റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
ലോകകപ്പില്‍ 48 ഗംഭീര പോരാട്ടങ്ങള്‍ സമാപിച്ചിരിക്കുന്നു. 122 ഗോളുകള്‍ പിറന്നിരിക്കുന്നു. യൂറോപ്പില്‍ നിന്ന് വന്ന 14 ടീമുകളില്‍ പത്ത് പേര്‍ നോക്കൗട്ടിലെത്തി. നാല് പേര്‍ പുറത്തായി-ജര്‍മനി ഉള്‍പ്പെടെ, ലാറ്റിനമേരിക്കയില്‍ നിന്നും അഞ്ചില്‍ നാല് പേര്‍ പുറത്തായി. വലിയ റെക്കോര്‍ഡുമായി ഉറുഗ്വേയുണ്ട്.-ലോകകപ്പില്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും വിജയം നേടിയവര്‍ അവര്‍ മാത്രമാണ്. ആഫ്രിക്കയില്‍ നിന്ന് ആരുമില്ല. ഏഷ്യയില്‍ നിന്ന് ജപ്പാന്‍ മാത്രം. ഉത്തര അമേരിക്കയെ പ്രതിനിധീകരിച്ച് മെക്‌സിക്കോയും. അഞ്ച് ഗോളുമായി ഹാരി കെയിനും (ഇംഗ്ലണ്ട്) നാല് ഗോള്‍ വീതം നേടിയ കൃസ്റ്റിയാനോ റൊണാള്‍ഡോയും (പോര്‍ച്ചുഗല്‍) റുമേലു ലുക്കാക്കുവും (ബെല്‍ജിയം) മൂന്ന് ഗോള്‍ വീതം നേടി റഷ്യയുടെ ഡെന്നിസ് ചെര്‍ച്ചഷേവും സ്‌പെയിനിന്റെ ഡിയാഗോ കോസ്റ്റയും ഗോള്‍ വേട്ടയില്‍ മുന്നിട്ട് നില്‍ക്കുന്നു. 1986 ലെ ലോകകപ്പില്‍ മറഡോണക്ക് ശേഷം രണ്ട് പേര്‍ തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഡബിള്‍ ഗോളുകളും നേടി-ഹാരി കെയിനും ലുക്കാക്കുവും. ആദ്യ മല്‍സരത്തില്‍ തന്നെ റഷ്യ അഞ്ച് ഗോള്‍ വിജയം നേടിയെങ്കില്‍ ആറ് ഗോളുകളുമായി ഇംഗ്ലണ്ട് ആ റെക്കോര്‍ഡ് പാനമക്കെതിരെ തിരുത്തി.
മൊത്തം 122 ഗോളുകള്‍ പിറന്നപ്പോള്‍ ഇതില്‍ 27 ശതമാനം ഗോളുകള്‍ അധികസമയത്തായിരുന്നു. കോസ്റ്റാറിക്കക്കെതിരെ ബ്രസീലിന്റെ നെയ്മര്‍ നേടിയ ഗോളായിരുന്നു അധികസമയത്തെ ഏറ്റവും വേഗതയില്‍ അവസാനം പിറന്ന ഗോള്‍. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ 45 കാരനായ ഈജിപ്ത് ഗോള്‍ക്കീപ്പര്‍ ഇസാ അല്‍ ഹദാരി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം ചെന്ന താരവുമായി. ഈ ലോകകപ്പിലെ നൂറാം ഗോള്‍ മെസി നേടിയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ 2500-ാമത്തെ ഗോള്‍ ടൂണീഷ്യയുടെ ഫക്രൂദ്ദീന്‍ ബിന്‍ യൂസഫിന്റെ പേരിലായിരുന്നു. നാളെ മുതല്‍ നോക്കൗട്ട് യുദ്ധങ്ങളാണ്. 15 ദിവസം ദീര്‍ഘിച്ച പ്രാഥമിക റൗണ്ടില്‍ ഞാന്‍ കണ്ട കാഴ്ച്ചകളുടെ, എന്റെ ഇഷ്ടാനിഷ്ടങ്ങളുടെ വിലയിരുത്തലാണിന്ന്.
