Connect with us

Sports

ചരിത്രം മാറ്റിയെഴുതിയ മൂസ ഗോള്‍

Published

on

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

നൈജീരിയ 2 ഐസ്‌ലാന്റ് 0

ബൈബിളിലെ മോസസാണ് ഖുര്‍ആനിലെ മൂസ. ഫറോവയുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ഇസ്രാഈല്യരെ രക്ഷിക്കാന്‍ അവതരിച്ച പ്രവാചകന്‍. വോള്‍വോഗ്രാദിലെ ലോകകപ്പ് കളിക്കളത്തിലിന്ന് നൈജീരിയക്ക് രക്ഷകനായി മൂസയും മോസസും ഒന്നിച്ച് അവതരിച്ചു. ഐസ്‌ലാന്റിനെ രണ്ടു ഗോല്‍നു തകര്‍ത്ത് ആഫ്രിക്കയിലെ സൂപ്പര്‍ കഴുകന്മാര്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ അഹ്മദ് മൂസ എന്ന 25കാരന്‍ ഇന്നീ നിമിഷം ലോകത്ത് ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്ന നൈജീരിയക്കാരനായി മാറുകയും ചെയ്തു.

ഗോള്‍ക്ഷാമം നേരിടുന്ന ഈ ലോകകപ്പില്‍ മനോഹര ഗോളുകള്‍ക്കുവേണ്ടിയുള്ള മോഹം അത്യാഗ്രഹമായി മാറിയ സമയത്താണ് രണ്ട് കിണ്ണംകാച്ചി, കിടിലന്‍, തകര്‍പ്പന്‍, കരുത്തന്‍, ബൊംബാസ്റ്റിക് ഗോളുകളുമായി അഹ്മദ് മൂസയുടെ അവതാരപ്പിറവി. അര്‍ജന്റീനയെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവശ്യമായ ജയത്തിനായി ഐസ്‌ലാന്റുകാര്‍ കൈമെയ് മറന്ന് പൊരുതുമ്പോഴായിരുന്നു മോസസിന്റെ ക്രോസില്‍ നിന്നുള്ള മൂസയുടെ വെടിയുണ്ട ഗോള്‍. തിരിച്ചുവരാനുള്ള യൂറോപ്യരുടെ ശ്രമങ്ങള്‍ക്കിടെ കരുത്തും കണക്കുകൂട്ടലും കവിതയും ചാലിച്ച വന്യഭംഗിയുള്ള മറ്റൊരു ഗോളിലൂടെ അയാള്‍ തന്നെ കളിയുടെ വിധി കുറിക്കുകയും ചെയ്തു.

അര്‍ജന്റീനയെ വരിഞ്ഞുമുറിക്കിയ ഐസ്‌ലാന്റ് ആയിരുന്നില്ല ഇന്ന് മൈതാനത്ത്. 442 ശൈലിയില്‍ തുടങ്ങിയ അവര്‍ വിജയം അതീവമായി ആഗ്രഹിക്കുന്ന കളിയാണ് കളിച്ചത്. രണ്ട് അറ്റാക്കര്‍മാരെ മുന്നില്‍ നിര്‍ത്തിയുള്ള കളിക്ക് മിഡ്ഫീല്‍ഡര്‍മാരായ സൈഗുഡ്‌സന്റെയും ഗുണാര്‍സന്റെയും കയ്യയഞ്ഞ സഹായമുണ്ടായിരുന്നു. വശങ്ങളില്‍ നിന്ന് ഗോള്‍മുഖത്തേക്ക് തൂങ്ങിയിറങ്ങിയ ക്രോസുകള്‍ മൂന്നംഗ നൈജീരിയന്‍ ഡിഫന്‍സിനെയും ഗോള്‍കീപ്പര്‍ ഉസോഹോയെയും വിഷമിപ്പിച്ചു. എതിരാളികള്‍ ആക്രമിക്കുമ്പോള്‍ ഐസ്‌ലാന്റ് ആറു പേരെ ബോക്‌സിലേക്കു വിളിച്ച് കോട്ടകെട്ടി.

352 എന്ന ശൈലിയിലുള്ള നൈജീരിയന്‍ പടയൊരുക്കത്തില്‍ ജോണ്‍ ഓബി മൈക്കലിനായിരുന്നു മൈതാനമധ്യത്തുനിന്ന് നിയന്ത്രിക്കാനുള്ള ചുമതല. മുന്‍നിരയില്‍ ഇഹ്യാനച്ചോയും മൂസയും. വശങ്ങളില്‍ നിന്ന് മോസസിന്റെയും ഇഡോവുവിന്റെയും സഹായങ്ങള്‍. പിന്നിലുള്ള മൂന്നുപേരെ സഹായിക്കലും പന്തുമായി മുന്നോട്ടുകയറി പടനയിക്കലും എതിരാളികളില്‍ നിന്ന് വീണ്ടെടുക്കലുമൊക്കെയായി മൈക്കലിന് നല്ല തിരക്കായിരുന്നു. ഉയരക്കാരായ ഐസ്‌ലാന്റ് ആക്രമണകാരികളെ തടഞ്ഞുനിര്‍ത്താന്‍ മൂന്നംഗ പ്രതിരോധം നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇരുഗോള്‍ മുഖത്തും അവസരങ്ങളുണ്ടായെങ്കിലും എവിടെയും പന്തുകയറാതെ ആദ്യപകുതി അവസാനിച്ചു.

