ഇറാന് 1 – പോര്‍ച്ചുഗല്‍ 1
#IRNPOR
സ്‌പെയിനിനും പോര്‍ച്ചുഗലിനും അനായാസം ജയിച്ചുകയറാം എന്നായിരിക്കണം ഞാന്‍ മാത്രമല്ല ഒട്ടുമിക്ക ആളുകളും ലോകകപ്പ് തുടങ്ങും മുമ്പുവരെ ഗ്രൂപ്പ് ബിയെപ്പറ്റി കരുതിയിട്ടുണ്ടാവുക. ഇന്നിപ്പോള്‍ ഗ്രൂപ്പിലെ മത്സരങ്ങളെല്ലാം തീര്‍ന്നപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ സ്‌പെയിന്‍ ജേതാക്കളായും പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനക്കാരായും മുന്നേറി; പക്ഷേ, പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ ആയിരുന്നില്ലെന്നു മാത്രം. നിര്‍ണായക മത്സരത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിനോട് സ്‌പെയിന്‍ രണ്ടുതവണ പിന്നിലാകുന്നതും ഒരു ഏഷ്യന്‍ ടീമിനെ പോര്‍ച്ചുഗല്‍ സമനിലയില്‍ തളക്കുന്നതും ഫുട്‌ബോള്‍ എന്ന ഗെയിമിന്റെ സുന്ദരമായ അനിശ്ചിതാവസ്ഥയുടെ സാക്ഷ്യമായി. രണ്ടാം റൗണ്ടിലേക്ക് മുന്നേറാന്‍ കഴിഞ്ഞില്ലെങ്കിലും പന്തുകളി പ്രേമികളുടെ മനസ്സ് നിറച്ചാണ് മൊറോക്കോയും ഇറാനും ലോകകപ്പില്‍ നിന്നു വിടവാങ്ങുന്നത്.
മത്സരഫലം ഗ്രൂപ്പ് സമവാക്യങ്ങളില്‍ നിര്‍ണായകമാകുമെന്നതിനാല്‍ ഇറാന്‍-പോര്‍ച്ചുഗല്‍ മത്സരമാണ് ഞാന്‍ കാഴ്ചക്ക് തെരഞ്ഞെടുത്തത്. മത്സരത്തിലുടനീളം പോര്‍ച്ചുഗലിനെ ആശങ്കപ്പെടുത്തിയ കളിയാണ് ഇറാന്‍ കെട്ടഴിച്ചത്. സര്‍ദാര്‍ അസ്മൂന്‍, അലിരെസ ജഹാന്‍ബഖ്ഷ് എന്നീ മുന്‍നിരക്കാരെ ഉപയോഗപ്പെടുത്തി അവര്‍ കളിച്ചപ്പോള്‍ മധ്യനിരയിലും പിന്‍നിരയിലും ഉറച്ചുനിന്ന് പോര്‍ച്ചുഗല്‍ സമനിലക്കായി കളിക്കുന്നതായി തോന്നി. പോര്‍ച്ചുഗലിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇറാന്റെ കൈവശം വിഭവം കുറവായിരുന്നു. അവരുടെ നീക്കങ്ങളില്‍ അത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കാതെ ഗോള്‍ ലക്ഷ്യമാക്കിയുള്ള അവരുടെ മുന്നേറ്റങ്ങള്‍ കളി ആവേശകരമാക്കി മാറ്റി. ഇടതു സ്‌ട്രൈക്കറായാണ് തുടങ്ങിയതെങ്കിലും ക്രിസ്റ്റിയാനോ റൊാണാള്‍ഡോ മുന്‍നിരയില്‍ എല്ലായിടത്തുമുണ്ടായിരുന്നു. എങ്കിലും ഇന്നദ്ദേഹത്തിന് ഒരു മോശം ദിനമായിരുന്നു എന്നാണെനിക്ക് തോന്നിയത്. പെനാല്‍ട്ടി നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, ക്രിസ്റ്റ്യാനോയുടെ പാസുകള്‍ പലവതണ ഇറാന്‍കാര്‍ ബ്രേക്ക് ചെയ്യുന്നതും അദ്ദേഹത്തില്‍ നിന്ന് പന്ത് തട്ടിയെടുക്കുന്നതും കണ്ടു. എങ്കിലും ക്രിസ്റ്റ്യാനോ എന്ന സാന്നിധ്യത്തെപ്പറ്റിയുള്ള ഭയമാണ് ഓള്‍ഔട്ട് അറ്റാക്ക് നടത്തുന്നതില്‍ നിന്ന് ഇറാനെ മിക്കസമയത്തും പിടിച്ചുനിര്‍ത്തിയത്. എതിര്‍ഹാഫില്‍ ആവശ്യത്തിന് കളിക്കാരില്ലാത്തതിനാല്‍ മാത്രം അവരുടെ പല ആക്രമണങ്ങളുടെയും മൂര്‍ച്ച നഷ്ടപ്പെട്ടു.
ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ റിക്കാര്‍ഡോ ക്വാറസ്മ നേടിയ ഗോള്‍ പോര്‍ച്ചുഗലിന് കുറച്ചൊന്നുമല്ല സഹായകമായത്. പോര്‍ച്ചുഗലിന്റെ കളിമികവിനേക്കാള്‍ ക്വാറസ്മയുടെ ബ്രില്ല്യന്‍സായിരുന്നു അത്. അതിനുമുമ്പ് ഇറാന്‍ കീപ്പര്‍ വരുത്തിയ രണ്ട് ബ്ലണ്ടറുകള്‍ മുതലെടുക്കാന്‍ പോര്‍ച്ചുഗലിനായിരുന്നില്ല. രണ്ടാംപകുതിയില്‍ കുറച്ചുകൂടി റിലാക്‌സ്ഡ് ആയി, ഇറാന്‍ കളിക്കാരിലെ തീ അണപ്പിക്കുന്ന രീതിയില്‍ കളിയുടെ വേഗം കുറക്കാനും രണ്ടാം ഗോള്‍ ആസൂത്രണം ചെയ്യുന്നതിനായി മധ്യനിരയില്‍ പന്ത് സൂക്ഷിക്കാനും ക്വാറസ്മയുടെ ഗോള്‍ സഹായകമായി. അതേസമയം കുഷ്യന്‍ ഗോളിനു വേണ്ടി ക്രിസ്റ്റിയാനോയെ ഉപയോഗിച്ച് ആക്രമിക്കാന്‍ അവര്‍ തയ്യാറാകാതിരുന്നത് ഫെര്‍ണാണ്ടോ സാന്റോസിന്റെ തന്ത്രങ്ങളിലെ മോശം കാര്യമായി അനുഭവപ്പെട്ടു.
പാരഗ്വേ റഫറി എന്റിക് കാസറസിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അത് കൂടുതല്‍ ഗുണകരമായി ഭവിച്ചത് പോര്‍ച്ചുഗലിനായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മഞ്ഞക്കാര്‍ഡ് കൊണ്ട് രക്ഷപ്പെട്ട സംഭവം ഉദാഹരണം. എതിര്‍താരത്തെ കൈകൊണ്ട് നേരിട്ടപ്പോള്‍ കൈകൊണ്ടത് മുഖത്തല്ല എന്നൊരു ന്യായം മാത്രമായിരിക്കണം ശിക്ഷ ലഘൂകരിക്കാന്‍ റഫറിയെ പ്രേരിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ പരിശോധിക്കാന്‍ റഫറി തീരുമാനിച്ചപ്പോള്‍ ക്രിസ്റ്റിയാനോ ശരിക്കും പേടിച്ചതായി അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നു വ്യക്തമായിരുന്നു.
രണ്ടാം ഇഞ്ച്വറി ടൈം ആറു മിനുട്ട് അനുവദിച്ചെങ്കിലും അതില്‍ രണ്ടുമിനുട്ടിലധികം പെനാല്‍ട്ടി തീരുമാനിക്കാന്‍ വേണ്ടി റഫറി ചെലവഴിച്ചു. ആന്ദ്രേ സില്‍വയുടെ സബ്സ്റ്റിറ്റിയൂഷനു വേണ്ടിയും ഒരു മിനുട്ടോളം ചെലവായി. നിര്‍ണായക ഘട്ടമായിട്ടും ഒരു മിനുട്ട് മാത്രമാണ് റഫറി അധികമായി ഇറാന് നല്‍കിയത്. സമനില ഗോള്‍ നേടിയതിനു ശേഷമുള്ള വീറും വാശിയും ഉപയോഗപ്പെടുത്താന്‍ ഇറാന് അവര്‍ അര്‍ഹിച്ച സമയം ലഭിച്ചില്ല. 95-ാം മിനുട്ടില്‍ ഗോളടിക്കാവുന്ന സുവര്‍ണാവസരമാണ് ഇറാന്‍ താരം നഷ്ടപ്പെടുത്തിയത്. പ്രതിരോധം പതറുകയും ഗോള്‍കീപ്പര്‍ സ്ഥാനംതെറ്റി നില്‍ക്കുകയും ചെയ്യുകയായിരുന്നിട്ടും പന്ത് സൈഡ് നെറ്റിലേക്കടിക്കാനേ അയാള്‍ക്കു കഴിഞ്ഞുള്ളൂവെന്നത് സന്ദര്‍ഭത്തിന്റെ കനത്ത സമ്മര്‍ദം കൊണ്ടുതന്നെയാവണം.
ഏതായാലും സ്‌പെയിന്‍ – റഷ്യ, പോര്‍ച്ചുഗല്‍ – ഉറുഗ്വേ എന്നിങ്ങനെയാണ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് വന്നിരിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായത് സ്‌പെയിനിന് ഗുണകരമായി. ആദ്യറൗണ്ടില്‍ ഒരു ഗോള്‍പോലും വഴങ്ങാത്ത ഉറുഗ്വേയെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിക്കണമെങ്കില്‍ പോര്‍ച്ചുഗലിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വ്യക്തിഗത മികവിനെ തന്നെ അമിതമായി ആശ്രയിക്കേണ്ടി വരും. സ്‌പെയിനിനെതിരെ ഹാട്രിക്കടിക്കുകയും മൊറോക്കോക്കെതിരെ നിര്‍ണായക ഗോള്‍ നേടുകയും ചെയ്ത ക്രിസ്റ്റിയാനോ പ്രീക്വാര്‍ട്ടറിലും തിളങ്ങുമെന്നാവും ആരാധകരും കണക്കുകൂട്ടുക.