Connect with us

Video Stories

ഓ കശ്മീര്‍

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചത് മെഹ്ബൂബ മുഫ്തിയുടെ മണ്ടക്ക് കിഴുക്കിയാണ്. പൊതു തെരഞ്ഞെടുപ്പ് ജയിക്കാന്‍ നരേന്ദ്രമോദിയുടെ ശീര്‍ഷാസനം മതിയാവില്ലെന്ന് വര്‍ത്തമാന ഇന്ത്യ അമിത്ഷായെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റുകളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളും ഹിന്ദുത്വ അജണ്ടയും ചേര്‍ന്നതുകൊണ്ടു മാത്രമല്ല 2014ല്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയത്. യു.പി.എ സര്‍ക്കാറിന്റെ ചില ദൗര്‍ബല്യങ്ങള്‍ കൂടിയായിരുന്നു. നരേന്ദ്ര മോദിയെന്ന രക്ഷകനെ കുറിച്ച പ്രതീക്ഷയും. 2019ലേക്ക് കടക്കുമ്പോള്‍ മോദി ഒരു നനഞ്ഞ പടക്കമാണ്. അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും പ്രതീക്ഷ ഹിന്ദുത്വവാദികള്‍പോലും വെച്ചുപുലര്‍ത്തുന്നില്ല. അതുകൊണ്ടു തന്നെ ഹിന്ദുത്വത്തിലൂന്നിയ ആക്രമണോത്സുക ദേശീയതയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാണ് ബി.ജെ.പി. മെഹ്ബൂബ മുഫ്തിയുമൊത്ത് ജമ്മുകശ്മീരില്‍ ഭരണ പങ്കാളിത്തം നിലനിര്‍ത്തി അത് സാധ്യമാവില്ലെന്ന ഒറ്റ കാരണമാണ് ഇന്ത്യയിലെ രണ്ടാമത്തെ മുസ്‌ലിം വനിതാ മുഖ്യമന്ത്രിയെ വലിച്ചുതാഴെയിടാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.
സയ്യിദ അന്‍വറ തൈമൂര്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാവായ ഇവര്‍ അസമില്‍ ഏതാനും മാസം മുഖ്യമന്ത്രി പദത്തിലിരുന്നു. രണ്ടാമതൊരാള്‍ വരുന്നത് കശ്മീരില്‍ സയ്യിദ മെഹ്ബൂബ മുഫ്തിയാണ്. 2016ലാണ് പിതാവ് മുഫ്തി മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മെഹ്ബൂബ മുഖ്യമന്ത്രിയാവുന്നത്. ബി.ജെ.പിയുമായി പിതാവ് സ്ഥാപിച്ച ബന്ധം മെഹ്ബൂബ തുടരുകയായിരുന്നു. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായിരുന്നു ബി.ജെ.പിയുമായുള്ള ബന്ധമെന്ന് മെഹ്ബൂബ വിലയിരുത്തുമ്പോള്‍ മെഹ്ബൂബയുമായുള്ള ബന്ധം തുടര്‍ന്നാല്‍ രാജ്യത്തിന് വലിയ അബദ്ധമാകുമായിരുന്നുവെന്നാണ് ബി.ജെ.പി നേതാവിന്റെ മതം. പിതാവ് മുഫ്തി മുഹമ്മദിന് കാഴ്ചപ്പാടും ഭരണ നൈപുണിയുമുണ്ടായിരുന്നു, ഇതു രണ്ടും മകള്‍ക്കുണ്ടായില്ലെന്ന് ബി.ജെ.പി നേതാവ് ചൗധരി ലാല്‍സിങ് കുറ്റപ്പെടുത്തുന്നു. അപ്രഗത്ഭതയാണ് മെഹ്ബൂബക്ക് നേരെ ഉന്നയിക്കുന്ന വലിയ ആക്ഷേപം. ഭീകരവാദികള്‍ക്കൊപ്പമാണ് മെഹ്ബൂബയെന്ന് പറയാനും അവര്‍ മടിക്കുന്നില്ല. കത്വയില്‍ ബാലികയെ പിച്ചിച്ചീന്തിയ സംഘിഭീകരെ ബി.ജെ.പി ആഗ്രഹിക്കുംപോലെ കൈകാര്യം ചെയ്യാന്‍ കൊടുത്തില്ലെന്നത് മെഹ്ബൂബയുടെ അപരാധം തന്നെ. റമസാനില്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഭീകരരോടുള്ള മൃദുസമീപനത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു.