ഇടവേളക്കു ശേഷം ഐസ്‌ലാന്റ് കളിയൊന്ന് മാറ്റിപ്പിടിച്ച പോലെ തോന്നി. കാത്തിരുന്ന് പ്രത്യാക്രമണം നയിക്കുന്നതിനു പകരം വശങ്ങളിലൂടെ ആക്രമിക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ നൈജീരിയന്‍ ബോക്‌സ് വിറകൊണ്ടു. ഏതുനിമിഷവും ഐസ്‌ലാന്റ് കളിയില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍. പക്ഷേ, ചില്ലിട്ടു വെക്കേണ്ടത്ര കുറ്റമറ്റ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ, ആരെയും അമ്പരപ്പിക്കുന്ന അതിന്റെ തകര്‍പ്പന്‍ ക്ലൈമാക്‌സിലൂടെ നൈജീരിയ ഗോളടിച്ചു. അതൊരു ഒന്നൊന്നര ഗോളായിരുന്നു. ഒരുപക്ഷേ, ഉത്ഭവം മുതല്‍ പരിശോധിക്കുമ്പോള്‍ ഈ ടൂര്‍ണമെന്റിലെ മികച്ചത്.

നൈജീരിയന്‍ ഗോള്‍ ഏരിയയിലെ ഐസ്‌ലാന്റിന്റെ ത്രോ ഇന്നില്‍ നിന്നാണത് തുടങ്ങിയത്. നൈജീരിയ വീണ്ടെടുത്ത പന്ത് മൈതാനമധ്യം വഴി വലതുഭാഗത്ത് വിക്ടര്‍ മോസസിലേക്ക്. പന്തുമായികുതിച്ചോടിയ മോസസ് ബോക്‌സിന്റെ തൊട്ടരികില്‍ വെച്ച് പന്ത് ക്രോസ് ചെയ്യുന്നു. കളി കാണുന്ന നമ്മളും ഐസ്ലാന്റ് കളിക്കാരുമെല്ലാം കരുതുന്നത് ആ ക്രോസ് ഇടതുവിങില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഓടിക്കയറുന്ന ഇറ്റിബോക്കാണെന്നാണ്. അതിനൊത്ത് അവര്‍ പൊസിഷന്‍ ചെയ്യുന്നതിനിടെ വലതുവശത്ത് പന്ത് കാലില്‍ കൊളുത്തിയിറക്കി മൂസയുടെ അഭ്യാസം. ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഡിഫന്‍സിന് പ്രതികരിക്കാന്‍ കഴിയുംമുമ്പ് ക്വിന്റല്‍ കണക്കിന് ഭാരമുള്ളൊരു ഷോട്ടും. ഗോള്‍കീപ്പര്‍ക്ക് വല്ലതും ചെയ്യാനാകും മുമ്പ് പന്ത് വലയില്‍.

ആ ഗോള്‍ കളിയാകെ മാറ്റി. ഐസ്‌ലാന്റിന് പൊറുതി നല്‍കാതെ തലങ്ങും വിലങ്ങും നിന്ന് നൈജീരിയ ആക്രമണം. മോസസിന്റെയും എന്‍ഡിഡിയുടെയും ലോങ് റേഞ്ചറുകള്‍ ഭീഷണിയയുര്‍ത്തി കടന്നുപോയപ്പോള്‍ മൂസയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങി. സമയം നീങ്ങുന്നതിനനുസരിച്ച് സമ്മര്‍ദം കൂടിയ ഐസ്ലാന്റുകാര്‍ ആക്രമിക്കുന്നതിനിടെ മൂസയുടെ വ്യക്തിഗത മികവ് വീണ്ടും. ഇത്തവണ ഇടതുവിങില്‍ ഓമെറോവിന്റെ പാസ് സ്വീകരിച്ച് തന്നേക്കാള്‍ ബലിഷ്ഠനായ ഡിഫന്ററെ മറികടന്ന് ബോക്‌സിലേക്ക്. മുന്നോട്ടുകയറിയ ഗോള്‍കീപ്പറെ കബളിപ്പിച്ച് നിലത്ത് വീഴ്ത്തി ഗോളിനു മുന്നിലേക്ക്. ഗോള്‍വരയില്‍ എന്തിനും തയ്യാറായി നിന്ന രണ്ട് ഡിഫന്റര്‍മാര്‍ക്ക് അവസരം കൊടുക്കാതെ കണക്കുകൂട്ടിയുള്ളൊരു ഫിനിഷിങ്. കഥ കഴിഞ്ഞു. ഐസ്‌ലാന്റിനു ലഭിച്ച പെനാല്‍ട്ടി അവര്‍ക്ക് തിരിച്ചുവരാനുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. പക്ഷേ, സിഗൂര്‍സന്റെ പരിചയ സമ്പത്ത് കൊണ്ട് കാര്യമുണ്ടായില്ല. പന്ത് ക്രോസ്ബാറിനു മുകളിലൂടെ പറന്നപ്പോള്‍ നൈജീരിയക്കാര്‍ ആഘോഷം തുടങ്ങിയിരുന്നു.