ഏറ്റവും മികച്ച ഗോള്‍
122 ഗോളുകളില്‍ മൂന്ന് ഗോളുകളാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. നൈജീരിയക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസി നേടിയ ഗോളും സ്വീഡനെതിരായ പോരാട്ടത്തില്‍ അധികസമയത്തിന്റെ അവസാന മിനുട്ടില്‍ ജര്‍മനിയുടെ ടോണി ക്രൂസ് നേടിയ ഫ്രീകിക്ക് ഗോളും പിന്നെ സ്‌പെയിനിനെതിരായ മല്‍സരത്തിന്റെ അവസാന മിനുട്ടില്‍ പോര്‍ച്ചുഗലിന്റെ കൃസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് ഗോളും. മെസിയുടെ ഗോള്‍ വേഗതയിലും ലക്ഷ്യബോധത്തിലും പന്തടക്കത്തിലും ഒന്നാമതായിരുന്നു. മെസിക്ക് പന്ത് നല്‍കിയ എവര്‍ ബനേഗയുടേതാണ് ഏറ്റവും മികച്ച പാസ്. വിജയം നിര്‍ബന്ധമായ മല്‍സരത്തില്‍ അവസാനം വരെ സമനിലയില്‍ കുരുങ്ങിയതിന് ശേഷമായിരുന്നു ജര്‍മനിക്ക് ഫ്രീകിക്ക് ലഭിക്കുന്നത്. ഏറ്റവും ദുഷ്‌ക്കരമായ ആങ്കിളില്‍ നിന്നും സമര്‍ത്ഥമായ കൗശലത്തിലായിരുന്നു ക്രൂസ് ഗോള്‍ നേടിയത്. സ്‌പെയിന്‍ ജയമുറപ്പാക്കിയ മല്‍സരത്തിലായിരുന്നു അവസാന മിനുട്ടിലെ റൊണാള്‍ഡോ ഫ്രീകിക്ക്.
ഏറ്റവും മികച്ച മല്‍സരം
ഗ്രൂപ്പ് എച്ചില്‍ സെനഗലും പോളണ്ടും തമ്മിലുള്ളതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മല്‍സരം. രണ്ടാംസ്ഥാനത്ത് പോര്‍ച്ചുഗല്‍-സ്‌പെയിന്‍. ആഫ്രിക്കയുടെ വന്യതയും യൂറോപ്പിന്റെ പ്രൊഫഷണലിസവുമായിരുന്നു സെനഗല്‍-പോളണ്ട് പോരാട്ടത്തിലെ സവിശേഷത. പോളണ്ടിനെ സെനഗല്‍ തോല്‍പ്പിച്ചപ്പോള്‍ അത് ആഫ്രിക്കന്‍ ആരോഗ്യത്തിന്റെ ശക്തിപ്രകടനമായി മാറി. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സെര്‍ജിയോ റാമോസിന്റെ സ്‌പെയിനും മൂന്ന് ഗോളുകള്‍ വീതം പങ്കിട്ടത് തന്നെ അവരുടെ ശക്തിയുടെ തെളിവ്.
ബോറന്‍ മല്‍സരം
ഫ്രാന്‍സും ഡെന്മാര്‍ക്കും തമ്മില്‍ ഗ്രൂപ്പ് സിയില്‍ നടന്ന അവസാന മല്‍സരം. അന്ന് തന്നെ അര്‍ജന്റീന-നൈജീരിയ മല്‍സരമുണ്ടായിരുന്നു. പക്ഷേ ആദ്യ രണ്ട് കളികളില്‍ അര്‍ജന്റീന നിരാശപ്പെടുത്തിയതിനാല്‍ അതിന് നില്‍ക്കാതെ ഫ്രാന്‍സിന്റെ മികവ് കാണാന്‍ എത്തിയതായിരുന്നു. പക്ഷേ 93 മിനുട്ട് രണ്ട് ടീമും ബോറന്‍ ഗെയിമാണ് കാഴ്ച്ചവെച്ചത്. ലോകകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയും ഇതായിരുന്നു.
വീഡിയോ റഫറല്‍ സമ്പ്രദായം
കളിയുടെ ഒഴുക്കിനെ ഇത് തടസ്സപ്പെടുത്തുന്നുണ്ട്. പക്ഷേ കൃത്യമായ ഇടപെടലുകള്‍ മല്‍സരത്തിന്റെ സത്യസന്ധതയെ നിലനിര്‍ത്തുന്നു. ഏറ്റവും മികച്ച വീഡിയോ ഇപെടല്‍ ഇന്നലൊയിരുന്നു. കൊളംബിയയും സെനഗലും തമമില്‍ ഗ്രൂപ്പ് എച്ചില്‍ നിര്‍ണായക മല്‍സരം നടക്കുമ്പോള്‍ ആദ്യ പകുതയില്‍ സെനഗലിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിളിച്ചു.
കൊളംബിയന്‍ താരങ്ങള്‍ പ്രതിഷേധിച്ചു. റഫറി വീഡിയോ റഫറിക്ക് തീരുമാനം വിട്ടു അദ്ദേഹത്തിന്റെ നിലപാട് അത് ഫൗള്‍ അല്ല എന്നായിരുന്നു. സത്യത്തില്‍ അത് ഫൗളുമായിരുന്നില്ല. അങ്ങനെ സത്യം ജയിച്ചു-കൊളംബിയയും.