ഇതൊന്നുമല്ല, കശ്മീരിനെ മുന്‍നിര്‍ത്തി രാഷ്ട്ര സുരക്ഷയെ കുറിച്ച പ്രചാരണം ബി.ജെ.പിക്ക് സാധ്യമാവണമെങ്കില്‍ ശ്രീനഗറിലെ ഭരണപങ്കാളിത്തം അവസാനിപ്പിച്ചേ പറ്റൂ. ഇനി സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് ഭക്ഷണം കഴിക്കുന്ന ആര്‍ക്കും പ്രവചിക്കാവുന്നതാണ്. രാഷ്ട്രപതി ഭരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ അവിടത്തെ ഭരണം പൂര്‍ണമായി ഏറ്റെടുത്തിരിക്കുകയാണ്. അഥവാ സഖ്യകക്ഷിയുടെ ഇടപെടല്‍ കൂടിയില്ലാത്ത സ്വേഛാഭരണം. പട്ടാളത്തെയും ഭീകരവാദികളെയും മുന്‍നിര്‍ത്തി ജനത്തിന് നേരെയുള്ള കൈയേറ്റം. അതുവെച്ച് മോദിയും കൂട്ടരും ഇനിയും കശ്മീരിന്റെ പദവിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. രാഷ്ട്ര സുരക്ഷയെപറ്റി വാഗ്‌ധോരണിയുണ്ടാവും. ആര്‍ടിക്കിള്‍ 370 ഉം ഏക സിവില്‍ കോഡും രാമക്ഷേത്രവും ഹിന്ദുത്വവുമില്ലെങ്കില്‍ 2019ല്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ തോല്‍വിയാണ്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായി അഹമ്മദ് പട്ടേലിനെ കൊണ്ടുവരാന്‍ പാകിസ്താനുമായി ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിവരെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാന്‍ മടിക്കാത്ത നരേന്ദ്രമോദി എന്തെല്ലാം പ്രചരിപ്പിച്ചുകുടാ എന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല. മോദി അധികാരത്തില്‍ വന്ന ശേഷം രാജ്യ സുരക്ഷ യഥാര്‍ഥത്തില്‍ അപകടത്തിലായി. പത്താന്‍കോട്ടില്‍ നാവിക സേനാ ക്യാമ്പിന് നേരെ ഭീകരവാദ ആക്രണണമുണ്ടായി. നിരവധി പട്ടാളക്കാര്‍ മരിച്ച സംഭവത്തില്‍ അക്രമിയായ ഒരാളെ പോലും ജീവനോടെ പിടികൂടാന്‍ കഴിഞ്ഞില്ല. പാകിസ്താനാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ആക്ഷേപിക്കുമ്പോള്‍തന്നെ അവിടെനിന്നുള്ള സംഘത്തെ പത്താന്‍കോട്ടിലെത്തി തെളിവ് ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് മഹാ വങ്കത്തം. അതിര്‍ത്തിയില്‍നിന്ന് ദിനേനയെന്നോണം പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന ഖ്യാതി മുഫ്തി മുഹമ്മദ് സഈദിനാണ്. മകള്‍ മെഹ്ബൂബ രണ്ടാമത് മുസ്‌ലിം വനിതാ മുഖ്യമന്ത്രിയുമായി. വി.പി സിങ് സര്‍ക്കാറില്‍ മുഫ്തി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് മുഫ്തിയുടെ മകള്‍ റുബയ്യയെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയതും ജയിലിലെ ഏതാനും ഭീകരവാദികളെ വിട്ടയച്ച് റുബയ്യയെ മോചിപ്പിച്ചതും. മുഫ്തി കോണ്‍ഗ്രസിലായിരുന്നു. പി.ഡി.പി രൂപവത്കരിക്കുന്നതിന് മുമ്പും മുഫ്തി കോണ്‍ഗ്രസ് വിടുകയും തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. 1996ല്‍ ആദ്യമായി മെഹ്ബൂബ നിയമസഭയിലെത്തുന്നത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. 1999ലാണ് മുഫ്തി പി.ഡി.പി രൂപവത്കരിക്കുന്നത്. അപ്പോള്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാകുകയും 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീനഗറില്‍ ഉമര്‍ അബ്ദുല്ലക്കെതിരെ മത്സരിക്കുകയും ചെയ്തു. പരാജയപ്പെട്ട അവര്‍ 2002ല്‍ പല്‍ഗാമില്‍ നിന്ന് വീണ്ടും നിയമസഭയില്‍. 2004ലും 2014ലും ലോക്‌സഭാംഗമായ മെഹ്ബൂബ പക്ഷേ 2009ല്‍ മത്സരിച്ചില്ല. കശ്മീര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ മെഹ്ബൂബയെ വിവാഹം ചെയ്തത് പിതാവിന്റെ കുടുംബത്തില്‍ നിന്നുള്ള ജാവദ് ഇഖ്ബാലാണ്. ഈ ബന്ധം അധികം നീണ്ടില്ല. മകള്‍ ലിതിജ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുമ്പോള്‍ ഇര്‍തിഖ ബോളിവുഡിലാണ്, പ്രശസ്ത ഛായാഗ്രാഹകന്‍ മുസ്തഫ സദുഖിനൊപ്പം.

film

പകരം വീട്ടാൻ ‘പരാക്രമം’. കോമഡി, റൊമാന്റിക്, മാസ്സ് ആക്ഷൻ ട്രെയ്‌ലർ പുറത്തിറങ്ങി

ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

Published

on

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്റെ  പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ഒരു പവർ പാക്കഡ്‌ എന്റെർറ്റൈനെർ തന്നെയാകും ‘പരാക്രമം’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

‘വാഴ’ ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി,  കിരൺ പ്രഭാകരൻ  എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. സംഗീത സംവിധാനം- അനൂപ് നിരിച്ചൻ, ഗാനരചന- സുഹൈൽ എം കോയ,രഞ്ജിത്ത് ആർ നായർ. സംഘടനം- ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്‌റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്, മേക്കപ്പ് – മുഹമ്മദ് അനീസ്, കോസ്റ്റ്യൂം – ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഓഡിയോഗ്രാഫി – രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് – വിപിൻ കുമാർ, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് – ഷഹീൻ താഹ, ഡിസൈനർ – യെല്ലോ ടൂത്ത്‌സ്, പി ആർ ഒ – എ എസ് ദിനേശ്.

Continue Reading

Video Stories

സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ കൊല്ലാൻ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു -സന്ദീപ് വാര്യർ

ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

Published

on

മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്നും അതിന് കാരണം പാണക്കാട് കുടുംബമാണെന്നും സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിൽ ചേർന്നതിന് പിന്നാലെ പാണക്കാടെത്തി ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. അത് മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട് കുടുംബവും അവരുടെ പ്രയത്‌നവുമാണ്. കേരളത്തിനും രാജ്യത്തിനും തന്നെ മാതൃകയായ ഈ പാരമ്പര്യം മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഈ കാര്യം അംഗീകരിക്കുന്നതാണ്. ഉയര്‍ന്ന ചിന്തയോടെ മനുഷ്യര്‍ ഒരുമിച്ച് പോകണമെന്നും മാനവ സൗഹാര്‍ദമാണ് എല്ലാത്തിനും മുകളില്‍ എന്ന് വിശ്വസിക്കുന്ന കുടുംബമാണിത്. ഏത് നേരത്തും ആര്‍ക്കും ഏത് സഹായവും ചോദിച്ച് ഇവിടെ വരാന്‍ സാധിക്കും.

കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച് ഇവിടേയ്ക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. വ്യക്തിപരമായി മതത്തിന്റെ അടിസ്ഥാനത്തില്‍ ആരോടും പെരുമാറുന്നയാളല്ല ഞാന്‍. അത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ലീഗ് നേതാക്കളില്‍ നിന്നും അനുഭവിക്കുന്ന സ്‌നേഹം വിവരിക്കാനാകാത്തതാണ്. ഒരുപാട് സന്തോഷമുണ്ട്. ഇതെൻ്റെ ആദ്യത്തെ വരവാണ്. ഇനിയെപ്പോഴും വരാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്’, സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് ദൂരെ നിന്നും എന്നെ കണ്ട അദ്ദേഹം എന്നേയും ചേര്‍ത്താണ് ആ ഉദ്ഘാടനം നടത്തിയത്. എന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അദ്ദേഹത്തെ കണ്ട് പഠിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വലിയ കസേരകള്‍ കിട്ടട്ടെ എന്നല്ലേ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് ഒരു വലിയ കേസരയാണ്. കൊടപ്പനക്കല്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാന്‍ പറ്റിയാല്‍ അത് എനിക്ക് ഏറ്റവും വലുതാണ്.

ഭക്ഷണം വസ്ത്രം ഭാഷ ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്രമാണ്. അത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത്. രാഷ്ട്രീയം ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്, അത് സ്വീകരിക്കുന്ന സമയത്ത് എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ എന്ന് സംശയമുണ്ട്. ഈ രണ്ട് കൂട്ടരും ഒന്നിച്ചാണ് കേരളത്തില്‍ രാഷ്ട്രീയം നടത്തുന്നത്. ഒരേ ഫാക്ടറിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വിദ്വേഷമാണ് ഇവര്‍ വിളമ്പുന്നത്. കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയത് ഒരു കണ്ടീഷനോട് കൂടിയാണ്. പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്കാണ് വന്നത്. വെറുപ്പിന്റെ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ച് മനം മടുത്തിട്ടാണ് മാനവികതയുടെ കോണ്‍ഗ്രസിലേക്ക് എത്തിയത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Continue Reading

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

Trending