ഇന്നലെ പുറത്താകുമെന്നുറച്ച അര്‍ജന്റീനക്കു കൂടിയാണ് മൂസയും കൂട്ടരും ഇന്ന് ജീവശ്വാസം പകര്‍ന്നത്. അതിനൊരു സ്‌പെഷ്യല്‍ നന്ദിയുണ്ട്. കഴിഞ്ഞ തവണ അര്‍ജന്റീനയുമായ കളിച്ചപ്പോള്‍ ഇതേ മൂസ രണ്ടു ഗോളടിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇരുകൂട്ടരും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടുമ്പോള്‍ ആരുടെ കണ്ണീരാവും ആ മരണമത്സരം വീഴ്ത്തുക?

ഡുറമലേ: കളിയിലെ മികച്ച പ്രകടനങ്ങളും വഴിത്തിരിവുകളുമൊക്കെ വേറെ ഉണ്ട്. അത് മറ്റാരെങ്കിലും എഴുതുമെന്ന് കരുതുന്നു. എനിക്ക് ആ മൂസാ ഗോളുകളുടെ കെട്ടിറങ്ങിയിട്ടില്ല

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്‌സില്‍ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി ആരാധകരെ ഞെട്ടിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു കളികളിലും മാര്‍കോ ജാണ്‍സന്റെ പന്തില്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാകുകയാണ് ചെയ്തത്. കന്നി സെഞ്ച്വറി കുറിച്ച തിലക് വര്‍മ 56 പന്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്നതും ശ്രദ്ധേയമായി.

ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

 

Continue Reading

Cricket

മഴ കാരണം ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കി; ആദ്യ ടി-20യില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

Published

on

കനത്ത മഴയും ഇടിമിന്നലും മൂലം ഒരു പകലിന്റെ മുഴുവൻ നഷ്ടപ്പെട്ടതോടെ ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ ആദ്യ ട്വന്റി 20യിൽ ആസ്ട്രേലിയക്ക് ജയം. പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത ഏഴ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 64 റൺസിലവസാനിച്ചു. 20 റൺസെടുത്ത അബ്ബാസ് അഫ്രീദിയാണ് പാക് നിരയിലെ ടോപ് സ്കോറർ.

ഹസീബുള്ള ഖാൻ (12), ഷഹീൻ ഷാ അഫ്രീദി (11) തുടങ്ങിയവർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപണർ സാഹിബ്സാദാ ഫർഹാൻ എട്ടു റൺസിന് പുറത്തായപ്പോൾ നായകൻ മുഹമ്മദ് റിസ്വാൻ പൂജ്യത്തിന് മടങ്ങി. സൂപ്പർ ബാറ്റർ ബാബർ അസം 3ഉം ഉസ്മാൻ ഖാൻ, സൽമാൻ ആഗ എന്നിവർ നാല് വീതം റൺസെടുത്ത് പുറത്തായി. സേവിയർ ബർത്തലെറ്റ്, നതാൻ ഇല്ലിസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഗ്ലെൻ മാക്സ്വവെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഒസീസിനെ മികച്ച സ്കോറിലെത്തിച്ചത്. 19 പന്തിൽ 43 റൺസെടുത്ത മാക്സ്വെല്ലാണ് ടോപ് സ്കോറർ. 21 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും പത്ത് റൺസെടുത്ത ടിം ഡേവിഡുമാണ് രണ്ടക്കം പിന്നിട്ട മറ്റു ബാറ്റർമാർ.

സ്വന്തം തട്ടകത്തിൽ പാകിസ്താനോട് എകദിന പരമ്പര 2-1 ന് നഷ്ടമായ ശേഷമാണ് ആസ്ട്രേലിയ ട്വന്റി 20 പരമ്പരക്ക് ഇറങ്ങിയത്.

Continue Reading

Badminton

ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി

ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. 

Published

on

ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ കിട്ടാതെ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.

പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ്എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

എന്നാല്‍ യാത്രയെ സംബന്ധിച്ച് താരങ്ങളും രക്ഷിതാക്കളുമടക്കം കായിക വിഭാഗത്തേയും വിദ്യാഭ്യാസ വകുപ്പിനേയും ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറാകുന്നില്ലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരങ്ങള്‍ ഇപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ തുടരുകയാണ്.

Continue Reading

Trending