നിരാശ
ലോക ചാമ്പ്യന്മാരായ ജര്‍മനിയും സെനഗലും പുറത്തായതാണ് വലിയ നിരാശ. ആദ്യ മല്‍സരത്തില്‍ മെക്‌സിക്കോയോട് തോറ്റെങ്കിലും രണ്ടാം മല്‍സരത്തില്‍ സ്വീഡനെതിരെ തകര്‍പ്പന്‍ ഫോമില്‍ ജര്‍മനി തിരിച്ച് വന്നിരുന്നു.
പക്ഷേ ദുര്‍ബലരെന്ന് കരുതിയ കൊറിയക്ക്് മുന്നില്‍ അലസ ഗെയിമുമായി രണ്ട് ഗോള്‍ തോല്‍വി വാങ്ങി പുറത്തായി.
സെനഗല്‍ ഗംഭീര ടീമായിരുന്നു. സാദിയോ മാനേയുടെ സംഘത്തെ നിര്‍ഭാഗ്യം ചതിച്ചു. താരങ്ങളില്‍ നിരാശപ്പെടുത്തിയത് ഈജിപ്തിന്റെ മുഹമ്മദ് സലാഹ്.
ജപ്പാന്‍ ടീം
വഴക്കിനില്ലാത്ത ടീം
ഏഷ്യയുടെ അഭിമാനമാണ് ജപ്പാന്‍. അവരുടെ വലിയ നേട്ടമെന്നത് ഫെയര്‍ പ്ലേ വിജയമാണ്. ആരോടും വഴക്കിന് പോവാറില്ല ജപ്പാനികള്‍. അവരുടെ ടീം അത്തരത്തില്‍ തന്നെ. നല്ല രസമാണ് അവരുടെ കളി. ഗ്രൂപ്പ് എച്ചില്‍ അവസാന മല്‍സരത്തില്‍ പോളണ്ടിനോട് തോറ്റിട്ടും അവര്‍ നോക്കൗട്ടിലെത്തിയത് നല്ല കളിക്കുള്ള അംഗീകാരമായാണ്. നാല് കാര്‍ഡുകള്‍ മാത്രമാണ് മൂന്ന് മല്‍സരങ്ങളില്‍ ജപ്പാന്‍ വാങ്ങിയത്.
ഫെര്‍ണാണ്ടോ മുസലേര
മികച്ച ഗോള്‍ക്കീപ്പര്‍
ഫെര്‍ണാണ്ടോ മുസലേര എന്ന ഉറുഗ്വേ ഗോള്‍ക്കീപ്പര്‍. കഴിഞ്ഞ ലോകകപ്പില്‍ തന്നെ മുസലേരയെ ഇഷ്ടമായിരുന്നു. ഇത്തവണ അതേ മികവ്.
മിറാന്‍ഡ
മികച്ച ഡിഫന്‍ഡര്‍
ബ്രസീലിന്റെ നായകന്‍ മിറാന്‍ഡ. വളരെ കൂളായി ഇടപെടുന്നു. വഴക്കിനും ബഹളത്തിനുമില്ലാത്ത പ്രകൃതം
ഫ്രാന്‍സിന്റെ നക്കാലാ കാണ്ടേ
മികച്ച മധ്യനിരക്കാരന്‍
ഫ്രാന്‍സിന്റെ നക്കാലാ കാണ്ടേ-ഒരു സംശയവുമില്ല. പോള്‍ പോഗ്ബയെയായിരുന്നു ഇഷ്ടം. പക്ഷേ ഫ്രാന്‍സിന്റെ കളികള്‍ നിയന്ത്രിക്കുന്നത് സത്യത്തില്‍ കാണ്ടേയാണ്. ബെല്‍ജിയത്തിന്റെ ഡി ബ്രുയനും കേമന്‍.
റുമേലു ലുക്കാക്കു
മികച്ച മുന്‍നിരക്കാരന്‍
ബെല്‍ജിയത്തിന്റെ കൂള്‍ സ്‌ട്രൈക്കര്‍ റുമേലു ലുക്കാക്കു.
ഹാരി കെയിന്‍
മികച്ച ക്യാപ്റ്റന്‍
ഇംഗ്ലണ്ടിന്റെ ഹാരി കെയിന്‍. അഞ്ച് ഗോളുകളാണ് നായകന്റെ സമ്പാദ്യം
മികച്ച ഫാന്‍സ്
മെക്‌സിക്കന്‍സ്-അടിപൊളി
സല്യൂട്ട്
45-ാം വയസ്സില്‍ വന്ന് ലോകകപ്പ് കളിച്ച ഈജിപ്ത് ഗോള്‍ക്കീപ്പര്‍ ഇസാം ഹദാരിക്ക്