിക്കുമ്പോഴാണ്. എന്നിട്ടും നടിക്കൊപ്പം ഇരക്കൊപ്പം എന്നു പ്രഖ്യാപിച്ചപ്പോള്‍ അതു കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്ന് പലരും കരുതിയില്ല. സിനിമ മന്ത്രിയായിരുന്നപ്പോള്‍ കെ.ബി ഗണേഷ്‌കുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് പ്രമുഖ നടി സജിത മഠത്തില്‍ തുറന്നു പറയുന്നത് ഒരു തുടക്കമാണ്.

മദ്യവും മദിരാക്ഷിയും പണക്കൊഴുപ്പും പ്രലോഭനത്തിന്റെയും പ്രകോപനത്തിന്റെയും വലിയ സാധ്യതകളാണ് തുറന്നിടുന്നത്. പണവും പദവിയും ഗ്ലാമറുമെല്ലാം ചേര്‍ന്ന സിനിമ പലപ്പോഴും കലയുടെ കളംവിട്ട് സഞ്ചരിക്കുന്നുവെന്നത് രഹസ്യമൊന്നുമല്ല. കാസ്റ്റിംഗ് കൗച്ച് എന്ന പദം ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല ഉയര്‍ന്നു കേള്‍ക്കുന്നത്. നടീനടന്‍മാരുടെ വ്യക്തിത്വ സുരക്ഷയും ജോലിക്ക് കൂലി ഉറപ്പാക്കലുമെല്ലാം ലക്ഷ്യമിട്ട് ഒരു സംഘടന അവിടെ അനിവാര്യമാണുതാനും. പ്രത്യേകിച്ചും, തുടക്കക്കാര്‍ക്ക് വലിയ ആശ്വാസമേകുന്നതുമാണത്. പക്ഷെ, വേലിതന്നെ വിളതിന്നുന്നുവെന്ന് വന്നാല്‍ മതില്‍ ചാടി രക്ഷപ്പെടുകയല്ലാതെ എന്തുചെയ്യും. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. മനസാ വാചാ ആലോചിക്കാതെ കുരുക്കില്‍ പെട്ടുപോയി എന്നാണ് ദിലീപ് ആവര്‍ത്തിച്ചു പറയുന്നത്. പള്‍സറിന് നടിയെ പീഡിപ്പിക്കാനും ദിലീപിനെ കുടുക്കാനും ഒരേ കേന്ദ്രങ്ങളാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ആരോപണവും നിലനില്‍ക്കുന്നു. നിരപരാധിയെങ്കില്‍ ദിലീപിന് നിയമ വഴിയില്‍ വിജയിക്കാനാവും. ഇരക്കൊപ്പം നില്‍ക്കുകയെന്ന പ്രാഥമിക ദൗത്യം നിര്‍വ്വഹിച്ചപ്പോള്‍ കുറ്റാരോപിതനെ മാറ്റി നിര്‍ത്തിയ ‘അമ്മ’യുടെ നിലപാടില്‍ ദിലീപിന് പോലും എതിരഭിപ്രായമില്ല. കേസ് കോടതിയില്‍ വിചാരണ വേളയിലിരിക്കെ സംഘടനയിലേക്ക് തിരിച്ചെടുത്ത് ദിലീപിനെ വിവാദത്തിന്റെ കേന്ദ്ര ബിന്ദുവാക്കാന്‍ ആര്‍ക്കായിരുന്നു താല്‍പര്യം. ഭരണത്തില്‍ സ്വാധീനമുള്ള അമ്മ ഭാരവാഹികള്‍ കേസ് അട്ടിമറിച്ചു എന്നതിന്റെ തെളിവോ ആത്മവിശ്വാസവുമാണോ ഈ തിടുക്കത്തിന് പിന്നില്‍. രാഷ്ട്രീയ കൊലക്കേസ്സുകള്‍ തേച്ച് മാച്ച് കളയാന്‍ വൈദഗ്ദ്ധ്യമുള്ള സംഘടന ഭരിക്കുന്ന നാട്ടില്‍ സമീപകാലത്തെ ഒട്ടേറെ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ്സുകള്‍ അട്ടിമറിക്കാന്‍ പൊലീസ് നടത്തിയ ശ്രമങ്ങള്‍ വിവാദമാകുന്ന കാലത്ത് ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. മനുഷ്യത്വ വിരുദ്ധമായ ഹീനകൃത്യം ചെയ്തവരോടും ഇരയാക്കപ്പെട്ട വ്യക്തിയോടും ഒരേസമയം വിധേയത്വം കാണിക്കുന്ന ഭരണവര്‍ഗത്തിന്റെ ഇരട്ടത്താപ്പ് കാണുമ്പോള്‍ തിരശ്ശീലക്ക് പിന്നില്‍ എന്തെല്ലാമോ ചീഞ്ഞുനാറുന്നുണ്ടെന്ന് ഉറപ്പാണ്.
എല്‍.ഡി.എഫ് എം.എല്‍.എമാരായ ഗണേഷ്‌കുമാറും മുകേഷും അമ്മയുടെ ഭാരവാഹികളാണ്. മാധ്യമങ്ങളോട് പ്രതികാരപൂര്‍വ്വം ഇവര്‍ പെരുമാറുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അമ്മ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് ഫെയ്‌സ്ബുക്ക് വഴി വിവരം പുറത്തുവിട്ടത്. ജനങ്ങളുടെ ചെലവിലല്ല അമ്മയെന്ന ധിക്കാരമാണ് പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ ഇതിലുളള ന്യായീകരണം. മാധ്യമങ്ങളെ ഒഴിവാക്കി ജനങ്ങളെ അകറ്റിനിര്‍ത്തുന്നവര്‍ വളര്‍ന്നു വന്നത് ആരുടെ പിന്തുണയിലാണെന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നത് പണവും സ്വാധീനവും അമിതമാവുകയും അജീര്‍ണ്ണം ബാധിക്കുകയും ചെയ്തപ്പോഴാണ്. ആ അസുഖം പരമകോടിയിലെത്തിയതിന് സംസ്ഥാന ഭരണകൂടത്തിനും ഭരിക്കുന്ന പാര്‍ട്ടിക്കുമുള്ള പങ്ക് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ മനസ്സിലാകും.

ഭരണകക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന വായിച്ചാല്‍ സംശയമെല്ലാം നീങ്ങും. രാജിവെച്ച നടിമാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതോടൊപ്പം ഇത് അമ്മയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും സി.പി.എം പറഞ്ഞുവെക്കുന്നു: ‘…ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തല്‍പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശ്യപരമാണ്. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടത്…”. തിലകന്‍ എന്ന മഹാനടനെ ഉള്‍പ്പെടെ പലരെയും പടിയടച്ച് പിണ്ഡം വെച്ചപ്പോള്‍ മൗനസമ്മതത്തോടെ നിന്നവരാണ് ഇപ്പോള്‍ രാജിവെച്ചതെന്നതും ഇതോട് ചേര്‍ത്തു വായിക്കണം. രാജിവെച്ച നടിമാര്‍ മഹതികളും അല്ലാത്തവര്‍ മോശക്കാരുമാണെന്ന പ്രചാരണത്തിലും തമാശയുണ്ട്. ‘അമ്മ’പിടിക്കാനും പിളര്‍ത്തി വരുതിയിലാക്കാനും അണിയറയില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുമുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ച് ഈ കോലാഹലങ്ങള്‍ ശ്രവിക്കുന്നതില്‍ അര്‍ത്ഥമില്ല. ്

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending